ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും കൂറ്റൻ സ്കോർ വഴങ്ങി ദയനീയമായി തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഗൗതം ഗംഭീർ. ജസ്പ്രീത് ബുമ്രയെ കൈകാര്യം ചെയ്യുന്നതിൽ കോലിക്ക് പിഴവു പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ, കോലിയുടെ ക്യാപ്റ്റൻസിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇത് ട്വന്റി20 മത്സരമല്ലെന്നും ഗംഭീർ കോലിയെ ഓർമപ്പെടുത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസീസ് ബാറ്റ്സ്മാൻമാർക്കു മുന്നിൽ ഇന്ത്യൻ ബോളർമാർ നിരായുധരായിപ്പോയതോടെ ആതിഥേയർ കൂറ്റൻ വിജയലക്ഷ്യമാണ് സന്ദർശകർക്കു മുന്നിലുയർത്തിയത്. ബാറ്റ്സ്മാൻമാർ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും കൂറ്റൻ വിജയലക്ഷ്യം കയ്യെത്തിപ്പിടിക്കാനുമായില്ല. ഇതിനു പിന്നാലെയാണ് കോലിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗംഭീറിന്റെ രംഗപ്രവേശം.

ഒന്നാം ഏകദിനത്തിൽ 375 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 66 റൺസിനാണ് തോറ്റത്. രണ്ടാം ഏകദിനത്തിൽ 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് 51 റണ്‍സിനും തോറ്റു. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അതിവേഗ സെഞ്ചുറിയായിരുന്നു രണ്ടു മത്സരങ്ങളിലും ഓസീസ് ഇന്നിങ്സിലെ ഹൈലൈറ്റ്. രണ്ടു തവണയും വെറും 62 പന്തിൽനിന്നാണ് സ്മിത്ത് സെഞ്ചുറി തികച്ചത്. രണ്ടു മത്സരങ്ങളിലും കൂറ്റൻ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് കോലിയുടെ ക്യാപ്റ്റൻസിയുടെ സ്ഥിരം വിമർശകരനായ ഗംഭീർ നിലപാട് കടുപ്പിച്ചത്. ബോളർമാരെ കൈകാര്യം ചെയ്യുന്നതിൽ കോലി പൂർണ പരാജയമായിരുന്നുവെന്ന് ഗംഭീർ വിലയിരുത്തി. ന്യൂബോളിൽ ജസ്പ്രീത് ബുമ്രയ്ക്ക് രണ്ട് ഓവർ മാത്രം ബോൾ ചെയ്യാൻ നൽകിയ കോലിയുടെ തീരുമാനത്തെ ഗംഭീർ വിമർശിച്ചു.

‘സത്യസന്ധമായി പറഞ്ഞാൽ കോലിയുടെ ക്യാപ്റ്റൻസി എനിക്കു മനസ്സിലാകുന്നതേയില്ല. ഓസ്ട്രേലിയയുടേതു പോലൊരു ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടണമെങ്കിൽ ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. എന്നിട്ടും ഇന്ത്യൻ ക്യാപ്റ്റൻ ടീമിന്റെ പ്രധാന ബോളർക്ക് (ജസ്പ്രീത് ബുമ്ര) തുടക്കത്തിൽ നൽകിയത് രണ്ട് ഓവർ മാത്രം. സാധാരണ ഗതിയിൽ ഏകദിനത്തിൽ 4–3–3 ഓവറുകൾ വീതമുള്ള മൂന്ന് സ്പെല്ലുകളാണ് ഉണ്ടാകുക. അല്ലെങ്കിൽ പരമാവധി നാല് ഓവറുകൾ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘പക്ഷേ, ടീമിലെ പ്രധാന ബോളറെ ആദ്യത്തെ രണ്ട് ഓവർ മാത്രം എറിയിച്ചിട്ട് മാറ്റിയാൽ അതുകൊണ്ട് എന്തുഫലം? ഈ ക്യാപ്റ്റൻസി എനിക്ക് മനസ്സിലാകുന്നതേയില്ല. എന്താണ് ഈ ക്യാപ്റ്റൻസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല. ഇത് ട്വന്റി20 ക്രിക്കറ്റല്ലെന്ന് മറക്കരുത്. ഇന്ത്യയുടെ ക്യാപ്റ്റൻസി തീർത്തും ദയനീയമായിരുന്നുവെന്ന് പറയാതെ വയ്യ’ – ഗംഭീർ പറഞ്ഞു.

ആറാം ബോളറുടെ അഭാവമാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെങ്കിൽ ശിവം ദുബെ, വാഷിങ്ടൺ സുന്ദർ തുടങ്ങിയ താരങ്ങളെ പരീക്ഷിക്കണമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

‘വാഷിങ്ടൺ സുന്ദറിനോ ശിവം ദുബെയ്ക്കോ ടീമിലുള്ള മറ്റേതെങ്കിലും താരത്തിനോ ഇന്ത്യ അവസരം നൽകി ഏകദിനത്തിൽ അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതായിരുന്നു. ഇനി, ഈ സാഹചര്യത്തിൽ അവസരം നൽകാൻ പറ്റിയ ടീമിനൊപ്പം ഓസ്ട്രേലിയയിൽ ഇല്ലെങ്കിൽ അത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്. ഒരാളെ കളത്തിലിറക്കി പരീക്ഷിക്കാതെ രാജ്യാന്തര ക്രിക്കറ്റിന് അയാൾ എത്രത്തോളം യോജിച്ചതാണെന്ന് എങ്ങനെ മനസ്സിലാക്കും? ഇത്തരം കാര്യങ്ങൾക്കൊന്നും ഇന്ത്യ പ്രാധാന്യം നൽകാത്തത് ഈ പരമ്പരയിൽ തിരിച്ചടിക്കാൻ സാധ്യതയേറെയാണ്’ – ഗംഭീർ പറഞ്ഞു.

English Summary:Gautam Gambhir not happy with Virat Kohli’s handling of Jasprit Bumrah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com