ADVERTISEMENT

സിഡ്നി∙ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋഷഭ് പന്ത് തുടങ്ങിയവർ ടീമിനു പുറത്തും മനീഷ് പാണ്ഡെ ടീമിന് അകത്തും ഊഴം കാത്തിരിക്കുമ്പോഴാണ്, ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചത്. അവസരം ലഭിച്ചെന്ന് പറഞ്ഞാൽ, എല്ലാം നല്ല തെളിഞ്ഞ അവസരങ്ങള്‍. സീനിയർ താരങ്ങൾക്കൊപ്പം ക്രീസിൽ നിലയുറപ്പിച്ച് കളിക്കാനും ഇന്ത്യൻ വിജയത്തിലേക്ക് കനമുള്ള സംഭാവനകൾ ഉറപ്പാക്കാനുമുള്ള അവസരങ്ങളായിരുന്നു ഓരോ മത്സരവും സഞ്ജുവിന് മുന്നിൽ വച്ചുനീട്ടിയത്. പ്രതിഭാധനരായ താരങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിൽ എടുത്തു പറയാനൊരു പ്രകടനം പോലുമില്ലാതെ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ അവസരം ലഭിക്കുന്നത് ചെറിയ കാര്യമല്ല.

എന്നിട്ടും, കിട്ടിയ അവസരങ്ങളോട് നീതി പുലർത്താൻ സഞ്ജു സാംസണിന് സാധിച്ചോ എന്നതാണ് ചോദ്യം. ഒറ്റ നോട്ടത്തിൽ ‘ഇല്ല’ എന്ന് തന്നെ ഉത്തരം. ഫീൽഡിങ്ങിൽ അവിശ്വസനീയമായ ഒരുപിടി പ്രകടനങ്ങളുമായി കരുത്തു കാട്ടിയപ്പോഴും, ബാറ്റ്സ്മാനെന്ന നിലയിൽ സഞ്ജു ഓസ്ട്രേലിയൻ മണ്ണിൽ നിരാശപ്പെടുത്തിയെന്നതാണ് വാസ്തവം. കെ.എൽ. രാഹുൽ സ്ഥിരം വിക്കറ്റ് കീപ്പറിന്റെ ജോലി ഏറ്റെടുത്തതോടെ, സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഈ മൂന്നു മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ബാറ്റുകൊണ്ടുള്ള സംഭാവനകളാണ് സഞ്ജുവിൽനിന്ന് ടീം പ്രതീക്ഷിച്ചതെന്ന് വ്യക്തം.

ബൗണ്ടറിക്കപ്പുറത്തേക്ക് ഉയർന്നുചാടി മാക്സ്‍വെലിന്റെ ഷോട്ട് കയ്യിലൊതുക്കുന്ന സഞ്ജു.
മൂന്നാം ട്വന്റി20യിൽ സഞ്ജുവിന്റെ ഫീൽഡിങ് പ്രകടനം.

എന്നിട്ട് സംഭവിച്ചതോ? എടുത്തുപറയാനൊരു നല്ല ഇന്നിങ്സ് പോലുമില്ലാതെയാണ് ഓസ്ട്രേലിയയിൽനിന്ന് യുവതാരത്തിന്റെ മടക്കം. മൂന്നു മത്സരങ്ങളിൽനിന്നായി നേടിയത് 48 റൺസ്. ശരാശരി 16.00 മാത്രം. സ്ട്രൈക്ക് റേറ്റ് മികച്ചതാണ് – 141.17.

ഒന്നാം ട്വന്റി20യിൽ കാൻബറയിൽ നേടിയ 23 റൺസാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. 15 പന്തിൽ ഓരോ ഫോറും സിക്സും സഹിതം നേടിയ ആ 23 റൺസാണ് ഏഴ് രാജ്യാന്തര മത്സരങ്ങളുടെ മാത്രം ദൈർഘ്യമുള്ള സഞ്ജുവിന്റെ കരിയറിലെ ഉയർന്ന സ്കോറെന്നതും മറ്റൊരു വസ്തുത. സിഡ്നിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ 10 പന്തിൽ 15 റൺസ് നേടി പുറത്തായപ്പോഴും ഓരോ സിക്സും ഫോറും നേടാൻ സഞ്ജു മറന്നില്ല. ഒരു ബൗണ്ടറി പോലുമില്ലാതെ പുറത്തായത് മൂന്നാം ട്വന്റി20യിൽ മാത്രം. ഒൻപത് പന്തിൽ 10 റൺ‌സെടുത്തായിരുന്നു മടക്കം.

sanju-samson-vs-australia
ഓസീസിനെതിരെ സഞ്ജുവിന്റെ ബാറ്റിങ്.

