ADVERTISEMENT

മുംബൈ∙ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്നതാണ് സ്വപ്നമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ട്വന്റി20 താരവും മലയാളിയുമായി സഞ്ജു സാംസൺ രംഗത്ത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി നിലവിൽ മുംബൈയിലുള്ള സഞ്ജു, ‘മിഡ്–ഡേ’യ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സമയം ഒരു സ്റ്റെപ്പ്  എന്നതാണ് രീതിയെന്നും ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കാൻ കാത്തിരിക്കാൻ തയാറാണെന്നും സഞ്ജു പ്രഖ്യാപിച്ചു. ജനുവരി 10ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനാണ് ഇരുപത്താറുകാരനായ സഞ്ജു. 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

‘ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചെങ്കിൽ മാത്രമേ ഒരു സമ്പൂർണ താരമെന്ന് പറയാനാകൂ. ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയ്ക്കായി കളിക്കുകയെന്നതാണ് എക്കാലവും എന്റെ സ്വപ്നം. ഒരു സമയത്ത് ഒരു സ്റ്റെപ്പ് വയ്ക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. അതുകൊണ്ട് ടെസ്റ്റ് കളിക്കാൻ കാത്തിരിക്കാനും തയാർ’ – സഞ്ജു പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 55 മത്സരങ്ങളിൽനിന്ന് 37.64 ശരാശരിയിൽ 3000ൽ അധികം റൺസ് നേടിയിട്ടുള്ള താരമാണ് സഞ്ജു. 211 റണ്‍സാണ് ഉയർന്ന സ്കോർ. ദേശീയ തലത്തിൽ ട്വന്റി20 സ്പെഷലിസ്റ്റായി അറിയപ്പെടുന്ന സഞ്ജു, ഐപിഎലിൽ മാത്രം 107 മത്സരങ്ങളിൽനിന്ന് 2584 റൺസ് നേടിയിട്ടുണ്ട്. ഇതിൽ രണ്ടു സെഞ്ചുറികളുമുണ്ട്. പക്ഷേ, ദേശീയ ടീമിൽ ഇതുവരെ സ്ഥിരം സ്ഥാനം നേടാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. രാജ്യാന്തര തലത്തിൽ ഇതുവരെ ഏഴു കളികളിൽനിന്ന് 83 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.

‘ട്വന്റി20 ഫോർമാറ്റിൽ വിജയിക്കുന്നതിനേക്കാൾ കൂടുതൽ പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. എങ്കിലും ട്വന്റി20ക്കായി ഞാൻ നടത്തുന്ന തയാറെടുപ്പുകളിൽ പൂർണ തൃപ്തനാണ്. ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും ഭംഗിയായി ചെയ്യാൻ തന്നെയാണ് ശ്രമം. ക്രിക്കറ്റ് സത്യത്തിൽ രസകരമായൊരു കളിയാണ്. ഉദ്ദേശിക്കുന്ന ഫലം എന്നുമുതലാണ് ലഭിച്ചു തുടങ്ങുകയെന്ന് ഒരിക്കലും മുൻകൂട്ടി പറയാനാകില്ല’ – സഞ്ജു പറഞ്ഞു.

‘പരമാവധി റൺസ് നേടാൻ തന്നെയാണ് എന്നും എന്റെ ശ്രമം. ബാറ്റിങ്ങിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ വിക്കറ്റ് കീപ്പറെന്ന നിലയിൽ മാത്രമല്ല, സാധാരണ ഫീൽഡറെന്ന നിലയിലും ഞാൻ കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരമെന്ന നിലയിൽ കൂടുതൽ മേഖലകളിൽ ശോഭിക്കാൻ ഇതെന്നെ സഹായിച്ചിട്ടുണ്ട്. ബാറ്റിങ്ങായാലും ഫീൽഡിങ്ങായാലും വിക്കറ്റ് കീപ്പിങ്ങായാലും എന്തു ജോലി ചെയ്യാനും തയാർ’ – സഞ്ജു പറഞ്ഞു.

English Summary: 'My Dream Is To Play Test Cricket,' Says Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com