ADVERTISEMENT

ക്രൈസ്റ്റ്ചർച്ച്∙ 2020ൽ നിർ‌ത്തിയിടത്തുനിന്നു തന്നെ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ പുതുവർഷം തുടങ്ങി. 2020ൽ ടെസ്റ്റിലെ അവസാന ഇരട്ടസെഞ്ചുറി സ്വന്തം പേരിലാക്കിയ വില്യംസൻ, ഇപ്പോഴിതാ 2021ൽ ടെസ്റ്റിലെ ആദ്യ ഇരട്ടസെഞ്ചുറിയും സ്വന്തമാക്കിയിരിക്കുന്നു. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് വില്യംസൻ ഒരിക്കൽക്കൂടി ഇരട്ടസെഞ്ചുറി പിന്നിട്ടത്. ക്യാപ്റ്റൻ ഇരട്ടസെഞ്ചുറിയുമായി മുന്നിൽനിന്ന് പടനയിച്ചതോടെ ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 659 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വില്യംസൻ 238 റൺസെടുത്ത് പുറത്തായി.

ഹെൻറി നിക്കോൾസ് (291 പന്തിൽ 157), ഡാരിൽ മിച്ചൽ (112 പന്തിൽ പുറത്താകാതെ 102) എന്നിവരുടെ സെഞ്ചുറികളും കിവീസിന് കരുത്തായി. ഒന്നാം ഇന്നിങ്സിൽ 297 റൺസിന് പുറത്തായ പാക്കിസ്ഥാൻ 362 റൺസ് കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ചു.

364 പന്തുകൾ നേരിട്ട വില്യംസൻ 28 ഫോറുകളുടെ അകമ്പടിയോടെയാണ് 238 റൺസെടുത്തത്. ഒരുവേള മൂന്നിന് 71 റൺസ് എന്ന നിലയിൽ തകർന്ന ആതിഥേയർക്ക്, നാലാം വിക്കറ്റിൽ ഹെൻറി നിക്കോൾസിനൊപ്പം വില്യംസൻ കൂട്ടിച്ചേർത്ത് ട്രിപ്പിൾ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും കിവീസ് സ്കോർബോർഡിൽ ചേർത്തത് 369 റൺസ്! നിക്കോൾസിനു പിന്നാലെ വിക്ക്രറ് കീപ്പർ വാട്‍ലിങ്ങ് പെട്ടെന്ന് പുറത്തായെങ്കിലും ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് വില്യംസൻ വീണ്ടുമൊരു സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഇരുവരും ചേർന്ന് 133 റണ്‍സാണ് കിവീസ് സ്കോർ ബോർഡിൽ ചേർത്തത്.

ടെസ്റ്റിൽ കിവീസ് ക്യാപ്റ്റന്റെ നാലാം ഇരട്ടസെഞ്ചുറിയാണിത്. 2020 ഡിസംബറിൽ ഹാമിൽട്ടനിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ വില്യംസൻ നേടിയ ഇരട്ടസെഞ്ചുറിയാണ് 2020ൽ രാജ്യാന്തര ടെസ്റ്റ് വേദിയിൽ പിറന്ന അവസാന ഇരട്ടസെഞ്ചുറി. അന്ന് 412 പന്തിൽ വില്യംസൻ നേടിയ 251 റൺസ്, ടെസ്റ്റിൽ താരത്തിന്റെ ഉയർന്ന സ്കോറുമായി. തൊട്ടുപിന്നാലെ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയ വില്യംസൻ, ഐസിസി റാങ്കിങ്ങിൽ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.

ഈ ഇരട്ടസെഞ്ചുറിയോടെ, ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറി േനടിയ താരങ്ങളിൽ വില്യംസൻ ബ്രണ്ടൻ മക്കല്ലത്തിന് ഒപ്പമെത്തി. മാത്രമല്ല, ന്യൂസീലൻഡിനായി ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡും ഇനി വില്യംസനു സ്വന്തം. 96 ടെസ്റ്റുകളിൽനിന്ന് 7000 കടന്ന റോസ് ടെയ്‍ലറിന്റെ റെക്കോർഡാണ്, 83 മത്സരങ്ങളാക്കി വില്യംസൻ ചുരുക്കിയത്. 111 ടെസ്റ്റുകളിൽനിന്ന് 7172 റൺസ് നേടിയ മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്ങാണ് ടെസ്റ്റിലെ റൺവേട്ടക്കാരിൽ മുന്നിലുള്ള ന്യൂസീലൻഡ് താരം. റോസ് ടെയ്‍ലർ 105 ടെസ്റ്റുകളിൽനിന്ന് ഇതുവരെ 7379 റൺസ് നേടിയിട്ടുണ്ട്.

English Summary: Another Williamson double lights up the summer in New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com