ADVERTISEMENT

മുംബൈ∙ നീണ്ട കാലത്തെ ഇടവേളയ്ക്കും കാത്തിരിപ്പിനുമൊടുവിൽ വിജയശ്രീലാളിതനായി ആരാധകരുടെ സ്വന്തം ശ്രീശാന്ത് വീണ്ടും കളത്തിൽ. കോവിഡ് വ്യാപനം സൃഷ്ടിച്ച 10 മാസം പിന്നിട്ട ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾക്ക് തുടക്കം കുറിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം ശ്രീശാന്തിന്റെ തിരിച്ചുവരവെന്നത് യാദൃച്ഛികമായി. ഒരു പതിറ്റാണ്ട് മുൻപ് ഏകദിന ലോകകപ്പ് വിജയമാഘോഷിച്ച വാങ്കഡെ സ്റ്റേഡിയത്തിൽ പുതുച്ചേരിക്കെതിരെ വിക്കറ്റ് നേട്ടവുമായാണ് ശ്രീശാന്ത് തിരിച്ചുവരവ് ആഘോഷിച്ചത്. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശ്രീശാന്ത്, കേരളത്തിന്റെ വിജയത്തിൽ തന്റെ സംഭാവനയും ഉറപ്പാക്കി.

പുതുച്ചേരിയുടെ ഓപ്പണർ ഫാബിദ് അഹമ്മദിനെ ക്ലീൻ ബൗൾഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്. ഏഴു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസുമായാണ് ഫാബിദ് ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ചത്. മത്സരത്തിലാകെ ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. നാലാമത്തെ ഓവറും പൂർത്തിയാക്കിയാക്കി പിച്ചിനെ വന്ദിച്ച ശേഷമാണ് ശ്രീശാന്ത് കളം വിട്ടത്. പിച്ചിനെ വന്ദിക്കുന്ന ശ്രീശാന്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇനി കരുത്തരായ മുംബൈയ്‌ക്കെതിരെ ഈ മാസം 13നാണ് ശ്രീശാന്തിന്റെയും കേരളത്തിന്റെയും അടുത്ത പടപ്പുറപ്പാട്.

ഒരിക്കൽക്കൂടി ഇന്ത്യയ്ക്കായി ലോകകപ്പ് ജയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീശാന്ത് പ്രഖ്യാപിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കു മുന്നോടിയായി മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തന്റെ സ്വപ്നത്തെക്കുറിച്ച് ശ്രീശാന്ത് മനസ്സു തുറന്നിരുന്നു:

‘ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്നതു നല്ലൊരു തുടക്കമാകട്ടെ. ഐപിഎല്ലിലും കളിക്കണം. എന്നാൽ പ്രധാന സ്വപ്നവും ലക്ഷ്യവും  ഇന്ത്യയുടെ നീലക്കുപ്പായംതന്നെ. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽ. അല്ലെങ്കിൽ 2023ലെ 50 ഓവർ ലോകകപ്പ് ടീമിൽ. ഇന്ത്യ 2 വട്ടം ലോകകപ്പ് ജയിച്ചപ്പോൾ ടീമിന്റെ ഭാഗമാകാനായി. ലോകകപ്പ് നേട്ടത്തിൽ ഒരു ഹാട്രിക്കാണു സ്വപ്നം. അങ്കത്തിനിറങ്ങുമ്പോൾ, വിജയിച്ചേ വരൂ ‍എന്ന ഫീലാണുള്ളത്. ഇന്ത്യ ജയിക്കണം. ഇന്ത്യയ്ക്കു വേണ്ടിത്തന്നെ കളിക്കണം’ – ശ്രീശാന്ത് പറഞ്ഞു.

‘13 ടെസ്റ്റ് വിക്കറ്റുകൾകൂടിയെടുത്തു ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കണം. എട്ടു വർഷം പോയി. ഇനി എറിയുന്ന ഓരോ പന്തും പ്രധാനമാണെനിക്ക്. രക്ഷപ്പെടാനുള്ള ബോളിങ് ഇല്ല. വിക്കറ്റെടുക്കാനുള്ള ബോളിങ്ങേയുള്ളൂ. കളിക്കുന്ന ടീമിനെ ജയിപ്പിക്കണം. 7 വർഷം ശ്രീശാന്തിനു കളിക്കാനായില്ലെന്നതു മാറി, 7 വർഷം ശ്രീശാന്തിനെ നമ്മൾ മിസ് ചെയ്തു എന്നു പറയുന്ന അവസ്ഥ വരണം, വരും’ – ശ്രീശാന്ത് പറഞ്ഞു.

English Summary: Sreesanth picks a wicket in return match and thanks the pitch after finishing the spell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com