ADVERTISEMENT

മുംബൈ∙ കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തതിന് അറസ്റ്റിലായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിശദീകരണവുമായി രംഗത്ത്. മുംബൈയിലെ പബ്ബുകളുടെ സമയക്രമത്തെക്കുറിച്ചും കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചും അറിവില്ലാതിരുന്നതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് റെയ്‌നയുടെ സ്റ്റാഫ് വൃത്തങ്ങൾ അറിയിച്ചു. മുംബൈ കോർപ്പറേഷന്റെ നിയമപ്രകാരം രാത്രി 11.30 വരെ മാത്രമെ പബ്ബുകളും നൈറ്റ് ക്ലബുകളും പ്രവർത്തിക്കാവൂ.

എന്നാൽ റെയ്ന ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പാർട്ടിനടന്ന ക്ലബ് പുലർച്ചെ 4 വരെ പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈ വിമാനത്താവളത്തിനു സമീപമുള്ള ഡ്രാഗൺഫ്ലൈ എന്ന ക്ലബിലാണ് പാർട്ടി നടന്നത്.  കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പാർട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്ന ഉൾപ്പെടെ 34 പേരെ കസ്റ്റഡിയിലെടുത്തു. ഗായകൻ ഗുരു രൺധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സുസെയ്ൻ ഖാൻ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. 

‘ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്ന മുംബൈയിലെത്തിയത്. രാത്രി വൈകിയും ഷൂട്ടിങ് നീണ്ടു. തിരികെ ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഒരു സുഹൃത്ത് അത്താഴത്തിനായി ക്ഷണിച്ചു. പ്രാദേശിക സമയത്തെക്കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധികൃതർ ചൂണ്ടിക്കാട്ടിയപ്പോൾ ഉടൻ അത് പാലിക്കുകയും നിർഭാഗ്യകരവും മനഃപൂർവമല്ലാത്തതുമായ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം എല്ലായ്പ്പോഴും നിയമങ്ങളും ചട്ടങ്ങളും ബഹുമാനത്തോടെ പാലിക്കുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരും.’– റെയ്നയുടെ മാനേജ്മെന്റ് സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. 

അറസ്റ്റിലായ സുരേഷ് റെയ്ന, സുസാൻ ഖാൻ,ഗുരു രൺധാവ.
സുരേഷ് റെയ്ന, സുസാൻ ഖാൻ,ഗുരു രൺധാവ

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ മുംബൈ മുൻസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ മഹാരാഷ്ട്ര സർക്കാർ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഒന്നര പതിറ്റാണ്ടോളം നീളുന്ന രാജ്യന്തര കരിയറിന് ഏതാനും മാസങ്ങൾക്കു മുൻപാണ് മുപ്പത്തിനാലുകാരനായ റെയ്ന വിരാമമിട്ടത്. 2005ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കുമ്പോൾ 19 വയസ് മാത്രമായിരുന്നു റെയ്നയ്ക്ക് പ്രായം. ഇതിനിടെ ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും 78 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറ നേടിയ ആദ്യ ഇന്ത്യക്കാരനും റെയ്നയാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം യുഎഇയിലേക്ക് മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണുമായി ബന്ധപ്പെട്ടും റെയ്ന വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന റെയ്ന, ടൂർണമെന്റിനായി യുഎഇയിലെത്തിയെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സീസണിൽ ക്ലബ്ബിനായി കളിച്ചുമില്ല. ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രചരിച്ചിരുന്നു.

English Summary: "Wasn't Aware Of Timing, Protocol": Suresh Raina On Mumbai Nightclub Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com