ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാവാത്ത പേരാണ് നവാബ് മൻസൂർ അലിഖാൻ സിദ്ദിഖി പട്ടൗഡി എന്ന ജൂനിയർ പട്ടൗഡിയുടേത്. ഹരിയാനയിലെ പട്ടൗഡിയിലെ ഒൻപതാമത്തെയും അവസാനത്തെയും നവാബായിരുന്ന മൻസൂർ പട്ടൗഡി ഇന്ത്യൻ ക്രിക്കറ്റിലെയും രാജകുമാരനായിരുന്നു. ഹോക്കി താരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്ന ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയുടെ മകനായി 1941 ജനുവരി 5ന് ഭോപ്പാലിലാണ് പിറന്നത്. ഒറ്റക്കണ്ണിന്റെ കാഴ്ചയുമായി ഇന്ത്യയ്ക്കായി 46 ടെസ്റ്റുകൾ കളിച്ച, 21–ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ച മൻസൂർ അലിഖാൻ പട്ടൗഡി എന്ന ജൂനിയർ പട്ടൗഡിയുടെ 80–ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ വിസ്മയം തുളുമ്പുന്ന കരിയറിനെക്കുറിച്ച് വായിക്കാം:

വായിൽ സ്വർണക്കരണ്ടിയോടെ ജനിച്ച മൻസൂർ പട്ടൗഡിയുടെ ഇന്ത്യൻ ടീമിലേക്കുള്ള വരവ് പക്ഷേ പിതാവിന്റെ ശുപാർശയോടെയായിരുന്നില്ല. വിൻചെസ്റ്ററിൽ സ്കൂൾ കുട്ടിയായിരിക്കെ ക്രിക്കറ്റിനോട് അടങ്ങാത്ത താൽപര്യം. 1959ൽ സ്കൂൾ ടീമിന്റെ നായകൻ. ആ സീസണിൽ 1068 റൺസ് നേടിയത് ചരിത്രമായിരുന്നു. കാരണം 1919ൽ ഡഗ്ലസ് ജാർഡൈൻ (പിന്നീട് ഇംഗ്ലീഷ് നായകൻ) കുറിച്ച നേട്ടമാണ് നാലു പതിറ്റാണ്ടുകൾക്കുശേഷം പട്ടൗഡി തിരുത്തിക്കുറിച്ചത്. സ്കൂൾ വിദ്യാർഥിയായിരിക്കെ, 16–ാം വയസിൽ സസെക്സ് ടീമിൽ. 1957–70ൽ സസെക്സിനുവേണ്ടി 137 മൽസരങ്ങൾ കളിച്ചു, 1966ൽ അവരുടെ നായകനുമായി. ഓക്സ്ഫഡ് ടീമിലെത്തിയ പട്ടൗഡി മറ്റൊരു റെക്കോർഡും സ്വന്തമാക്കി: ഓക്സഫഡിന്റെ ഇന്ത്യക്കാരനായ ആദ്യ ക്യാപ്റ്റൻ. 

1961 ജൂലൈയിൽ ഹോവിൽവച്ചുണ്ടായ കാറപകടത്തിൽ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ക്രിക്കറ്റ് കരിയർ അവസാനിച്ചെന്നു കരുതിയെങ്കിലും ആറു മാസങ്ങൾ തികയും മുൻപേ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. 1961ൽ ഇംഗ്ലണ്ടിനെതിരെ ഡൽഹിയിലായിരുന്നു അരങ്ങേറ്റം. തന്റെ മൂന്നാം ടെസ്റ്റിൽതന്നെ സെഞ്ചുറിയോടെ മിന്നുന്ന പ്രകടനം. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം എന്ന ചരിത്രം പിറന്നു. 1961-62 ലെ ഇന്ത്യയുടെ വെസ്‌റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉപനായകനായി നിയമിക്കപ്പെട്ടു. ബാർബഡോസിനെതിരായ സന്നാഹമൽസരത്തിൽ ബാറ്റു ചെയ്യുമ്പോൾ ഗുരുതരമായി പരുക്കേറ്റ് നായകൻ നരി കോൺട്രാക്ടർ ആശുപത്രിയിലായതോടെ പട്ടൗഡി ഇന്ത്യൻ നായകനായി.

ബ്രിജ്ടൗൺ ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കുമ്പോൾ പട്ടൗഡിക്ക് പ്രായം 21 വയസും 77 ദിവസവുമായിരുന്നു. അന്ന് അദ്ദേഹം ഒരു റെക്കോർഡും സ്വന്തമാക്കി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് ക്യാപ്‌റ്റൻ. ആ റെക്കോർഡ് 2004ൽ മാത്രമാണ് തകർന്നത്. (സിംബാബ്‌വെയുടെ തതേന്ദ തായ്ബു നായകനായപ്പോൾ). അത് പട്ടൗഡിയുടെ നാലാം ടെസ്‌റ്റ് മാത്രമായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന ബഹുമതി ഇന്നും പട്ടൗഡിയുടെ പേരിലാണ്.

