ADVERTISEMENT

ഐപിഎലിൽ ഫ്ലോപ്പായ ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ ഹിറ്റായതെങ്ങനെ? അതൊരു സീക്രട്ടാണെങ്കിലും പ്രകടമായൊരു മാറ്റം മാക്സ്‌വെലിന്റെ സ്വന്തം ‘സ്വിച്ച് ഹിറ്റുകൾ’ വീണ്ടും ക്ലിക്ക് ആയതാണ്. 45 (19), 63 (29), 59 (38) എന്നിങ്ങനെയായിരുന്നു 3 ഏകദിനങ്ങളിൽ മാക്സ്‌വെ‌‌ലിന്റെ പ്രകടനം. ഇപ്പോഴിതാ ട്വന്റി20 പരമ്പരയിൽ വൈറ്റ് വാഷിന്റെ പടിക്കലിൽ നിന്നും മാക്സി ടീമിന്റെ രക്ഷകനായി (36 പന്തിൽ 54 റൺസ്, ഒരു വിക്കറ്റ്).

മുൻ ഓസീസ് താരം ഇയാൻ ചാപ്പൽ ഉൾപ്പെടെ സ്വിച്ച് ഹിറ്റിന്റെ ധാർമികതയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നെങ്കിലും ‘ക്രിക്കറ്റിൽ അന്തിമലക്ഷ്യം വിജയം മാത്രമാണെന്ന’ ഓസീസ് തത്വം തന്നെയാണ് മാക്സ്‌വെൽ നടപ്പാക്കിയത്.

∙ എന്താണ് സ്വിച്ച് ഹിറ്റ്

ബോളർ തന്റെ റണ്ണപ്പ് ആരംഭിച്ചുകഴിഞ്ഞാൽ ബാറ്റ്സ്മാൻ തന്റെ സ്റ്റാൻസും ഗ്രിപ്പും എതിർ ദിശയിലേക്കു മാറ്റി (വലംകയ്യനായ ബാറ്റ്സ്മാൻ ഇടംകയ്യൻ ബാറ്റ്സ്മാനെപ്പോലെ ബാറ്റു ചെയ്യുന്ന രീതി) കളിക്കുന്ന രീതിയാണ് പൊതുവേ സ്വിച്ച് ഹിറ്റ് എന്നറിയപ്പെടുന്നത്. റിവേഴ്സ് സ്വീപ്പിൽ നിന്നാണ് സ്വിച്ച് ഹിറ്റ് രൂപപ്പെട്ടതെന്നു പറയുന്നുണ്ടെങ്കിലും 

റിവേഴ്സ് സ്വീപ്പിൽ ബാറ്റ്സ്മാൻ തന്റെ സ്റ്റാൻസോ ബാറ്റിങ് ഗ്രിപ്പോ മാറാതെയാണ് കളിക്കുന്നത്. (ഇപ്പോൾ ചില താരങ്ങൾ സ്റ്റാൻസ് മാറ്റാറുണ്ടെങ്കിലും ഗ്രിപ്പിൽ കാര്യമായ മാറ്റമില്ല). സ്വിച്ച് ഹിറ്റിനായി തയാറെടുക്കുന്ന ബാറ്റ്സ്മാന്റെ ലെഗ് സൈഡും ഓഫ് സൈഡും പരസ്പരം മാറുന്നു. ഇത് വൈഡിനെയും ലെഗ് ബിഫോർ വിക്കറ്റിനെയും സ്വാധീനിക്കും. അതായത് വലംകയ്യൻ ബാറ്റ്സ്മാൻ സ്വിച്ച് ഹിറ്റിനു മുതിരുമ്പോൾ ഇടംകയ്യൻ ബാറ്റ്സ്മാനു നിഷ്കർഷിച്ചിരിക്കുന്ന നിയമങ്ങളായിരിക്കും അയാൾക്കും ബാധകമാകുക. 

∙ തലതിരിഞ്ഞ തുടക്കം

റിവേഴ്സ് സ്വീപ്പിൽ പല കാലങ്ങളിലായി ബാറ്റ്സ്മാൻമാർ നടത്തിയ പരീക്ഷണങ്ങളുടെ പരിണിതഫലമാണ് സ്വിച്ച് ഹിറ്റ് എന്നു പറയാം. 1981ൽ ന്യൂസീലൻഡിനെതിരെ നടന്ന ഒരു ഏകദിന മത്സരത്തിൽ ഇന്ത്യൻ താരം കെ.ശ്രീകാന്താണ് ആദ്യമായി സ്വിച്ച് ഹിറ്റ് പരീക്ഷിച്ചതെന്നു പറയപ്പെടുന്നു. എന്നാൽ അതല്ല, 2002ൽ നടന്ന ഓസ്ട്രേലിയ –ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഡാരൻ ലേമാനെ സിക്സറിനു പറത്തി ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സാണ് സ്വിച്ച് ഹിറ്റിനു രൂപം നൽകിയതെന്നാണ് മറ്റൊരു വാദം.

