ADVERTISEMENT

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ച ഏറ്റവും പ്രായം കുറ‍ഞ്ഞ താരമെന്ന റെക്കോർഡ് പാക്കിസ്ഥാന്റെ ഹസൻ റാസയിൽനിന്ന് തട്ടിയെടുക്കുന്നത് ഇനി അത്ര എളുപ്പമല്ല! രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കുറഞ്ഞ പ്രായപരിധി നിശ്ചയിച്ച സാഹചര്യത്തിലാണിത്. 14 വർഷവും 227 ദിവസവും പ്രായമുള്ളപ്പോഴാണ് ഹസൻ റാസ പാക്കിസ്ഥാനായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. ഐസിസിയുടെ പുതിയ നിയമപ്രകാരം 15 വയസ്സ് പൂർത്തിയായവർക്കു മാത്രമേ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനാകൂ. അണ്ടർ 19 ക്രിക്കറ്റിൽ ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കും ഈ നിയമം ബാധകമാണ്.

‘രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ താരങ്ങൾക്ക് കുറഞ്ഞ പ്രായം നിശ്ചയിച്ചുകൊണ്ടുള്ള നിയമത്തിന് ഐസിസി അംഗീകാരം നൽകി. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്. ഐസിസി ടൂർണമെന്റുകൾ, ദ്വിരാഷ്ട്ര പരമ്പരകൾ, അണ്ടർ 19 ക്രിക്കറ്റ് തുടങ്ങി എല്ലാ തലങ്ങളിലും ഈ നിയമം ബാധകമായിരിക്കും. പുരുഷ, വനിതാ, അണ്ടർ 19 ക്രിക്കറ്റ് മത്സരങ്ങളിൽ രാജ്യാന്തര തലത്തിൽ കളിക്കാൻ ഇനിമുതൽ കുറഞ്ഞ പ്രായപരിധി 15 വയസ്സായിരിക്കും’ – ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ 15 വയസ്സിനു താഴെയുള്ള താരങ്ങളെ കളത്തിലിറക്കേണ്ടി വന്നാൽ, അതാത് ടീമുകൾക്ക് ഐസിസിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങാം. ‘ഐസിസിയിൽ അംഗത്വമുള്ള ടീമുകൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ 15 വയസ്സിൽ താഴെയുള്ള താരങ്ങളെ കളത്തിലിറക്കണമെങ്കിൽ, മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. താരങ്ങളുടെ മത്സരപരിചയം, മാനസികാരോഗ്യം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക’ – പ്രസ്താവനയിൽ പറയുന്നു.

ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ താരങ്ങൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല. 1996–2005 കാലഘട്ടത്തിൽ പാക്കിസ്ഥാനു വേണ്ടി ഏഴു ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ച താരമാണ്, നിലവിൽ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ റെക്കോർഡുള്ള ഹസൻ റാസ. അതേസമയം, 16 വർഷവും 205 ദിവസവും പ്രായമുള്ളപ്പോൾ ദേശീയ ജഴ്സിയണിഞ്ഞ സച്ചിൻ തെൻഡുൽക്കറാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ജൂനിയർ.

English Summary: ICC Introduces Minimum Age Policy For Players To Play International Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com