sections
MORE

അവസാന ഓവറിൽ പാണ്ഡ്യയുടെ ഇരട്ട സിക്സർ; ഇന്ത്യയ്ക്ക് ആവേശജയം, പരമ്പര

pandya-iyer-celebration
അവസാന ഓവറിൽ ഇരട്ട സിക്സറുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഹാർദിക് പാണ്ഡ്യയെ ശ്രേയസ് അയ്യർ അഭിനന്ദിക്കുന്നു. അവസാന ഓവർ ബോൾ ചെയ്ത ഡാനിയൽ സാംസിന്റെ നിരാശയും കാണാം (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

സിഡ്നി ∙ ആവേശം അവസാന ഓവറോളം കൂട്ടിനെത്തിയ ട്വന്റി20 പോരാട്ടത്തിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 195 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ ലക്ഷ്യത്തിലെത്തി. നഷ്ടമാക്കിയത് നാലു വിക്കറ്റ് മാത്രം. അവസാന ഓവറിൽ വിജയത്തിലേക്ക് 14 റൺസ് വേണ്ടിയിരിക്കെ ഇരട്ട സിക്സറുമായി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. പാണ്ഡ്യ 22 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12 റൺസുമായി ഹാർദിക്കിന് കൂട്ടുനിന്നു. കാൻബറയിൽ നടന്ന ഒന്നാം ട്വന്റി20യും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഏകദിന പരമ്പരയിൽ തോൽപ്പിച്ച ഓസീസിനോട് ഇന്ത്യയുടെ മധുര പ്രതികാരം. ഹാർദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.

ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ഒൻപതാം ജയമാണിതെന്ന പ്രത്യേകതയുമുണ്ട്. ഈ വേദിയിൽ 194 റൺസിനു മുകളിലുള്ള വിജയലക്ഷ്യം ഒരു ടീം വിജയകരമായി പിന്തുടരുന്നത് ഇത് രണ്ടാം തവണയാണ്. രണ്ടു തവണയും ജേതാക്കളായത് ഇന്ത്യ തന്നെ.

അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട ധവാൻ നാലു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോലി 24 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 40 റൺസെടുത്തു. ലോകേഷ് രാഹുൽ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസും നേടി. ഓപ്പണിങ് വിക്കറ്റിൽ 32 പന്തിൽനിന്ന് 56 റൺസടിച്ച് രാഹുൽ – ധവാൻ സഖ്യം നൽകിയ മികച്ച തുടക്കവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ സഞ്ജു സാംസൺ 10 പന്തിൽ 15 റൺസെടുത്ത് മടങ്ങി. ഓരോ സിക്സും ഫോറും സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ഓസീസിനായി ഡാനിയൽ സാംസ്, മിച്ചൽ സ്വെപ്സൺ, ആദം സാംപ, ആൻഡ്രൂ ടൈ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ ഇന്ത്യയ്ക്ക് ‘ശ്രേയസ്സാ’യി പാണ്ഡ്യ

ഒരു ഘട്ടത്തിൽ തോൽവിയുറപ്പിച്ച ഇന്ത്യയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യ – ശ്രേയസ് അയ്യർ കൂട്ടുകെട്ടിന്റെ അസാമാന്യ പ്രകടനമാണ് കരുത്തായത്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 20 പന്തിൽനിന്ന് 46 റൺസടിച്ചാണ് ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന മൂന്ന് ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 37 റൺസാണ്. ആദം സാംപ എറിഞ്ഞ 18–ാം ഓവറിൽ ശ്രേയസ് അയ്യർ വക സിക്സും ഫോറും. ഈ ഓവറിൽ പിറന്നത് 12 റൺസ്.

ഇതോടെ വിജയലക്ഷ്യം രണ്ട് ഓവറിൽ 25 റൺസായി. 19–ാം ഓവർ ബോൾ ചെയ്ത ആൻഡ്രൂ ടൈ രണ്ടു പന്തുകളിൽ തുടർച്ചയായി പാണ്ഡ്യയെ ബീറ്റ് ചെയ്തെങ്കിലും, നാലും അഞ്ചും പന്തിൽ ഫോർ കണ്ടെത്തി പാണ്ഡ്യ തിരിച്ചടിച്ചു. ഈ ഓവറിൽ പിറന്നത് 11 റൺസ്. ഇതോടെയാണ് അവസാന ഓവറിൽ വിജയത്തിലേക്ക് 14 റൺസ് വേണ്ടിവന്നത്.

ഡാനിയൽ സാംസിനെതിരെ നേരിട്ട ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ വക ഡബിൾ. വിജയലക്ഷ്യം അഞ്ച് പന്തിൽ 12. രണ്ടാം പന്ത് പാണ്ഡ്യ ലോങ് ഓണിലൂടെ ഗാലറിയിലെത്തിച്ചു. മൂന്നാം പന്തിൽ റണ്ണില്ല. ഇന്ത്യൻ ആരാധകർക്ക് ടെൻഷൻ. എന്നാൽ, നാലാം പന്ത് കൗ കോർണർ സ്റ്റാൻഡിലെത്തിയതോടെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; പരമ്പരയും!

