ADVERTISEMENT

ബെംഗളൂരു∙ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതു മുതൽ തുടങ്ങിയതാണ് രോഹിത് ശർമയെ ചുറ്റിപ്പറ്റിയുള്ള വിവാദം. ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടർന്നു രോഹിത്തിനെ ഒരു ഫോർമാറ്റിലും തിരഞ്ഞെടുക്കാത്തതിനെ തുടർന്നാണ് ചർച്ച ആരംഭിച്ചത്. ഏകദിനത്തിലും ട്വന്റി20യിലും രോഹിത്തിനുണ്ടായിരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനം കെ.എൽ.രാഹുലിന് നൽകുകയും ചെയ്തു. എന്നാൽ ഐപിഎൽ ഫൈനലിൽ ഉൾപ്പെടെ രോഹിത് തിളങ്ങിയതോടെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി.

എങ്കിലും രോഹിത് ശർമയുടെ പരുക്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി രോഹിത് ശർമ ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്. ഇതിനിടെ തന്റെ പരുക്കിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശർമ. വാർത്താ ഏജൻസിയായ പിടിഐയോടാണ് രോഹിത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘സത്യസന്ധമായി പറഞ്ഞാൽ, എന്താണ് സംഭവിക്കുന്നതെന്നും എല്ലാവരും എന്താണ് സംസാരിക്കുന്നതെന്നും എനിക്കറിയില്ല. എന്നാൽ ഒരു കാര്യം വ്യക്തമാക്കട്ടെ, ബിസിസിഐയുമായും മുംബൈ ഇന്ത്യൻസ് അധികൃതരുമായും ഞാൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.’ – രോഹിത് ശർമ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഐപിഎല്ലിൽ ഫൈനലിൽ 50 പന്തിൽ 68 റൺസെടുത്ത് രോഹിത്, മുംബൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

ചെറിയ ഫോർമാറ്റായതിനാൽ കളിക്കുന്നതിൽ പ്രശ്നമില്ലെന്ന് മുംബൈ ഇന്ത്യൻ‌സിനോട് വ്യക്തമാക്കി. സ്ഥിതി കൈകാര്യം െചയ്യാൻ കഴിയുമെന്നും അറിയിച്ചു. പരുക്ക് ഭേദമായി. ഇപ്പോൾ കഠിന പരിശീലനത്തിലാണ്. ദൈർഘ്യമേറിയ ഫോർമാറ്റ് കളിക്കുന്നതിനു മുൻപ് ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതിനാലാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വന്നതെന്നും രോഹിത് പറഞ്ഞു.

പുറത്തുനടക്കുന്ന വിവാദങ്ങളും താരത്തെ ബാധിക്കുന്നില്ല. ‘ഞാൻ ഓസ്ട്രേലിയൻ ടീമിലുണ്ടാകുമോ എന്നതു സംബന്ധിച്ച് മറ്റാരെങ്കിലും ചർച്ച ചെയ്യുന്നത് എന്റെ വിഷയമല്ല. പരുക്കേറ്റാൽ ആദ്യ രണ്ടു ദിവസം, അടുത്ത 10 ദിവസം എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നും ഇനിയും കളിക്കാൻ സാധിക്കുമോ എന്നുമായിരിക്കും എന്റെ ചിന്ത. ഗ്രൗണ്ടിൽ എത്താതെ ഒരാളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല.’ രോഹിത് പറഞ്ഞു.

11 ദിവസത്തിനിടെ 6 മത്സരങ്ങൾ കളിക്കേണ്ടതിനാലാണ് ഏകദിന, ട്വന്റി20 മത്സരങ്ങളിൽനിന്ന് വിട്ടുനിന്നതെന്നും രോഹിത് ശർമ പറഞ്ഞു. ടെസ്റ്റ് പരമ്പര ഡിസംബർ 17നെ ആരംഭിക്കൂ എന്നതിനാൽ ഏകദേശം മൂന്നാഴ്ച പരിശീലനത്തിനും വിശ്രമത്തിനുമായി സമയം കിട്ടുമെന്നും രോഹിത് ചൂണ്ടിക്കാട്ടി. ഈ മാസം 27നാണ് ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം.

English Summary: "Don't Know What Was Going On": Rohit Sharma Breaks Silence On Controversy Surrounding Hamstring Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com