ADVERTISEMENT

ദുബായ്∙ ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും ശാന്തനായ കളിക്കാരനിൽ ഒരാൾ മുൻ‌ ഇന്ത്യൻ നായകൻ എം.എസ്.ധോണിയെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഏതു പ്രതിസന്ധിഘട്ടത്തെയും ‘കൂൾ’ ആയി നേരിടുന്നയാളാണ് ധോണി. ക്യാപ്റ്റൻ ആയിരുന്നപ്പോഴും അല്ലായിരുന്നപ്പോഴും അതിനു വ്യത്യാസമുണ്ടായിട്ടില്ല. എന്നാൽ ധോണിയെ പ്രകോപിപ്പിക്കാൻ സാധിക്കുന്ന ഒരാൾ ആരാണ്?

ധോണിക്ക് അല്ലെങ്കിൽ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ളവർക്കു മാത്രം ഉത്തരം പറയാവുന്ന ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, ധോണിയുടെ പ്രിയ പത്നി സാക്ഷി തന്നെ. വ്യാഴാഴ്ച തന്റെ 32ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സാക്ഷി ഈ സത്യം വെളിപ്പെടുത്തിയത്.

ധോണി പ്രകോപിപ്പിക്കാൻ സാധിക്കുന്ന വ്യക്തി മറ്റാരുമല്ല, താൻ തന്നെയാണെന്നായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ. മാത്രമല്ല, ധോണിയെ അസ്വസ്ഥനാക്കാൻ സാധിക്കുന്ന ഒരേയൊരാൾ താൻ ആണെന്നും സാക്ഷി വ്യക്തമാക്കി. ‘ധോണി എല്ലാ കാര്യങ്ങളിലും ശാന്തനാണ്. ഏറ്റവും അടുപ്പമുള്ള ആളായതിനാൽ അദ്ദേഹത്തെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും സാധിക്കുന്ന ഒരാൾ ഞാൻ മാത്രമാണ്. ധോണി എന്നോട് ദേഷ്യം കാണിക്കാറുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്.’ – സാക്ഷി പറഞ്ഞു.

‘വീട്ടിൽ ധോണി ക്രിക്കറ്റ് ചർച്ച ചെയ്യാറില്ല. അത് അദ്ദേഹത്തിന്റെ ജോലിയാണ്. ജോലിയെക്കുറിച്ച് ഭാര്യയോടു കുട്ടിയോടും എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാൻ സാധിക്കില്ല. സിവ (ധോണിയുടേയും സാക്ഷിയുടേയും മകൾ) അനുസരിക്കുന്ന ഒരേയൊരാളും ധോണിയാണ്. അദ്ദേഹത്തിന്റെ അമ്മ പറഞ്ഞാൽ പോലും അവൾ കേൾക്കാറില്ല.’ സാക്ഷി പറഞ്ഞു.

ധോണിയെ പരിചയപ്പെടുന്ന സമയത്ത് അദ്ദേഹത്തിന് നീണ്ട മുടിയില്ലാതിരുന്നത് നന്നായിയെന്നും അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ധോണിയെ ശ്രദ്ധിക്കുക പോലുമില്ലായിരുന്നെന്നും സാക്ഷി പറഞ്ഞു. ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് നീണ്ടമുടിയായിരുന്നു ധോണിയുടെ ഹെയൽസ്റ്റൈൽ.

വ്യാഴാഴ്ച ദുബായിൽ നടന്ന ജന്മദിനാഘോഷത്തിൽ ധോണിയും സിവയും കൂടാതെ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ, അവരുടെ ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക്, സാനിയയുടെ സഹോദരി അനം തുടങ്ങിയവരും പങ്കെടുത്തു. എല്ലാവരും ഒരുമിച്ചുള്ള ചിത്രം സാനിയ മിർസ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

English Summary: Sakshi Dhoni names the only person who can upset or provoke MSD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com