sections
MORE

ആ ‘തുറിച്ചുനോട്ട’ത്തിനു ശേഷം കോലി പറഞ്ഞത് ഇതാണ്: തുറന്നുപറഞ്ഞ് സൂര്യകുമാർ

suryakumar-yadav-virat-kohli
മുംബൈ ഇന്ത്യൻസ്– ആർസിബി മത്സരത്തിനിടെ സൂര്യകുമാർ യാദവും വിരാട് കോലിയും തമ്മിലുണ്ടായ വാക്കേറ്റം
SHARE

ന്യൂഡൽഹി∙ ഐപിഎൽ 13–ാം സീസണിൽ സ്ഥിരമായ‌ി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ചുരുക്കംചില താരങ്ങളിൽ ഒരാളായിരുന്നു മുംബൈ ഇന്ത്യൻസ് അംഗം സൂര്യകുമാർ യാദവ്. ഒന്നിലധികം മത്സരങ്ങളിൽ സൂര്യകുമാർ യാദവിന്റെ പ്രകടനമികവുകൊണ്ടു മാത്രം മുംബൈ ഇന്ത്യൻസ് വിജയിച്ചിരുന്നു. എന്നാൽ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അസാന്നിധ്യംകൊണ്ട് ‘ശ്രദ്ധേയൻ’ ആകാനായിരുന്നു സൂര്യകുമാറിന്റെ യോഗം.

ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ സാധിക്കാതിരുന്നതിലുള്ള വിഷമം സൂര്യകുമാർ യാദവ് തുറന്നുപറയുകയും ചെയ്തു. ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചശേഷം, ഒക്ടോബർ 28ന് നടന്ന മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം സൂര്യകുമാറും കോലിയും നേർക്കുനേർ വന്നെന്ന രീതിയിൽ ശ്രദ്ധനേടിയിരുന്നു. അന്ന് മുംബൈയെ വിജയത്തിലെത്തിച്ച സൂര്യകുമാറും കോലിയും തമ്മിലുണ്ടായ ചെറിയ ‘കലിപ്പും’ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി. എന്നാൽ മത്സരശേഷം കോലിയും താനും നടത്തിയ സംഭാഷണം എന്തായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സൂര്യകുമാർ യാദവ്.

മത്സരത്തിൽ, ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക്, കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ ഇന്നിങ്സിലൂടെയാണ് സൂര്യകുമാർ വഴികാട്ടിയത്. 43 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ സൂര്യ അടിച്ചുകൂട്ടിയത് 79 റൺസ്! മുംബൈ 5 വിക്കറ്റിന് വിജയിക്കുകയും ചെയ്തു. തോറ്റാൽ പ്ലേ ഓഫ് സാധ്യത മങ്ങുമെന്ന് അറിയാവുന്ന കോലി, മത്സരത്തിലുടനീളം ടീമിനെ പ്രചോദിപ്പിച്ച് നിർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു. സൂര്യകുമാറിന്റെ ഇന്നിങ്സ് ബാംഗ്ലൂർ വിജയത്തിന് തടസ്സമായേക്കാമെന്ന തോന്നലിൽ, താരവുമായി ഉരസാനായിരുന്നു കോലിയുടെ ശ്രമം.

ഡെയ്ൽ സ്റ്റെയ്ൻ എറിഞ്ഞ 13–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ രണ്ടും മൂന്നു പന്തുകൾ ബൗണ്ടറി കടത്തിയ സൂര്യകുമാർ, അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി കണ്ടെത്തി. ഇതോടെ മുംബൈ സ്കോർ 99ലെത്തി. സൂര്യകുമാർ 40 റൺസും പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ ശ്രദ്ധാപൂർവം ബാറ്റുവച്ച സൂര്യ, പന്ത് പതുക്കെ തട്ടിയിടുക മാത്രം ചെയ്തു.

ഈ പന്ത് പിടിച്ചെടുത്ത കോലി, എന്തോ പറഞ്ഞുകൊണ്ട് സൂര്യകുമാറിന് സമീപത്തേക്ക് നടന്നടുക്കുകയായിരുന്നു. കളത്തിൽ മേധാവിത്തം പിടിച്ചെടുക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത കോലിയുടെ വരവിൽ സൂര്യകുമാർ തെല്ലും പതറിയില്ല. മാത്രമല്ല, കോലിയുടെ നോട്ടത്തെ അതേ തീവ്രതയോടെ തന്നെ നേരിടുകയും ചെയ്തു. പന്തിൽ വിയർപ്പ് തേച്ച് അരികിലേക്ക് നടന്നെത്തിയ കോലിയെ നിന്നപടി തുറിച്ചുനോക്കുന്ന സൂര്യകുമാറിന്റെ വിഡിയോ വൈറലായി. പന്തുമായി നടന്നെത്തിയ കോലി സൂര്യകുമാറിന് തൊട്ടടുത്ത് നിലയുറപ്പിക്കുന്നതും വിഡിയോയിൽ കാണാം.

പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കിയാകണം, കോലി അടുത്തെത്തുന്നതുവരെ തുറിച്ചുനോക്കി നിന്ന സൂര്യകുമാർ പിന്നീട് ഒന്നും മിണ്ടാതെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടന്നുപോകുകയും ചെയ്തു. കോലി സൂര്യകുമാരിന്റെ പോക്ക് നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. കോലിയുടെ സ്ലെജിങ് ശ്രമം തകർത്തെന്ന് മാത്രമല്ല, അവിടുന്നങ്ങോട്ടും തകർത്തടിച്ച സൂര്യകുമാർ ടീമിനെ വിജയത്തിലെത്തിച്ചശേഷം മാത്രമാണ് പോരാട്ടം അവസാനിപ്പിച്ചത്.

എന്നാൽ മത്സരശേഷം, തന്റെ പ്രകടനത്തെ കോലി അഭിനന്ദിച്ചതായി സൂര്യകുമാർ പറഞ്ഞു. ‘എല്ലാ മത്സരത്തിലും കോലിയെ ഇത്തരത്തിൽ ഊർജ്ജസ്വലനായി കണ്ടിട്ടുണ്ട്. ഐപിഎല്ലിൽ ആണെങ്കിലും ഇന്ത്യൻ ടീമിനായി കളിക്കുമ്പോഴാണെങ്കിലും അദ്ദേഹത്തിന്റെ ആക്രമണോത്സുകത എല്ലായ്പ്പോഴും ശ്രദ്ധേയമാണ്. അവർക്ക് (ആർ‌സി‌ബി) അത് ഒരു പ്രധാന മത്സരമായിരുന്നു. മത്സരശേഷം കോലി സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.’ – ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് പറഞ്ഞു. അത് ഒന്നുമfല്ല. ആ നിമിഷത്തിന്റെ ഒരു ചൂടു മാത്രമാണ്. ഇത് ഇത്രയധികം ചർച്ചയായതിൽ ആശ്ചര്യമുണ്ടെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

English Summary: Suryakumar Yadav Reveals Conversation With Virat Kohli After Stare-Off Incident In IPL 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA