ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിനിടെ ടീമുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ഡൽഹിയിൽനിന്നുള്ള നഴ്സ്, ഒരു ഇന്ത്യൻ താരത്തെ ബന്ധപ്പെട്ടതായി വെളിപ്പെടുത്തൽ. ദക്ഷിണ ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഡോക്ടറാണെന്ന വ്യാജേനയാണ് ഈ നഴ്സ് വാതുവയ്പ്പിന് സഹായം തേടി താരത്തെ സമീപിച്ചത്. ഏതാനും വർഷം മുൻപ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഈ താരം, ചട്ടപ്രകാരം വിവരം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു.

ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്സ്, താരത്തോട് ആരാഞ്ഞത്. കോവിഡ് നിമിത്തം യുഎഇയിലേക്ക് മാറ്റിയ ഐപിഎലിനിടെ, സെപ്റ്റംബർ 30നാണ് നഴ്സ് താരത്തെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

ഈ നഴ്സും ക്രിക്കറ്റ് താരവും തമ്മിൽ ഏതാണ്ട് മൂന്നു വർഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താരത്തിന്റെ ആരാധികയാണെന്ന് പറഞ്ഞ് പരിചയപ്പെട്ട നഴ്സ്, ദക്ഷിണ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ഇവരുമായി ഇന്ത്യൻ താരം സമൂഹമാധ്യമത്തിലൂടെ സ്ഥിരമായി സന്ദേശങ്ങൾ കൈമാറിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണയ്ക്കെതിരെ കൈക്കൊള്ളേണ്ട മുൻകരുതലുകളെന്താമാണെന്ന് താരം ഈ നഴ്സിനോട് ചോദിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടീമിന്റെ ഉൾരഹസ്യങ്ങൾ തേടി ഡൽഹിയിൽനിന്നുള്ള നഴ്സ് ഇന്ത്യൻ താരത്തെ സമീപിച്ച വാർത്ത ബിസിസിഐ അഴിമതി വിരുദ്ധ ഏജൻസി തലവൻ അജിത് സിങ് സ്ഥിരീകരിച്ചു. അതേസമയം, ഈ സംഭവം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഈ സംഭവം ഇന്ത്യൻ താരം ഐപിഎലിനിടെ തന്നെ ഞങ്ങളെ അറിയിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടീമിന്റെ രഹസ്യം തേടി താരത്തെ സമീപിച്ച വ്യക്തി സത്യത്തിൽ പ്രഫഷനൽ വാതുവയ്പ്പുമായി ബന്ധമില്ലാത്തയാളാണ്’ – അജിത് സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘സംഭവത്തെ വളരെ ഗൗരവമായിക്കണ്ട് തന്നെയാണ് അന്വേഷിച്ചത്. ഇതിൽ ആരോപണവിധേയായ വ്യക്തിക്ക് ഇന്ത്യൻ താരത്തെ മുൻപുതന്നെ അറിയാമായിരുന്നു. അദ്ദേഹം ഇങ്ങനെയൊരാൾ സമീപിച്ച വിവരം റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ ഞങ്ങൾ എല്ലാ വിവരങ്ങളും ശേഖരിച്ചു. പിന്നീട് ഞങ്ങൾ അവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു. പക്ഷേ, പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ആ കേസ് അവസാനിപ്പിക്കുകയും ചെയ്തു’ – അജിത് സിങ് പറഞ്ഞു.

English Summary: Delhi nurse approached India player for IPL inside information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com