പ്രതീക്ഷ നൽകുന്ന തുടക്കമിട്ട ശേഷം തീർത്തും നിരാശപ്പെടുത്തുന്ന രീതിയിൽ പുറത്താകുന്ന രീതിയാണ് മൂന്നു മത്സരങ്ങളിലും സഞ്ജു അവലംബിച്ചത്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽനിന്ന് നേടിയത് 38 റൺസ് മാത്രമായതോടെ മൂന്നാം മത്സരത്തിൽ സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് സാക്ഷാൽ വീരേന്ദർ സേവാഗ് ഉൾപ്പെടെയുള്ളവർ പ്രവചിച്ചതാണ്. ടീമിൽ അടിക്കടി മാറ്റം വരുത്തുന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ ശൈലിയെ ചൂണ്ടിയായിരുന്നു ഇത്. പക്ഷേ, തുടർച്ചയായ മൂന്നാം മത്സരത്തിലും മനീഷ് പാണ്ഡെയ്ക്കു പകരം സഞ്ജുവിൽത്തന്നെ വിശ്വസിക്കാനാണ് ക്യാപ്റ്റൻ വിരാട് കോലിയും ടീം മാനേജ്മെന്റും തീരുമാനിച്ചത്. ആ വിശ്വാസത്തോട് നീതി പുലർത്താൻ സഞ്ജുവിന് സാധിക്കാതെ പോയതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

∙ കൈഫിന്റെ ഉപദേശം

ഇതിനിടെ, ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന കാര്യത്തിൽ ക്യാപ്റ്റൻ വിരാട് കോലിയെ കണ്ട് പഠിക്കാൻ മുൻ ഇന്ത്യൻ താരവും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് പരിശീലകനുമായ മുഹമ്മദ് കൈഫ് സഞ്ജുവിനെ ഉപദേശിക്കുന്നതും കണ്ടു. മൂന്നാം ട്വന്റി20ക്ക് മുന്നോടിയായിട്ടാണ് കൈഫ് ഇതു പറഞ്ഞതെങ്കിലും, മൂന്നാം ട്വന്റി20യിലും സഞ്ജു നിരാശപ്പെടുത്തിയതോടെ കൈഫിന്റെ വാക്കുകളുടെ പ്രസക്തി നഷ്ടമാകുന്നില്ല.

‘എന്റെ അഭിപ്രായത്തിൽ, നമ്മൾ പരമ്പര നേടിക്കഴിഞ്ഞു. ഇതുവരെ സഞ്ജുവിന് രണ്ടു മത്സരങ്ങളിലും അവസരം ലഭിച്ചു. ഇതിൽ ഒന്നാം ട്വന്റി20യിൽ സ‍ഞ്ജു മികച്ച ഫോമിലുമായിരുന്നു. അദ്ദേഹത്തിന് കൂടുതൽ റൺസ് നേടാൻ കഴിയുമെന്നായിരുന്നു തോന്നൽ. എന്തായാലും അദ്ദേഹത്തിനുള്ളിൽ ആ ‘എക്സ് ഫാക്ടർ’ ഉണ്ട്. അനായാസം സിക്സറുകൾ നേടാനുള്ള കഴിവുമുണ്ട്’ – കൈഫ് പറഞ്ഞു.

‘ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സഞ്ജുവിന് കഴിയുന്നില്ല എന്നത് വാസ്തവമാണ്. എങ്കിൽക്കൂടി പുതിയ ആളെന്ന നിലയിൽ സഞ്ജുവിന് കൂടുതൽ അവസരം കിട്ടാൻ സാധ്യതയുണ്ട്. എന്തായാലും സഞ്ജുവിന് ഇനിയും അവസരം നൽകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇനി അവസരം ലഭിക്കുമ്പോൾ സഞ്ജു കോലിയെ മാതൃകയാക്കണം. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്‍സ് നേടുന്ന താരമാണ് കോലി. സ‍ഞ്ജു സിക്സറുകൾ അടിക്കട്ടെ. എങ്കിലും എങ്ങനെ ഒരു ഇന്നിങ്സ് കെട്ടിപ്പടുക്കണമെന്ന് കോലിയെ കണ്ട് പഠിക്കണം’ – കൈഫ് പറഞ്ഞു.

English Summary: Sanju Samson's Performance in India Vs Australia T20 Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com