ADVERTISEMENT

യോയോ ടെസ്റ്റിൽ (കായിക താരങ്ങളുടെ ശാരീരിക ക്ഷമത അളക്കുന്ന വിദ്യ) പാസ് മാർക്ക് മാത്രം വാങ്ങിശീലിച്ച, വിക്കറ്റിനിടയിലെ ഓട്ടക്കാരിൽ ശരാശരിക്കാരനായ, സിക്സ് പാക്കിനുവേണ്ടി മത്സരിക്കുന്നവർക്കിടയിൽ തന്റെ ‘ഫാമിലി പാക്കിൽ’ സന്തോഷം കണ്ടെത്തുന്ന ആളാണ് രവിചന്ദ്രൻ അശ്വിൻ എന്ന ഇന്ത്യയുടെ സ്വന്തം ആഷ്. ഒരു ക്രിക്കറ്റ് താരത്തിനു വേണ്ട ശരീരഭാഷയോ മെയ്‌വഴക്കമോ ഇല്ലെങ്കിലും എതിരാളിയുടെ ബലമറിഞ്ഞ് തന്ത്രങ്ങൾ നെയ്തുകൂട്ടാനുള്ള കഴിവാണ് അശ്വിനെ വ്യത്യസ്തനാക്കുന്നത്.

∙ ബോളിങ് ആക്‌ഷൻ

ബോളർമാരെ സംബന്ധിച്ചിടത്തോളം അവരുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നത് അവരുടെ ബോളിങ് ആക്‌ഷനാണ്. ബാറ്റിങ്ങിൽ കോപ്പി ബുക്ക് ഷോട്ട്സ് എന്നപോലെ ബോളിങ്ങിലും നിരവധി കോപ്പി ബുക്ക് ആക്‌ഷൻസ് ഉണ്ട്. ലസിത് മലിംഗ, പോൾ ആഡംസ്, ജസ്പ്രീത് ബുമ്ര തുടങ്ങി ഔട്ട് ഓഫ് സിലബസ് ആക്‌ഷൻസുമായി ബോളിങ്ങിൽ വെന്നിക്കൊടിപാറിച്ച ചുരുക്കം താരങ്ങളുണ്ടെങ്കിലും ഭൂരിഭാഗം ബോളർമാരും ഇന്നും ക്രിക്കറ്റിലെ ഓർത്തഡോക്സ് ബോളിങ് ശൈലികൾ പിന്തുടരുന്നവരാണ്. ആക്‌ഷന്റെ കാര്യത്തിലും അശ്വിൻ മറ്റ് സ്പിന്നർമാരിൽ നിന്നും വ്യത്യസ്തനാണ്.

പൊതുവേ ഒരു സ്പിന്നർ പന്ത് ടേൺ ചെയ്യിക്കുന്നത് തങ്ങളുടെ വിരൽ ഉപയോഗിച്ചോ കൈക്കുഴ ഉപയോഗിച്ചോ ആണ് (ഓഫ് സ്പിന്നർമാരും ലെഗ് സ്പിന്നർമാരും). എന്നാൽ ഇതിനൊപ്പം അവരുടെ ശരീര ചലനങ്ങളും പന്തിന്റെ ടേണിനെ സ്വാധീനിക്കുന്നു. ബാറ്റ്സ്മാനു നേരെ റണ്ണപ്പുമായി എത്തി ബോളിങ് ക്രീസിൽ നിന്നു തൊണ്ണൂറു ഡിഗ്രി ചരിഞ്ഞ് ഉയർന്നുചാടി, തങ്ങളുടെ ടോയിൽ ലാൻഡ് ചെയ്ത് ശരീരം വീണ്ടും തൊണ്ണൂറു ഡിഗ്രി തിരിച്ചാണ് ഒരു ശരാശരി സ്പിന്നർ പന്തെറിയുന്നത്. എന്നാൽ അശ്വിന്റെ ആക്‌ഷൻ പലപ്പോഴും ബാറ്റ്സമാനെ അഭിമുഖീകരിക്കുന്ന രീതിയിലാണ്. ഇതിലൂടെ അവസാന നിമിഷം വരെ ബാറ്റ്സ്മാനെ നിരീക്ഷിക്കാനും അതിലൂടെ അവസാന നിമിഷത്തിൽ ആവശ്യമായ ബോളിങ് അഡ്ജസ്റ്റ്മെന്റുകൾ വരുത്താനും അശ്വിനു സാധിക്കുന്നു. 

