ADVERTISEMENT

മുംബൈ∙ ഏഴു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പേസ് ബോളർ ശ്രീശാന്തിന് വിജയത്തുടക്കമിട്ട് സ്വാഗതമോതി കേരളം. ശ്രീശാന്ത് വിക്കറ്റെടുത്ത് തിരിച്ചുവരവ് കൊഴുപ്പിച്ച മത്സരത്തിൽ പുതുച്ചേരിക്കെതിരെ ആറു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. കേരളം 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറർ.

വിഷ്ണു വിനോദ് (11 പന്തിൽ ഒരു ഫോർ സഹിതം 11), സൽമാൻ നിസാർ (18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20) എന്നിവർ പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (18 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 30), റോബിൻ ഉത്തപ്പ (12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 21), സച്ചിൻ ബേബി (19 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പുതുച്ചേരിക്കായി അഷിത് രാജീവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

139 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പയും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. പുതുച്ചേരി‍ ബോളർമാരെ കടന്നാക്രമിച്ച ഇരുവരും അഞ്ചാം ഓവറിൽത്തന്നെ കേരളത്തിന്റെ സ്കോർ 50 കടത്തി. സ്കോർ 52ൽ നിൽക്കെ മുഹമ്മദ് അസ്ഹറുദ്ദീനും 58ൽ നിൽക്കെ റോബിൻ ഉത്തപ്പയും പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റിൽ ശ്രദ്ധയോടെ ബാറ്റു ചെയ്ത സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ 100 കടത്തിയത്. ഇരുവരും എട്ട് റൺസിന്റെ ഇടവേളയിൽ മടങ്ങിയെങ്കിലും വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന് ടീമിെന വിജയത്തിലെത്തിച്ചു.

∙ ശ്രദ്ധ നേടി ശ്രീശാന്ത്

നേരത്തെ, ശ്രീശാന്തിന്റെ തിരിച്ചുവരവിനൊപ്പം അതിഥി താരം ജലജ് സക്സേനയുടെ മൂന്നു വിക്കറ്റ് നേട്ടവും നിറംചാർത്തിയ ഇന്നിങ്സിനൊടുവിലാണ്, പുതുച്ചേരിയെ കേരളം 138 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തത്. അവസാന പന്തിലെ സിക്സർ സഹിതം 29 പന്തിൽ 33 റൺസെടുത്ത അഷിത് രാജീവാണ് പുതുച്ചേരിയുടെ ടോപ് സ്കോറർ. ആകെ മൂന്നു സിക്സറുകൾ സഹിതമാണ് രാജീവ് 27 റൺസെടുത്തത്. താമരക്കണ്ണൻ 18 പന്തിൽ ഒരു ഫോർ സഹിതം 16 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് പുതുച്ചേരി ഇന്നിങ്സിന്റെ നട്ടെല്ല്.

ഹിമാചൽ പ്രദേശിൽനിന്നും അതിഥി താരമായി കളിക്കാനെത്തിയ പരസ് ദോഗ്ര 24 പന്തിൽ നേടിയ 26 റൺസെടുത്തു. നാലു ഫോറുകൾ ഉൾപ്പെടുന്നതാണ് ദോഗ്രയുടെ ഇന്നിങ്സ്. സൗരാഷ്ട്രയിൽനിന്നെത്തിയ മറ്റൊരു അതിഥി താരം ഷെൽഡൺ ജാക്സൻ 16 പന്തിൽ 17 റൺസുമായി റണ്ണൗട്ടായി. പരസ് ദോഗ്രയുമായുള്ള ധാരണപ്പിശകിലാണ് ജാക്സൻ മടങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ ഡി. രോഹിത് (13 പന്തിൽ 12), വിഘ്നേശ്വരൻ കാളിമുത്തു (0), സാഗർ ത്രിവേദി (11 പന്തിൽ 14) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, പുതുച്ചേരിയുടെ ഓപ്പണർ ഫാബിദ് അഹമ്മദിനെ ക്ലീൻ ബൗൾഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്. ഏഴു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസുമായാണ് ഫാബിദ് ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിലാകെ ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത അതിഥി താരം ജലജ് സക്സേനയാണ് കേരള ബോളർമാരിൽ കൂടുതൽ തിളങ്ങിയത്. കെ.എം. ആസിഫ് നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബേസിൽ തമ്പി നാല് ഓവറിൽ 32 റൺസും എസ്. മിഥുൻ നാല് ഓവറിൽ 21 റൺസും വഴങ്ങിയെങ്കിലും വിക്കററ്റൊന്നും ലഭിച്ചില്ല.

English Summary: Kerala vs Puducherry, Elite Group E - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com