∙ ട്വന്റി20യിൽ കൂടുതൽ തുടർ വിജയങ്ങൾ

12 അഫ്ഗാനിസ്ഥാൻ (2018-19)
11 അഫ്ഗാനിസ്ഥാൻ (2016-17)
09 പാക്കിസ്ഥാൻ (2018)
09 ഇന്ത്യ (2020) *

∙ ഓസ്ട്രേലിയയിൽ വിജയകരമായ ചേസിങ്ങുകൾ (T20I)

198 ഇന്ത്യ ഓസീസിനെതിരെ, സിഡ്നിയിൽ, 2016
195 ഇന്ത്യ ഓസീസിനെതിരെ, സിഡ്നിയിൽ, 2020 *
174 ശ്രീലങ്ക ഓസീസിനെതിരെ, ഗീലോങ്ങിൽ, 2017
169 ശ്രീലങ്ക ഓസീസിനെതിരെ, മെൽബണിൽ, 2017

∙ പടനയിച്ച് വെയ്ഡ്!

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. ആരോൺ ഫിഞ്ചിനു പകരം നായകസ്ഥാനം ഏറ്റെടുത്ത മാത്യു വെയ്ഡിന്റെ അർധസെഞ്ചുറിയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. വെയ്ഡ് 32 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ട്വന്റി20യിൽ മാത്യു വെയ്ഡിന്റെ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. ആദ്യത്തെ അർധസെഞ്ചുറി എട്ടു വർഷം മുൻപ് ഇതേ വേദിയിൽ ഇന്ത്യയ്‌ക്കെതിരെ തന്നെയായിരുന്നു. ഈ വേദിയിൽ ഇത്രയും വലിയ വിജയലക്ഷ്യം മറികടന്നിട്ടുള്ള ഒരേയൊരു ടീമേയുള്ളൂ. അത് ഇന്ത്യയാണ്. 2016ൽ ഇന്ത്യ ഓസീസിനെതിരെ തന്നെയാണ് ഇന്ത്യ 198 റൺസ് പിന്തുടർന്ന് ജയിച്ചത്.

ഇന്ത്യയ്ക്കായി നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ടി.നടരാജന്റെ പ്രകടനം ശ്രദ്ധേയമായി. സ്റ്റീവൻ സ്മിത്ത് 38 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‌വെൽ (13 പന്തിൽ 22), മോയ്സസ് ഹെൻറിക്വസ് (18 പന്തിൽ 26) എന്നിവരുടെ പ്രകടനവും ഓസീസ് ഇന്നിങ്സിൽ നിർണായകമായി. നിരാശപ്പെടുത്തിയത് ഡാർസി ഷോർട്ട് മാത്രം. സമ്പാദ്യം ഒൻപത് പന്തിൽ ഒൻപത് റൺസ്. മാർക്കസ് സ്റ്റോയ്നിസ് ഏഴു പന്തിൽ ഒരു സിക്സ് സഹിതം 16 റൺസെടുത്തും ഡാനിയൽ സാംസ് മൂന്നു പന്തിൽ എട്ട് റൺസെടുത്തും പുറത്താകാതെ നിന്നു.

ഇന്ത്യൻ നിരയിൽ മികച്ചുനിന്നത് നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പുതുമുഖ താരം ടി.നടരാജൻ. ഡാർസി ഷോർട്ട്, മോയ്സസ് ഹെൻറിക്വസ് എന്നിവരെയാണ് നടരാജൻ പുറത്താക്കിയത്. ഷാർദുൽ താക്കൂർ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. അതേസമയം, കഴിഞ്ഞ മത്സരത്തിലെ ഹീറോ യുസ്‌വേന്ദ്ര ചെഹലിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 51 റൺസ് വഴങ്ങി. നാല് ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 48 റൺസ് വഴങ്ങിയ ദീപക് ചാഹറും നിരാശപ്പെടുത്തി.

∙ ഇന്ത്യയ്ക്ക് മൂന്നു മാറ്റം, ഓസീസിനും!

നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ മൂന്നു മാറ്റം വരുത്തി. പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്‌വേന്ദ്ര ചെഹലും മുഹമ്മദ് ഷമിക്കു പകരം ഷാർദുൽ താക്കൂറും, മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരും കളത്തിലിറങ്ങി.

ഓസ്ട്രേലിയൻ നിരയിലും മൂന്നു മാറ്റമുണ്ട്. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് വിശ്രമം അനുവദിച്ചതോടെ മാത്യു വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ഫിഞ്ച്, ജോഷ് ഹെയ്‍സൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കുപകരം ഡാനിയൽ സാംസ്, മാർക്കസ് സ്റ്റോയ്നിസ്, ആൻഡ്രൂ ടൈ എന്നിവർ കളിക്കും. ഡാനിയൽ സാംസിന് ഇന്ന് അരങ്ങേറ്റ മത്സരമായിരുന്നു.

English Summary: Australia vs India, 2nd T20I - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA