ADVERTISEMENT

‘മുറിവേറ്റു, തകർന്നു. പക്ഷേ ശീലത്തിന് ഒരു മാറ്റവുമില്ല’– സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയശേഷം ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ വാക്കുകൾ. ഇന്ത്യയ്ക്കു മുൻപിൽ 407 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുമ്പോൾ, ഒരുപക്ഷേ സന്ദർശകർക്ക് ഒരു ശതമാനം പോലും വിജയസാധ്യത ആരും കൽപിച്ചിരിക്കില്ല.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു. പിന്നെ സമനിലയെന്ന വിദൂര സ്വപ്നം മാത്രമായിരുന്നു ബാക്കി. ക്യാപ്റ്റന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, ഇന്ത്യൻ ടീം മുറിവേറ്റുവരും തകർന്നവരുമായിരുന്നു. ഒരുവശത്ത് പ്ലേയിങ് ഇലവനിലെ മൂന്നു പേർ പരുക്കിന്റെ പിടിയിൽ. മറുവശത്ത് ടീമിലെ രണ്ടു പേർക്കെതിരെ നടന്ന വംശീയാധിക്ഷേപത്തിന്റെ മുറിവ്. 

ശക്തമായ ഓസീസ് ബോളിങ്ങിനെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ എത്രനേരം പ്രതിരോധിക്കുമെന്നത് മാത്രമായിരുന്നു അ‍‍ഞ്ചാം ദിനത്തിലെ ആകാംക്ഷ. പക്ഷേ, ‘മുറിവേറ്റ സിംഹ’ത്തിന്റെ ഗർജനം ഓസീസ് ബോളർാരെ വിറപ്പിച്ചു! തളർത്തിയെന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. സിഡ്നിയിലെ പൊരിവെയിലത്ത് 582 പന്തുകളാണ് (എക്സ്ട്രാകൾ കൂടാതെ) ഓസീസ് ബോളർമാർ എല്ലാവരും ചേർന്ന് അ‍ഞ്ചാംദിനം എറിഞ്ഞത്. പ്രത്യേകിച്ച് ഒരു ഗുണവും ലഭിച്ചതുമില്ല.

∙ വേദനസംഹാരിയുടെ കരുത്തിൽ...

താരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഫോമിലുള്ള രവീന്ദ്ര ജഡേജയുടെ പരുക്കാണ് ഒന്നാം ഇന്നിങ്സ് കഴിഞ്ഞതു മുതൽ‌ ഇന്ത്യയെ വലച്ചത്. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കയ്യിൽ കൊണ്ടാണ് ജഡേജയുടെ വിരലിനു പരുക്കേറ്റത്. ജഡേജയ്ക്കു പകരം മായങ്ക് അഗർവാളാണ് പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ നാല് വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഒരു പന്ത് പോലും എറിയാൻ സാധിക്കാതിരുന്നത് മത്സരഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പ്.

ഇതോടെ സാമാന്യം ഭേദപ്പെട്ട ലീഡ് നേടിയ ആതിഥേയർ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ജഡേജ ആവശ്യമെങ്കിൽ ബാറ്റിങ്ങിന് ഇറങ്ങുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. കൈവിരലിന് പ്ലാസ്റ്ററിട്ട്, കുത്തിവയ്പ്പെടുത്ത് താരം ബാറ്റു െചയ്യാനെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഋഷഭ് പന്ത്, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ എന്നിവർ അസാമാന്യ മികവോടെ ഓസീസ് ബോളിങ് ആക്രമണത്തെ പ്രതിരോധിച്ചതോടെ ജഡേജയ്ക്കു ബാറ്റു ചെയ്യേണ്ടി വന്നില്ല.

ജഡേജയ്ക്കു മുൻപേ ബാറ്റിങ്ങിനിടെ പരുക്കേറ്റ മറ്റൊരാൾ ടീമിലുണ്ടായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഇതോടെ രണ്ടാം ഇന്നിങ്സിൽ വൃദ്ധിമാൻ സാഹയാണ് പന്തിനു പകരം വിക്കറ്റ് കാത്തത്. പക്ഷേ വേദനസംഹാരി കഴിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഇന്നിങ്സിന് ജീവൻ പകർന്നത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ പന്ത് 12 ഫോറുകളും മൂന്നു സിക്സറുകളും സഹിതം 97 റൺസെടുത്തു. സെഞ്ചുറി നഷ്ടമായത് നിർഭാഗ്യം കൊണ്ടു മാത്രം. 

പിന്നാലെയെത്തിയ വിഹാരിക്ക് പൂജാര പുറത്താകുന്നതിന് മുൻപുതന്നെ കാലിനു പരുക്കേൽക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി ‘വൻമതിൽ’ തീർത്തെങ്കിലും ബാറ്റിങ്ങിനിടെയുണ്ടായ ഓരോ ഇടവേളകളിലും വിഹാരി, പെയ്ൻ കില്ലർ ഉപയോഗിക്കുന്നത് ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മത്സരത്തിനുശേഷം വിഹാരിയെ സ്കാനിങ്ങിന് വിധേയനാക്കി. താരം അടുത്ത ടെസ്റ്റിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചുണ്ട്.

∙ ആ മുറിവ് ഉണങ്ങില്ല

പരമ്പരയ്ക്കിടെ നിരവധി താരങ്ങൾക്ക് പരുക്കേറ്റെങ്കിലും ഇന്ത്യയെ അതിലും വേദനിപ്പിച്ചിരിക്കുക ഓസ്ട്രേലിയൻ കാണികളാകും. സിഡ്നി ടെസ്റ്റിനിടെ പേസ് ബോളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർക്കെതിരെ നടന്ന വംശീയാധിക്ഷേപത്തിന്റെ മുറിവ് എങ്ങനെ മായും? ഓസീസ് രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോൾ ‘ബ്രൗൺ ഡോഗ്’, ‘ബിഗ് മങ്കി’ തുടങ്ങിയ വിളികളുമായാണ് സിഡ്നിയിലെ കാണികളിൽ ചിലർ ഇരുവരേയും അധിക്ഷേപിച്ചത്.  

ടിം പെയ്നും സംഘത്തിനുമെതിരെ നേടിയ ഐതിഹാസിക സമനില ഈ അധിക്ഷേപങ്ങൾക്കുള്ള ചെറിയ മറുപടി മാത്രമാണ്. ‘ജെന്റിൻസ്മാൻ ഗെയിമി’ൽ ക്ഷമയുടെ പ്രതിരൂപമായി മാറിയാണ് ഇന്ത്യ മത്സരം തിരിച്ചുപിടിച്ചത്. എങ്കിലും ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്കേറ്റ മുറിവുണങ്ങാൻ സമയമെടുക്കും.

English Summary: India, Australia 3rd Test, Sydney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com