ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും തള്ളിപ്പറഞ്ഞ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനെതിരെ സമൂഹമാധ്യമങ്ങളിൽ ‘ട്രോൾ’ പ്രവാഹം. ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ രവീന്ദ്ര ജഡേജയേയും ഹാർദിക് പാണ്ഡ്യയെയും പോലുള്ള താരങ്ങൾക്ക് തന്റെ ടീമിൽ ഇടമുണ്ടാകില്ലെന്ന മഞ്ജരേക്കറിന്റെ പ്രസ്താവനയാണ് ട്രോളുകൾക്ക് നിദാനം. രവീന്ദ്ര ജഡേജയ്‌ക്കെതിരായ പഴയ ‘പൊട്ടും പൊടിയും’ കമന്റിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ഓൾറൗണ്ടർമാരോടുള്ള താൽപര്യക്കുറവ് മഞ്ജരേക്കർ പരസ്യമാക്കിയത്.

ലിമിറ്റഡ് ഓവർ മത്സരങ്ങൾക്ക് ഇവരേപ്പോലുള്ള താരങ്ങൾ കൊള്ളില്ലെന്ന് മഞ്ജരേക്കർ പരിഹസിച്ചതിനു തൊട്ടു പിന്നാലെയാണ് ഇരുവരും തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ രക്ഷകരായത്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിൽ നിൽക്കെ ക്രീസിൽ ഒന്നിച്ച പാണ്ഡ്യയും ജഡേജയും ചേർന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 32–ാം ഓവറിൽ ഒരുമിച്ച ഇവരുടെ സഖ്യം, ശേഷിച്ച 108 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 150 റൺസാണ്. ഇന്ത്യ 13 റൺസിനു ജയിച്ച മത്സരത്തിൽ നിർണായകമായതും ഇവരുടെ കൂട്ടുകെട്ടു തന്നെ. ജഡേജ പിന്നീട് ബോളിങ്ങിലും തിളങ്ങി. ഏകദിനത്തിലെ തന്റെ ഉയർന്ന സ്കോർ കണ്ടെത്തിയ ഹാർദിക് പാണ്ഡ്യയായിരുന്നു കളിയിലെ കേമൻ.

∙ മഞ്ജരേക്കർ പറഞ്ഞത്...

തന്റെ പ്രശ്നം ജഡേജയല്ലെന്നും, ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ജഡേജയേപ്പോലുള്ള കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നതാണെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ വെളിപ്പെടുത്തിയിരുന്നു. കളിക്കാർക്ക് ഒന്നുകിൽ ബാറ്റിങ്ങിലോ അല്ലെങ്കിൽ ബോളിങ്ങിലോ വ്യക്തമായ കഴിവു വേണമെന്ന് ചൂണ്ടിക്കാട്ടിയ മഞ്ജരേക്കർ, ഹാർദിക് പാണ്ഡ്യ ആയാലും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ തന്റെ ടീമിൽ ഇടമുണ്ടാകില്ലെന്ന് വ്യക്തമാക്കി.

‘ഇതുവരെയുള്ള കരിയറിലും ജീവിതത്തിലുമായി ആർജിച്ചെടുത്ത അറിവും അനുഭവങ്ങളുമാണ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ വീക്ഷണങ്ങളെയും ചിന്തകളെയും സ്വാധീനിക്കുന്നത്. ഒരു പ്രത്യേക മേഖലയിൽ കളിവുള്ള താരങ്ങളുണ്ടെങ്കിൽ അവരെ ടീമിൽ ഉൾപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്. ജഡേജയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തേപ്പോലുള്ള താരങ്ങളെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കളിപ്പിക്കുന്നതിനോടാണ് എതിർപ്പ്’ – മഞ്ജരേക്കർ പറഞ്ഞു.

‘ഈ പറയുന്ന ഹാർദിക് പാണ്ഡ്യയ്ക്കു പോലും എന്റെ ടീമിൽ ഇടമുണ്ടാകില്ല എന്നതാണ് വാസ്തവം. അതുപോലുള്ള താരങ്ങൾ മിഥ്യാ ധാരണ സൃഷ്ടിക്കുന്നവരാണ്. യഥാർഥമല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് നമ്മെ തോന്നിക്കുന്നവർ. പക്ഷേ, ടെസ്റ്റ് ഫോർമാറ്റിൽ ജഡേജയുൾപ്പെടെയുള്ളവർക്ക് വലിയ റോളുണ്ടെന്ന് വിശ്വസിക്കുകയും അതു തുറന്നുപറയുകയും ചെയ്യുന്ന ആളുമാണ് ഞാൻ’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

∙ ‘പൊട്ടും പൊടിയും വിവാദം’

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്നു വിശേഷിപ്പിച്ച് മഞ്ജരേക്കർ വിവാദത്തിൽ ചാടിയിരുന്നു. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് സെമിയിൽ ഇന്ത്യൻ നിരയിൽ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നൽകി. ജഡേജ എപ്പിസോഡിനു പിന്നാലെ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായി ഉരസിയും മഞ്ജരേക്കർ വിവാദത്തിൽ ചാടി.

English Summary: Sanjay Manjrekar trolled after Hardik Pandya and Ravindra Jadeja slam unbeaten half-centuries in Canberra ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com