ADVERTISEMENT

കോവിഡ് വ്യാപനം നിശ്ചലമാക്കിയ ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങൾ വീണ്ടും സജീവമാക്കി വിവിധ നഗരങ്ങളിലായി തുടക്കമായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ശ്രദ്ധേയ പ്രകടനങ്ങളുമായി ഒരുപടി താരങ്ങൾ. ദീപക് ഹൂഡ വിവാദത്തിൽ കുരുങ്ങിയ ക്രുനാൽ പാണ്ഡ്യ, ഐപിഎൽ 13–ാം സീസണിനായി യുഎഇയിലെത്തിയശേഷം പിൻമാറിയ സുരേഷ് റെയ്ന, ഇന്ത്യൻ ടീമിലെ ഇടം നഷ്ടമായ ദിനേഷ് കാർത്തിക്, പരുക്കുമാറിയെത്തിയ ഭുവനേശ്വർ കുമാർ തുടങ്ങിയവരാണ് ആദ്യദിനം മിന്നിത്തിളങ്ങിയ ചില താരങ്ങൾ. ഇവരുടെ കരുത്തിൽ തമിഴ്നാട്, കർണാടക, ബറോഡ ടീമുകൾ ആദ്യ ദിനം ജയിച്ചുകയറി.

∙ ‘ക്രുനാൽക്കരുത്തി’ൽ മുംബൈ

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് തുടക്കമാകാൻ ഒരു ദിവസം ശേഷിക്കെ വൈസ് ക്യാപ്റ്റൻ ദീപക് ഹൂഡ കടുത്ത വിമർശനമുയർത്തി ടീം വിട്ടതോ, പിന്നാലെ ബറോഡ ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതിയതോ ടീം ക്യാപ്റ്റൻ കൂടിയായ ക്രുനാൽ പാണ്ഡ്യയെ തെല്ലും ബാധിച്ചില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത ക്രുനാലിന്റെ മികവിൽ ആദ്യ മത്സരത്തിൽ ബറോഡ ജയിച്ചുകയറി. ഉത്തരാഖണ്ഡിനെതിരെ അഞ്ച് റൺസിനാണ് ബറോഡയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. 42 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 76 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബറോഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 30 പന്തിൽ 41 റൺസെടുത്ത സ്മിത് പട്ടേലിന്റെ പ്രകടനവും നിർണായകമായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ പോരാട്ടം 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 163 റൺസിൽ അവസാനിച്ചു. മുംബൈയ്ക്കായി പാണ്ഡ്യ നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

∙ കർണാടകയ്ക്ക് വിജയത്തുടക്കം

നിലവിലെ ചാംപ്യൻമാരായ കർണാടകയും ആദ്യ ദിനം വിജയത്തോടെ തന്നെ തുടങ്ങി. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 43 റൺസിനാണ് കർണാടക ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. 31 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 48 റൺസെടുത്ത വിക്കറ്റ് കീപ്പർ ശ്രീജിത്താണ് ടോപ് സ്കോറർ. ജമ്മു കശ്മീരിന്റെ മറുപടി 18.4 ഓവറിൽ 107 റൺസിൽ അവസാനിച്ചു. 3.4 ഓവറിൽ 34 റൺസ് വഴങ്ങി പ്രാസിദ് കൃഷ്ണ മൂന്നു വിക്കറ്റ് പിഴുതു.

∙ ‘അക്സർക്കരുത്തി’ൽ ഗുജറാത്ത്

ഇന്ത്യൻ താരം കൂടിയായ ക്യാപ്റ്റൻ അക്സർ പട്ടേൽ മുന്നിൽനിന്ന് പടനയിച്ച മത്സരത്തിൽ ഗുജറാത്തും വിജയം നേടി. മഹാരാഷ്ട്രയ്‌ക്കെതിരെ 29 റൺസിനാണ് ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 23 പന്തിൽ അഞ്ച് ഫോറുകളോടെ 30 റൺസെടുത്ത അക്സർ പട്ടേലാണ് ടോപ് സ്കോറർ. മഹാരാഷ്ട്രയുടെ മറുപടി 19.3 ഓവറിൽ 128 റണ്‍സിൽ അവസാനിച്ചു. 3.3 ഓവറിൽ 19 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ അർസാൻ നാഗ്വസ്‌വല്ലയാണ് മഹാരാഷ്ട്രയെ എറിഞ്ഞുവീഴ്ത്തിയത്.

∙ കാർത്തിക് തിളങ്ങി, തമിഴ്നാട് ജയിച്ചു

ദിനേഷ് കാർത്തിക്, വിജയ് ശങ്കർ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ അണിനിരന്ന തമിഴ്നാടും ടൂർണമെന്റിൽ വിജയത്തുടക്കമിട്ടു. ജാർഖണ്ഡിനെ നേരിട്ട തമിഴ്നാട് 66 റൺസിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ഓപ്പണറായിറങ്ങിയ 64 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 92 റണ്‍സുമായി പുറത്താകാതെ നിന്ന ഹരി നിശാന്താണ് അവരുടെ ടോപ് സ്കോറർ. 17 പന്തിൽ മൂന്നു ഫോറും നാലു  സിക്സും സഹിതം അതിവേഗം 46 റൺസെടുത്ത ക്യാപ്റ്റൻ കൂടിയായ ദിനേഷ് കാർത്തിക്കിന്റെ പ്രകടനവും നിർണായകമായി. മറുപടി ബാറ്റിങ്ങിൽ ജാർഖണ്ഡിന് നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രം. ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ ഒൻപത് റൺസെടുത്ത് പുറത്തായി. കേരളത്തിൽനിന്ന് ഈ സീസണിൽ തമിഴ്നാട്ടിലേക്ക് മാറിയ പേസ് ബോളർ സന്ദീപ് വാര്യർ രണ്ടു വിക്കറ്റെടുത്തു. അരങ്ങേറ്റ മത്സരം കളിച്ച സോനു യാദവിന് മൂന്ന് വിക്കറ്റും ലഭിച്ചു.

∙ റെയ്ന തിരിച്ചെത്തി, ഭുവിയും

പഞ്ചാബിനെതിരായ മത്സരത്തിൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ബാറ്റിങ്ങിലും ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ ബോളിങ്ങിലും തിളങ്ങിയിട്ടും ഉത്തർപ്രദേശ് തോറ്റു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 134 റൺസ്. ഭുവനേശ്വർ കുമാർ ഉത്തർപ്രദേശിനായി നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അങ്കിത് രാജ്പുത്ത് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സുരേഷ് റെയ്ന അർധസെഞ്ചുറി നേടിയെങ്കിലും (50 പന്തിൽ പുറത്താകാതെ 56) ഉത്തർപ്രദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 123 റൺസ് മാത്രം.

∙ മറ്റു മത്സരങ്ങളിൽ ഹിമാചൽ പ്രദേശ് ഛത്തീസ്ഗഡിനെ 32 റൺസിനും ബംഗാൾ ഒഡീഷയെ ഒൻപത് വിക്കറ്റിനും റയിൽവേസ് ത്രിപുരയെ ആറു വിക്കറ്റിനും തോൽപ്പിച്ചു.

English Summary: Syed Mushtaq Ali Trophy Day 1 round-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com