sections
MORE

ജഡേജയ്ക്കു പകരം ചെഹലിനെ ഇറക്കിയതിൽ ഭിന്നിച്ച് ക്രിക്കറ്റ് ലോകം

jadeja
രവീന്ദ്ര ജ‍ഡേജ മത്സരത്തിനിടെ.
SHARE

കാൻബറ ∙ ഒരു പകരക്കാരന്റെ പേരിൽ ക്രിക്കറ്റ് ലോകം പിച്ചിന്റെ രണ്ടറ്റത്തുമായി നിലയുറപ്പിക്കുമ്പോൾ കൺഫ്യൂഷനിലാണ് ആരാധകർ. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യ രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്‌വേന്ദ്ര ചെഹലിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറക്കിയ നടപടിയാണു വിവാദത്തിലായത്.

ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലാണു സംഭവം. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടു. നേരത്തേ, ജഡേജ പേശീവലിവു വന്നപ്പോൾ ഫിസിയോയുടെ സഹായം തേടിയിരുന്നു. 

മത്സരത്തിന്റെ ഇടവേളയിൽ ജഡേജയ്ക്കു പകരമായി താരത്തെ ഇറക്കാൻ ഇന്ത്യ മാച്ച് റഫറിക്ക് അപേക്ഷ നൽകി. മാച്ച് റഫറിയുടെ അംഗീകാരം കിട്ടിയതോടെ ചെഹൽ കളത്തിലിറങ്ങി. ഓസീസിന്റെ 3 വിക്കറ്റെടുത്ത് ഇന്ത്യയ്ക്കു വിജയമൊരുക്കുകയും ചെയ്തു.

നിയമം

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനിടെ ഒരു താരത്തിനു തലയ്ക്കു പരുക്കേറ്റാൽ അയാൾക്കു പകരമായി മാച്ച് റഫറിയുടെ അനുവാദത്തോടെ മറ്റൊരു താരത്തെ ഇറക്കാം (കൺകഷൻ റീപ്ലെയ്സ്മെന്റ്). പരുക്കേൽക്കുന്നയാൾക്കു തുല്യമായ (ലൈക് ടു ലൈക്) റോളുള്ളയാളാകണം പകരക്കാരനും. അതായത്, ബാറ്റ്സ്മാനു പരുക്കേറ്റാൽ ബാറ്റ്സ്മാൻ. ബോളർക്കു പരുക്കേറ്റാൽ ബോളർ. ബാറ്റ്സ്മാനു പകരമായി ഓൾറൗണ്ടറെ ഇറക്കാം; പക്ഷേ, അയാളെ ബോൾ ചെയ്യുന്നതിൽനിന്നു വിലക്കാൻ മാച്ച് റഫറിക്ക് അധികാരമുണ്ട്.

വിവാദം

ഓൾറൗണ്ടറായ ജഡേജയ്ക്കു പകരം ബോളറായ ചെഹലിനെ ഇറക്കിയതിനെതിരെ ഓസീസ് രംഗത്തുവന്നു. പക്ഷേ, ജഡേജയ്ക്കു ബോൾ ചെയ്യാനും കഴിയുമെന്നതിനാൽ തീരുമാനത്തിൽ തെറ്റില്ലെന്ന് ഇന്ത്യ വാദിക്കുന്നു. തലയ്ക്കു പന്തുകൊണ്ടപ്പോൾ ജഡേജ ഗ്രൗണ്ടിൽവച്ച് വൈദ്യസഹായം തേടിയില്ലെന്നാണു മറ്റൊരു ആരോപണം. 

ആദ്യം ലബുഷെയ്‌ൻ

2019ലെ ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചറുടെ പന്തു കഴുത്തിൽകൊണ്ടു പരുക്കേറ്റ ഓസീസിന്റെ സ്റ്റീവ് സ്മിത്തിനു പകരക്കാരനായി ഇറങ്ങിയ മാർനസ് ലബുഷെയ്‌നാണു രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്. കഴിഞ്ഞ ദിവസം ജഡേജയ്ക്കു പകരമിറങ്ങിയ ചെഹലാണു മാൻ ഓഫ് ദ് മാച്ചായ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്. 

ജഡേജ പുറത്ത്

മിച്ചൽ സ്റ്റാർക്കിന്റെ പന്തു തലയ്ക്കുകൊണ്ട ജഡേജയെ ട്വന്റി20 പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽനിന്ന് ഒഴിവാക്കി. ജഡേജ നിരീക്ഷണത്തിലാണെന്നും എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ വിശദമായ പരിശോധനകൾക്കു വിധേയനാക്കുമെന്നും ബിസിസിഐ അറിയിച്ചു. ജഡേജയ്ക്കു പകരം പേസർ ഷാർദൂൽ ഠാക്കൂറിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.

ഇന്ത്യയാണ് ശരി

ജഡേജയ്ക്കു പകരമായി ചെഹലിനെ ഇറക്കിയ ഇന്ത്യൻ നടപടിയിൽ തെറ്റില്ല. കാരണം, തലയ്ക്കു പന്തുകൊണ്ടാൽ 24 മണിക്കൂറിനുശേഷമേ എന്തെങ്കിലും പ്രശ്നങ്ങൾ പുറത്തുവരൂ. അതിനാൽ കൺകഷൻ നിയമം ഇന്ത്യ ഉപയോഗിച്ചതിൽ തെറ്റുപറയാനാവില്ല.

-വീരേന്ദർ സേവാഗ്

ദുരുപയോഗം പാടില്ല

ഉത്തരവാദിത്തതോടെ ഉപയോഗിക്കേണ്ട കൺകഷൻ നിയമം ദുരുപയോഗം ചെയ്യരുത്. താരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു നിയമം കൊണ്ടുവന്നത്. പരുക്കേൽക്കുന്ന ബാറ്റ്സ്മാനു റണ്ണറെ വയ്ക്കാനുള്ള നിയമം തെറ്റായി ഉപയോഗിക്കപ്പെട്ടതുപോലെ ഈ നിയമവും ടീമുകളുടെ താൽപര്യത്തിനായി ഉപയോഗിക്കപ്പെടരുത്.

-മാർക് ടെയ്‌ലർ

തീരുമാനത്തിൽ തെറ്റില്ല

ശരിയായ തീരുമാനമാണ്. നിയമം അതിന് അനുവാദം നൽകുമ്പോൾ ഇന്ത്യയ്ക്കെതിരെ ശബ്ദമുയർത്തുന്നതിനു ന്യായീകരണമില്ല. എന്നാൽ, ബൗൺസറുകൾ നേരിടാനുള്ള ഒരു ബാറ്റ്സ്മാന്റെ ദൗർബല്യത്തെ മറികടക്കാനുള്ള കൺകഷൻ നിയമത്തോടു യോജിപ്പില്ല.

- സുനിൽ ഗാവസ്കർ

സന്നാഹ മത്സരം ഇന്നു മുതൽ 

സിഡ്നി ∙ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുക്കമായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിനും ഇന്നു തുടക്കം. ഇന്ത്യ എ – ഓസ്ട്രേലിയ എ ടീമുകൾ തമ്മിലുള്ള ത്രിദിന മത്സരത്തിൽ  പൂജാര, ഹനുമ വിഹാരി,  രഹാനെ എന്നിവർ ഉൾപ്പെടെയുള്ളവർ ഇന്ത്യയ്ക്കായി ഇറങ്ങും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA