ADVERTISEMENT

കോവിഡ് പ്രതിസന്ധി മറികടന്ന് ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യ– ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങൾ, ട്വന്റി20 മത്സരങ്ങൾ, ടെസ്റ്റ് മത്സരങ്ങൾ എന്നിങ്ങനെയാണ് പരമ്പരയുടെ ഷെഡ്യൂൾ.

ലോകക്രിക്കറ്റിലെ ശക്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന്റെ വാക്കുകൾ. സ്‍ലെഡ്ജിങ് നടന്നാലും പരമാവധി ഒഴിഞ്ഞു മാറാനാണു തീരുമാനമെന്നാണു ഡേവിഡ് വാർണർ കഴിഞ്ഞ ദിവസം പറഞ്ഞത്.

താരങ്ങളെ മോശം വാക്കുകളാൽ അപമാനിച്ച് ശ്രദ്ധ തെറ്റിക്കുന്നതിൽ ഏറ്റവും ‘മിടുക്കരാണ്’ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയുടെ സ്‍ലെഡ്ജിങ് കാരണം പതറിയ എതിരാളികളും ഏറെ. ഡേവിഡ് വാർണറെപ്പോലെ ഓസീസ് ടീമൊന്നാകെ സ്‍ലെഡ്ജിങ് ഒഴിവാക്കുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്. ഇന്ത്യൻ താരങ്ങളുടെ നേർക്ക് മോശം വാക്കുകൾ പ്രയോഗിച്ച് വായടപ്പിക്കുന്ന മറുപടികൾ വാങ്ങിയ സംഭവങ്ങളും ഓസ്ട്രേലിയയുടെ ‘സ്‍െലഡ്ജിങ് ചരിത്രത്തിലുണ്ട്’. 

നിലവിലെ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി മുതൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വരെ ‘ചൊറിയാനെത്തിയ’ ഓസീസ് താരങ്ങളെ ‘മാന്തിവിട്ട’ ഇന്ത്യൻ താരങ്ങളുടെ നിരയിലുണ്ട്. അത്തരം ചില സംഭവങ്ങൾ ചുവടെ.

വിരാട് കോലി, ജെയിംസ് ഫോക്നർ
വിരാട് കോലി, ജെയിംസ് ഫോക്നർ

∙ വിരാട് കോലി– ജെയിംസ് ഫോക്നർ

മോശം വാക്കുകൾ ഉപയോഗിച്ചതിന് വിരാട് കോലിയുടെ കയ്യിൽനിന്ന് കണക്കിന് കിട്ടിയ ഓസ്ട്രേലിയൻ ബോളറാണ് ജെയിംസ് ഫോക്നർ. 2016ൽ ഏകദിന, ട്വന്റി 20 പരമ്പരകൾക്കായി ടീം ഇന്ത്യ ഓസ്ട്രേലിയയിലെത്തിയപ്പോഴായിരുന്നു സംഭവം. മൂന്നാം ഏകദിനത്തിൽ വിരാട് കോലി 73 റൺസെടുത്തു നിൽക്കുന്നു. ഈ സമയത്താണ് കോലിയെ പ്രകോപിപ്പിക്കുക ലക്ഷ്യമിട്ട് ഫാസ്റ്റ് ബോളർ എത്തുന്നത്.

ഫോക്നറുടെ വാക്കുകളിൽ ചിലത് സ്റ്റംപ് മൈക്കിലും പതിഞ്ഞു. വെറുതെ ഊർജം കളയുകയാണെന്നായിരുന്നു ഇതിന് കോലി നൽകിയ മറുപടി. എന്റെ ജീവിതത്തിൽ വേണ്ടത്രയും ഞാൻ നിങ്ങളെ അടിച്ചുപറത്തിയിട്ടുണ്ട്. പോയി പന്തെറിയൂ– കോലി പറഞ്ഞു. 117 റൺസാണ് ഈ മത്സരത്തിൽ കോലി നേടിയത്. പക്ഷേ ഇന്ത്യ തോറ്റു.

