ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റ് ലോകത്തെ സമ്പന്നരിൽ മുൻ‌പന്തിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ സ്ഥാനം. എം.എസ്. ധോണിയെപ്പോലെ കോലിയുടേയും വാഹനങ്ങളോടുള്ള പ്രേമം പ്രശസ്തമാണ്. ആഡംബര കാറുകളുടെ വൻ‌നിര തന്നെ ഇന്ത്യൻ ക്യാപ്റ്റന് സ്വന്തമായുണ്ട്. ഏറെ കാലമായി ഓഡി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. അതേസമയം കോലി ഉപയോഗിച്ച ഓഡി കാർ കേസിൽപെട്ട് പൊലീസ് സ്റ്റേഷനിൽ പൊടിപിടിച്ചു കിടക്കുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മഹാരാഷ്ട്രയിലെ ഒരു പൊലീസ് സ്റ്റേഷന്റെ പരിസരത്താണ് കോലി ഉപയോഗിച്ചിരുന്ന കാർ വർഷങ്ങളായി പൊടിപിടിച്ച് കിടക്കുന്നത്. കോലിയുടെ കാർ എങ്ങനെ പൊലീസ് സ്റ്റേഷന് മുന്നിലെത്തി? ഇക്കാര്യത്തിൽ ഒരു ദേശീയ മാധ്യമം നൽ‌കുന്ന വിശദീകരണം ഇങ്ങനെ– ഓഡി ഇന്ത്യ ആർ8 പുതിയ മോഡൽ അവതരിപ്പിച്ചപ്പോഴാണ് കോലി പഴയ കാർ മാറ്റി പുതിയതു സ്വന്തമാക്കിയത്. പഴയ 2012 ആർ 8 കാർ കോലി വിറ്റു. ബ്രോക്കർ വഴി സാഗർ തക്കർ എന്നയാൾക്കാണു കോലി കാർ വിറ്റത്.

എന്നാൽ സാഗർ പിന്നീട് ഒരു തട്ടിപ്പുകേസിൽ പെട്ടു. ഇതോടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ഓഡി കാർ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. കാമുകിക്കു സമ്മാനം നൽകാനാണ് സാഗർ ഇന്ത്യൻ ക്യാപ്റ്റന്റെ കയ്യിൽനിന്ന് കാർ വാങ്ങിയത്. സാഗറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോലിയുടെ കൈവശമുണ്ടായിരുന്നതിനാൽ സംഭവത്തിൽ താരത്തിനു പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നില്ല.

2.5 കോടി രൂപയ്ക്കാണ് സാഗർ കാർ സ്വന്തമാക്കിയത്. എന്നാൽ രണ്ടു മാസങ്ങൾക്കു ശേഷം കാർ പൊലീസ് പിടിച്ചെടുത്തു. അന്ന് മുതൽ മുംബൈ പൊലീസിന്റെ മൈതാനത്ത് പൊടി പിടിച്ച് കിടക്കുകയാണ് കോലിയുടെ ‘പഴയ’ കാർ. ഈ കാറിനൊപ്പമുള്ള കോലിയുടെ ചിത്രങ്ങൾ താരം തന്നെ നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

English Summary: Here’s why Virat Kohli’s first Audi car is lying in the police station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com