ക്യാപ്റ്റൻ എന്ന നിലയിൽ പല റെക്കോർഡുകൾ മൻസൂർ അലിഖാൻ പട്ടൗഡിയുടെ പേരിലുണ്ട്. വിദേശ മണ്ണിൽ ഇന്ത്യ ആദ്യ ടെസ്‌റ്റ് വിജയം ആഘോഷിച്ചത് 1967–68ലെ ന്യൂസീലൻഡ് പര്യടനത്തിലാണ്. അന്ന് ഡ്യുനേഡിനിലെ കാരിസ്‌ബ്രൂക്ക് സ്‌റ്റേഡിയത്തിൽ ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മൻസൂർ പട്ടൗഡിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർ വിജയം ആഘോഷിച്ചത്. ഒപ്പം ആ പരമ്പരയിലെ വെല്ലിങ്‌ടൻ, ഓക്ക്‌ലൻഡ് ടെസ്‌റ്റുകളും വിജയിച്ച് ഇന്ത്യ അന്ന് വിദേശത്ത് പരമ്പരവിജയം ആഘോഷിച്ചാണ് മടങ്ങിയതും (3–1). അതായിരുന്നു ഇന്ത്യ കുറിച്ച ആദ്യ വിദേശപരമ്പര വിജയവും. അങ്ങനെ വിദേശമണ്ണിൽ ആദ്യമായി ഇന്ത്യ ടെസ്‌റ്റ് വിജയം നേടിയതും പരമ്പരവിജയം നേടിയതും പട്ടൗഡിയുടെ നേതൃത്വത്തിലായിരുന്നു. 1970–71ലെ വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ പട്ടൗഡിക്ക് ഇടം ലഭിച്ചില്ല. 1970–72വരെ ടീമിലെത്തിയില്ല. 1973ൽ തിരിച്ചുവരവ്. 1974–75ൽ വീണ്ടും നായകൻ. 1975ൽ ടീമിനുപുറത്തേക്ക്. 

ഓക്‌സ്‌ഫർഡ്, സസക്‌സ് എന്നിവ കൂടാതെ ഡൽഹി, ഹൈദരാബാദ് എന്നീ ടീമുകൾക്കുവേണ്ടിയും അദ്ദേഹം കളിച്ചു. വലതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട  പട്ടൗഡി, ഒരു കണ്ണിന്റെ മാത്രം കാഴ്‌ചകൊണ്ടാണ് 46 ടെസ്‌റ്റുകൾ കളിച്ചത്. അതിൽ 40 ടെസ്‌റ്റുകളിൽ ഇന്ത്യൻ നായകൻ. ഒറ്റക്കണ്ണിന്റെ കാഴ്‌ചയുടെ ബലത്തിൽ മിഡ് ഓണിലേക്കും മിഡ് വിക്കറ്റിലേക്കും അദ്ദേഹം പായിച്ച മനോഹരമായ സ്‌ട്രോക്കുകൾ മറക്കാനാവില്ല. ഒരു ടെസ്റ്റിൽ കൂടുതൽ പന്തുകൾ നേരിട്ട താരം എന്ന റെക്കോർഡ് ഇന്നും പട്ടൗഡിയുടെ പേരിലാണ്. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം മാച്ച് റഫറി,  ടിവി കമന്റേറ്റർ  സ്‌പോർട്‌സ് വേൾഡ് മാസികയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടയ്‌ക്ക് രാഷ്‌ട്രീയത്തിൽ പയറ്റി നോക്കിയെങ്കിലും വിജയിച്ചില്ല. ഐപിഎൽ ഭരണസമിതി അംഗമായി പ്രവർത്തിച്ചു. 2011 സെപ്‌റ്റംബർ 22ന് മരണം. ടൈഗേഴ്‌സ് ടെയ്‌ൽ ആണ് ആത്മകഥ. അദ്ദേഹം മനോഹരമായി തബല വായിച്ചിരുന്നു

1971ൽ രാജ്യമാകെ രാജപദവികൾ നിരോധിച്ചതോടെയാണ് പട്ടൗഡിക്ക് സ്‌ഥാനം നഷ്‌ടമായത്. ഇന്ത്യ– ആംഗ്ലോ ക്രിക്കറ്റിന് പട്ടൗഡി കുടുംബം നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പര ജേതാക്കൾക്ക് 2007മുതൽ നൽകിവരുന്ന ട്രോഫിയുടെ പേര് പട്ടൗഡി ട്രോഫി എന്നാണ്. 1964ൽ അർജുന പുരസ്കാരവും 1967ൽ പത്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു

∙ അച്‌ഛനും മകനും ക്യാപ്‌റ്റൻ

ഇഫ്‌തിഖർ അലി ഖാൻ പട്ടൗഡി എന്ന സീനിയർ പട്ടൗഡിയും മകൻ മൻസൂർ അലി ഖാൻ പട്ടൗഡി എന്ന ജൂനിയർ പട്ടൗഡിയും ഇന്ത്യയ്‌ക്കുവേണ്ടി കളിച്ചിട്ടുളളവർ എന്നതിലുപരി ഇന്ത്യയെ നയിക്കാൻ ഭാഗ്യം കിട്ടിയവരുമാണ്. ഇന്ത്യയുടെ ക്യാപ്‌റ്റൻമാരാകാൻ സാധിച്ച ഏക പിതൃ-പുത്ര ജോഡിയും ഇവർ തന്നെ. അച്‌ഛൻ പട്ടൗഡി ആറ് ടെസ്‌റ്റുകളിലും പുത്രൻ പട്ടൗഡി 46 ടെസ്‌റ്റുകളും കളിച്ചിട്ടുണ്ട്. ഇതിൽ സീനിയർ പട്ടൗഡി ഇംഗ്ലണ്ടിനും ഇന്ത്യയ്‌ക്കും വേണ്ടി ടെസ്‌റ്റ് കളിച്ച ഏക വ്യക്‌തി എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. ഇരുവരും വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ബഹുമതി സ്വന്തമാക്കിയവരാണ്.

English Summary: BCCI pays tribute to Mansoor Ali Khan Pataudi on his birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com