പലതരം വാദങ്ങളുണ്ടെങ്കിലും സ്വിച്ച് ഹിറ്റിന്റെ ഏറ്റവും വലിയ പ്രചാരകൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സനാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. 2006ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ മുത്തയ്യ മുരളീധരനെ മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സറിനു പറത്തിയ പീറ്റേഴ്സൺ, സ്വിച്ച് ഹിറ്റിന്റെ ബ്രാൻഡ് അംബാസഡറായി മാറി. പിന്നീട്  ഓസീസ് ഓപ്പൺ ഡേവിഡ് വാർണർ അതേറ്റെടുത്തിരുന്നു. ട്വന്റി20യിൽ വാർണറുടെ ബാറ്റിന്റെ ചൂട് ഏറ്റവും കൂടുതൽ അറിഞ്ഞത് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനായിരുന്നു.

∙ ഹിറ്റായവരും ഫ്ലോപ്പായവരും 

പീറ്റേഴ്സനിലൂടെ പ്രചാരം ലഭിച്ച സ്വിച്ച് ഹിറ്റ് വാർണറിലൂടെയും മാക്സ്‌വെലിലൂടെയും വളർന്നപ്പോൾ അതിന്റെ രുചിയറിയാൻ മറ്റു പല ബാറ്റ്സ്മാൻമാരും ശ്രമിച്ചു. ഇന്ത്യൻ താരം ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, വിൻഡീസിന്റെ നിക്കോളാസ് പുരാൻ, കിവീസ് താരം കോളിൻ മൻറോ തുടങ്ങിയവർ ഇതിൽ വിജയിച്ചെങ്കിലും സ്വിച്ച് ഹിറ്റിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞവരാണ് കൂടുതൽ. 

∙ നിയമത്തിന്റെ വഴി

സ്വിച്ച് ഹിറ്റിന് പ്രചാരം ലഭിച്ചപ്പോൾ തന്നെ വിവാദങ്ങളും ഒപ്പം കൂടിയിരുന്നു. ബാറ്റ്സ്മാൻ സ്റ്റാൻസും ഗ്രിപ്പും മാറുന്നത് ബോളറുടെ സ്വാഭാവിക താളത്തെ ബാധിക്കുമെന്നും ഫീൽഡ് ക്രമീകരണങ്ങളെ തകർക്കുമെന്നും അഭിപ്രായങ്ങളുയർന്നു. അതോടെ ഐസിസി കമ്മിറ്റി കൂടി. പക്ഷേ സ്വിച്ച് ഹിറ്റ് ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യമാണെന്നും അതിനു നിയമ പരിരക്ഷ നൽകണമെന്നും വിധിയെഴുതി.

എന്നാൽ ബോളർ തന്റെ ഗാർഡ് മാറി പന്തെറിഞ്ഞാൽ (ഇടംകയ്യൻ ബോളർ അംപയറെ അറിയിക്കാതെ വലംകൈ കൊണ്ട് എറിഞ്ഞാലോ എറൗണ്ട് ദ വിക്കറ്റ് ഗാർഡ് എടുത്തശേഷം ഓവർ ദ വിക്കറ്റ് എറിഞ്ഞാലോ) അത് ഡെഡ് ബോളോ നോ ബോളോ വിളിക്കാൻ അംപയർക്ക് അനുവാദമുണ്ട്. ബാറ്റ്സ്മാൻ സ്വിച്ച് ഹിറ്റിനു മുതിരാൻ സാധ്യതയുണ്ടെന്നു തോന്നിയാൽ ‘പോസ് ആൻ ബോൾ’ (റണ്ണപ്പുമായി ക്രീസിൽ എത്തിയ ശേഷം ഒരു സെക്കൻഡ് കാത്തിരുന്ന് ബോൾ ചെയ്യുന്ന രീതി) അവലംബിക്കാനും ബോളർക്ക് അനുമതിയില്ല.

English Summary: Glenn Maxwell and his Switch hits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com