∙ പലതുണ്ട്, പല സൈസി‍ൽ

ദക്ഷിണാഫ്രിക്കൻ സ്പിന്നർ യൊഹാൻ ബോത്തയ്ക്കുശേഷം ഇത്രയധികം വൈവിധ്യമാർന്ന പന്തുകൾ കൈവശമുള്ള സ്പിന്നർ ഒരു പക്ഷേ അശ്വിനായിരിക്കും. ബോത്തയ്ക്കു പക്ഷേ, വൈവിധ്യങ്ങളുടെ അതിപ്രസരം കാരണം തന്റെ ഫോം നഷ്ടപ്പെടുകയും പെട്ടെന്നു തന്നെ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുകയും ചെയ്യേണ്ടി വന്നു. എന്നാൽ അശ്വിൻ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടു. ഒരു പെർഫെക്ട് ഓഫ് സ്പിന്നറായി കരിയർ ആരംഭിച്ച അശ്വിൻ, ട്വിന്റി20 ക്രിക്കറ്റിലായിരുന്നു ആദ്യ കാലങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുകൊണ്ടുതന്നെ കാരം ബോൾ, ദൂസര തുടങ്ങിയ സൂത്രപ്പണികൾ അശ്വിൻ പലതവണ പരീക്ഷിച്ചു. എന്നാൽ ടെസ്റ്റ് സ്പെഷലിസ്റ്റായി പേരെടുത്തതോടെ ഇത്തരം പരീക്ഷണങ്ങൾ ഉപേക്ഷിക്കുകയും വീണ്ടും ഓർത്തഡോക്സ് ഓഫ് സ്പിന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പക്ഷേ, ഏകദിന മത്സരങ്ങളിലേക്കു തിരിച്ചുവരാൻ അവസരം ലഭിച്ചപ്പോൾ ഇനി ഒരൽപം ലെഗ് സ്പിൻ ആകാം എന്നു അശ്വിൻ തീരുമാനിച്ചു. സുനിൽ നരെയ്ന്റെ അവിശ്വസനീയ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ആക്‌ഷൻ അതുപോലെ പകർത്താനും അശ്വിനെ പ്രേരിപ്പിച്ചു. എന്നാൽ ഇതെല്ലാം വിമർശനങ്ങൾക്കു വഴിവച്ചതല്ലാതെ അശ്വിന്റെ കരിയറിനു ഗുണം ചെയ്തില്ല. അതോടെ വീണ്ടും തന്റെ ക്ലാസിക് ഓഫ് സ്പിന്നിലേക്ക് തന്നെ അശ്വിൻ ചുവടുമാറ്റി.

∙ തുടക്കം ബാറ്റ്സ്മാനായി

തന്റെ ക്രിക്കറ്റ് കരിയർ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ ആരംഭിച്ച അശ്വിൻ, ഇന്ത്യൻ അണ്ടർ 17 ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായി കളിച്ചിട്ടുണ്ട്. എന്നാൽ ഫോം കണ്ടെത്താൻ വിഷമിച്ച അശ്വിനു പകരം മറ്റൊരു ഓപ്പണറെ കണ്ടെത്താൻ അന്നത്തെ സിലക്‌ഷൻ കമ്മിറ്റി തീരുമാനിച്ചു. അശ്വിന് പകരക്കാരനായി അന്നെത്തിയ ഓപ്പണറാണ് രോഹിത് ഗുരുനാഥ് ശർമ!

പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പലപ്പോഴും ഓപ്പണിങ് ബാറ്റ്സ്മാനായി കളിച്ചിട്ടുണ്ടെങ്കിലും തന്റെ കരിയറിന് കൂടുതൽ ഇണങ്ങുക സ്പിന്നറുടെ റോളാണെന്ന തിരിച്ചറിവ് അശ്വിനെ ഒരു സ്പെഷലിസ്റ്റ് സ്പിന്നറാകാൻ പ്രേരിപ്പിച്ചു. സമയോചിതമായ ഇത്തരം തീരുമാനങ്ങളാണ് അശ്വിന്റെ കരിയറിനെ ഉടനീളം സ്വാധീനിച്ചതും. നിലവിൽ ഇന്ത്യൻ ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നറാണെങ്കിലും 4 ടെസ്റ്റ് സെഞ്ചുറികൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. വാലറ്റത്തെ കൂട്ടുപിടിച്ച് പലപ്പോഴും അശ്വിൻ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ ടീം ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നു രക്ഷിച്ചിട്ടുണ്ട്. 