∙ വിരേന്ദർ സെവാഗ്– മൈക്കൽ ക്ലാർക്ക്

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രിയപ്പെട്ട സ്ലെ‍‍ഡ്ജിങ് സാഹചര്യങ്ങളിലൊന്നാണിത്. 2003–04ൽ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു ഇന്ത്യ. ഓസ്ട്രേലിയ എ ടീമുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നു. പേശീവലിവ് കാരണം ബുദ്ധിമുട്ടിയിരുന്ന സച്ചിൻ ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോൾ അന്ന് യുവതാരമായിരുന്ന മൈക്കൽ ക്ലാർക്ക് സച്ചിനെ അപമാനിച്ചു. ഏറെ പ്രായമായ സച്ചിൻ തിരികെ പോകുന്നതാണു നല്ലതെന്നായിരുന്നു ക്ലാർക്കിന്റെ കണ്ടെത്തല്‍. പക്ഷേ സച്ചിൻ ഇതിനു മറുപടിയൊന്നും നൽകിയില്ല.

എന്നാൽ സെവാഗ് ക്ലാർക്കിന്റെ പ്രായം എത്രയാണെന്നു ചോദിച്ചു വിഷയത്തിൽ ഇടപെട്ടു. ക്ലാര്‍ക്കിന്റെ പ്രായത്തേക്കാളും സെഞ്ചുറികൾ സ്വന്തമാക്കിയ ഇതിഹാസമാണ് സച്ചിനെന്നും സെവാഗ് മറുപടി നൽകി. ക്ലാർക്ക് വിമർ‌ശനങ്ങൾ തുടർന്നതോടെ സെവാഗ് ചോദിച്ചു– നിങ്ങൾ ഏത് ഡോഗ് ബ്രീഡിൽ പെട്ടതാണ്?. ഈ സമയത്ത് ക്ലാർക്കിനെ സഹതാരങ്ങൾ ‘പപ്’ എന്നാണു വിളിച്ചിരുന്നത്.

∙ രവി ശാസ്ത്രി– മൈക്ക് വിറ്റ്നി

1991–92 ൽ ഓസ്ട്രേലിയയിൽ ഇന്ത്യ കളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഓസ്ട്രേലിയന്‍ ടീമിൽ 12–ാമനായി കളിക്കുകയാണ് വിറ്റ്നി. വിറ്റ്നിക്കു നേരെ പന്ത് അടിച്ച ശേഷം സ്ട്രൈക്ക് കൈമാറാൻ ശ്രമിച്ച ശാസ്ത്രി പിന്നീട് അതു വേണ്ടെന്നുവച്ചു. ഇതോടെ ക്രീസിൽനിന്നില്ലെങ്കിൽ ശാസ്ത്രിയുടെ തല തകർക്കുമെന്ന് വിറ്റ്നി ഭീഷണി മുഴക്കി. പിന്നാലെ ശാസ്ത്രിയുടെ മറുപടിയെത്തി– നിങ്ങൾ സംസാരിക്കുന്നതു പോലെ പന്തെറിയാൻ സാധിച്ചിരുന്നെങ്കിൽ 12–ാമനായി കളിക്കേണ്ടിവരില്ലായിരുന്നു.

വിൻഡീസ് താരം രാംനരേഷ് സർവനും ഗ്ലെൻ മഗ്രോയും തമ്മിലുള്ള വാക്കേറ്റവും ഓസ്ട്രേലിയൻ സ്ലെഡ്ജിങ്ങിൽ കുപ്രസിദ്ധമാണ്. സിംഗിളിന് ശ്രമിക്കുന്നതിനിടെ സർവനെ മഗ്രോ അശ്ലീലവാക്കുകൾ ഉപയോഗിച്ച് പരിഹസിക്കുകയായിരുന്നു. ‘പോയി നിന്റെ ഭാര്യയോടു ചോദിക്കൂ’ എന്നാണു സർവൻ ഇതിന് മറുപടി നൽകിയത്. ഈ സമയത്ത് മഗ്രോയുടെ ഭാര്യ കാൻസർ ചികിത്സയിലായിരുന്നു. ഇതോടെ പ്രകോപിതനായ മഗ്രോ സർവനെതിരെ വീണ്ടും തെറിവാക്കുകൾ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

English Summary: 3 instances when Australian cricketers got fitting replies for their sledging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com