ADVERTISEMENT

ബെംഗളൂരു ∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതു മുതൽ വിവാദങ്ങളുടെ നടുവിലായ സൂപ്പർ ബാറ്റ്സ്മാൻ രോഹിത് ശർമ ഇതാദ്യമായി പരസ്യ പ്രതികരണവുമായി രംഗത്ത്. മറ്റുള്ളവർ പറയുന്നതെന്താണെന്നു തനിക്കറിയില്ലെന്നും ബിസിസിഐയുമായി താൻ ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണു രോഹിത്തിന്റെ വിശദീകരണം. വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണു രോഹിത്തിന്റെ പ്രതികരണം. ഐപിഎലിനിടെ സംഭവിച്ച പരുക്കിന്റെ പേരിൽ രോഹിത്തിനെ ആദ്യം ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയെങ്കിലും മുംബൈ ഇന്ത്യൻസിനൊപ്പം താരം കളിക്കാനിറങ്ങിയതോടെ വിമർശനമുയർന്നിരുന്നു.

ഫൈനലിൽ തകർപ്പൻ പ്രകടനം നടത്തി മുംബൈയെ രോഹിത് കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. രോഹിത് പുറത്തായതോടെ, ഏകദിനത്തിലും ട്വന്റി20യിലും വൈസ് ക്യാപ്റ്റൻ സ്ഥാനം ബിസിസിഐ കെ.എൽ.രാഹുലിനു നൽകിയിരുന്നു. എന്നാൽ പിന്നീട്, ടെസ്റ്റ് ടീമിലേക്ക് രോഹിത്തിനെ തിരിച്ചുവിളിച്ചു. പക്ഷേ, അപ്പോഴും താരത്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തിവരികയാണു താരം. രോഹിത് പറഞ്ഞത്:

എനിക്കൊന്നുമറിയില്ല

സത്യസന്ധമായി പറഞ്ഞാൽ, എന്താണു സംഭവിക്കുന്നതെന്നും എല്ലാവരും എന്താണ് എന്നെപ്പറ്റി പറയുന്നതെന്നും എനിക്കറിയില്ല. ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ബിസിസിഐയുമായും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റുമായും ഞാൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇപ്പോഴും നടത്തുന്നു.

എന്തുകൊണ്ട് മുംബൈ

പരുക്കു പറ്റിയെങ്കിലും മുംബൈയ്ക്കായി കളത്തിലിറങ്ങാൻ ഞാൻ തയാറായതിനു കാരണങ്ങളുണ്ട്. ട്വന്റി20 ചെറിയ ഫോർമാറ്റാണ്. കുറഞ്ഞ സമയമേ അവിടെ കളിയുള്ളൂ. അതു കൈകാര്യം ചെയ്യാൻ എനിക്കു കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണു ഫൈനലിൽ ഉൾപ്പെടെ ടീമിനെ നയിക്കാൻ ഞാൻ ഇറങ്ങിയത്. എന്റെ കടമ, ഞാൻ നിറവേറ്റി; അത്രമാത്രം.

എന്താണു  പരുക്ക്

ഇടതുകാലിലെ പേശിക്കാണു പരുക്കേറ്റത്. ഇപ്പോൾ എല്ലാം ശരിയായി വരുന്നു; എന്നാലും പൂർണമായി ശരിയായിട്ടില്ല. 12 ദിവസത്തിനിടെ 6 മത്സരങ്ങൾ കളിക്കേണ്ടതിനാലാണു ട്വന്റി20, ഏകദിന പരമ്പരകളിൽനിന്നു പിൻമാറിയത്. പരുക്കിൽനിന്നു പൂർണ മുക്തനാവാനുള്ള പരിശീലനമാണ് ഇപ്പോൾ ഇവിടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തുന്നത്. എനിക്കൊപ്പം ഇഷാന്ത് ശർമയും ഇവിടെയുണ്ട്. ടെസ്റ്റ് മത്സരങ്ങൾക്ക് ഇറങ്ങും മുൻപായി ഞാൻ പൂർണമായും ഫിറ്റാണെന്ന് എനിക്കുതന്നെ ഉറപ്പുവരുത്തണമെന്നുള്ളതുകൊണ്ടാണു മുംബൈയിൽനിന്ന് ഇവിടെവന്നു പരിശീലനം നടത്തുന്നത്.

എന്നെ വെറുതെവിടൂ

ഓസ്ട്രേലിയയിലേക്കു ‍ഞാൻ പോകുമോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട് ആരൊക്കെ, എന്തൊക്കെ ചർച്ചയാണു നടത്തിയത്? ഞാനതൊന്നും കാര്യമായി എടുത്തിട്ടില്ല. പരുക്കു പറ്റി; ശരിയാണ്. പക്ഷേ, എങ്ങനെ അതിൽനിന്നു സുഖംപ്രാപിക്കാമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. അതിനുള്ള തയാറെടുപ്പുകളും ഞാൻ നടത്തി. എനിക്ക് അതത്ര പ്രയാസമായി തോന്നിയില്ല. പക്ഷേ, ചിലർ അതിനെപ്പറ്റി പലതും പറഞ്ഞ് കാര്യങ്ങൾ സങ്കീർണമാക്കി. എന്നെ വെറുതെ വിടൂ എന്നാണ് അവരോടു പറയാനുള്ളത്. 

Content Highlights: Rohit Sharma, Team India, Indian Cricket Team, BCCI, Mumbai Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com