∙ ചാണക്യതന്ത്രം

നിലമറിഞ്ഞു വിതയ്ക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളാണ് അശ്വിൻ. ഒരു മത്സരത്തിനിറങ്ങുന്നതിനു മുൻപ് തന്റെ ബലത്തേക്കാൾ എതിരാളിയുടെ ദൗർബല്യങ്ങളെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടതെന്ന് അശ്വിൻ വിശ്വസിക്കുന്നു. ലോക്ഡൗൺ കാലം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിന് ലോകോത്തര ബാറ്റ്സ്മാൻമാരുടെ വിഡിയോകൾ കണ്ട് അവരുടെ കളിമികവ് വിലയിരുത്തുകയും അവരെ കുരുക്കാനുള്ള തന്ത്രങ്ങൾ മെനയുകയുമായിരുന്നു എന്നായിരുന്നു അശ്വിന്റെ മറുപടി. ഇതിന്റെ ഗുണം ലഭിച്ചത് ടീം ഇന്ത്യയ്ക്കും. ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ രണ്ടു തവണ സ്റ്റീവ് സ്മിത്തിനെ കുരുക്കിയ അശ്വിൻ താൻ കൃത്യമായ ഹോം വർക്കുകൾ ചെയ്താണ് വന്നിരിക്കുന്നത് ഒരിക്കൽ കൂടി തെളിയിച്ചു. ഓഫ് സ്റ്റംപിലേക്ക് ഷഫിൾ ചെയ്തു കളിക്കാൻ പ്രവണതയുള്ള സ്മിത്തിനെ കുരുക്കാൻ തന്റെ ലൈൻ മിഡിൽ സ്റ്റംപിൽനിന്നു ഓഫ് സ്റ്റംപിലേക്കു മാറ്റി. ഓഫ് സ്പിന്നർമാരെ ലെഗ് ഗ്ലാൻസ് ചെയ്യാൻ താൽപര്യമുള്ള സ്മിത്തിനെ ആം ബോളും ടോപ് സ്പിന്നുമായി വട്ടം കറക്കി. രണ്ടു തവണയും പന്ത് ലെഗ് ഗ്ലാൻസ് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു സ്മിത്ത് പുറത്തായത്. അശ്വിൻ എന്ന ചാണക്യന്റെ മാസ്റ്റർ പ്ലാൻ.

∙ ഓൾ ട്രാക്ക് ബുള്ളി

 ഇന്ത്യൻ ബാറ്റ്സ്മൻമാർ എപ്പോഴും നേരിടുന്ന വിമർശനമാണ് ഫ്ലാറ്റ് ട്രാക്ക് ബുള്ളി എന്ന വിളി. ഫ്ലാറ്റ് വിക്കറ്റുകളിൽ മാത്രം തിളങ്ങുന്നു എന്നതായിരുന്നു അതിനു കാരണം. അതുപോലെ ഏഷ്യൻ വിക്കറ്റുകളിൽ മാത്രം തിളങ്ങുന്നവരാണ് ഇന്ത്യൻ സ്പിന്നർമാരെന്നും ഏഷ്യയ്ക്കു പുറത്ത് അവർ നിസ്സഹായരാണെന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. അനിൽ കുംബ്ലൈയെപ്പോലെ വളരെ ചുരുക്കും സ്പിന്നർമാർ മാത്രമേ ഏഷ്യയ്ക്കു പുറത്തുള്ള വിക്കറ്റുകളിലും തങ്ങളുടെ സ്പിൻ മാന്ത്രികത പുറത്തെടുത്തിട്ടുള്ളു. ഇംഗ്ലണ്ട് ടൂറിനു മുൻപ് കൗണ്ടി കളിക്കാൻ പോകുന്ന, ആഭ്യന്തര ക്രിക്കറ്റിനായി എപ്പോഴും സമയം കണ്ടെത്തുന്ന,  ഒഴിവുസമയം തന്റെ ക്രിക്കറ്റ് അക്കാദമിയിൽ ചെലവഴിക്കുന്ന, ക്രിക്കറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും അതിനായി ശാരീരിക തയാറെടുപ്പുകളെക്കാൾ ഉപരി മാനസ്സികമായി തയാറെടുക്കുകയും ചെയ്യുന്ന അശ്വിൻ കരിയർ അവസാനിപ്പിക്കുമ്പോൾ ലോകത്തെ എണ്ണം പറഞ്ഞ സ്പിന്നർമാരുടെ പട്ടികയിൽ തന്റെ പേരും പ്രഥമ ശ്രേണിയിൽ തന്നെ എഴുതിച്ചേർക്കമെന്ന കാര്യത്തിൽ സംശയമില്ല.

∙ അശ്വിൻ സ്റ്റാറ്റ്സ്

ടെസ്റ്റ്– മത്സരങ്ങൾ   റൺസ്   വിക്കറ്റ്   മികച്ച പ്രകടനം

             73               2418        375           7/59

ഏകദിനം– 111            675         150           4/25

ട്വന്റി20   – 46              123          52            4/8

English Summary: R Ashwin cricket career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com