sections
MORE

കളത്തിൽ കൂട്ടുകാരെ സൃഷ്ടിക്കാറില്ല: മുന്നറിയിപ്പുമായി ശ്രീ ഇന്ന് വീണ്ടും കളത്തിൽ

sreesanth-sachin-baby
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി മുംബൈയിലെത്തിയ ശ്രീശാന്ത് സഹതാരം സച്ചിൻ ബേബിക്കൊപ്പം (കെസിഎ പങ്കുവച്ച ചിത്രം)
SHARE

ക്രിക്കറ്റ് താരം ശാന്തകുമാരൻ ശ്രീശാന്തിന്റെ ജീവിത ചരിത്രത്തിൽ പുതിയൊരധ്യായം തുടങ്ങുകയാണ് ഇന്ന് വൈകിട്ട് 7നു മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ. ഏഴു വർഷത്തെ വിലക്കും ഒരു വർഷത്തോളം നീണ്ട കോവിഡ് ഇടവേളയും പിന്നിട്ടു ശ്രീശാന്ത് കളിക്കാനിറങ്ങുന്നു. അതും കേരളത്തിനായി കളിച്ച് ദേശീയ മത്സരത്തിൽതന്നെ. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളം ആദ്യമത്സരത്തിൽ പുതുച്ചേരിക്കെതിരെ ഇറങ്ങുമ്പോഴാണു ശ്രീശാന്ത് പുതിയ ഇന്നിങ്സിലെത്തുക. 2011ൽ ഇന്ത്യക്കായി ലോകകപ്പ് ജയിച്ച അതേ വാംഖഡേ സ്റ്റേഡിയത്തിൽ.

കേരളത്തിൽനിന്നു മുംബൈയിലെത്തി ക്വാറന്റീൻ പൂർത്തിയാക്കിയ ടീമിനൊപ്പം പരിശീലനത്തിലായിരുന്ന ശ്രീശാന്ത് ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്.

എന്തു തോന്നുന്നു ശ്രീശാന്ത്? വാർത്തയിൽ നിറയുന്ന തിരിച്ചുവരവിനെക്കുറിച്ച്?

ഏറെ സന്തോഷം. ഒരുപാടു പേരോടു നന്ദി. കേരള ക്രിക്കറ്റ് അസോസിയേഷന്, താരങ്ങൾക്ക്, പരിശീലകർക്ക്. അതിലെല്ലാമുപരി എന്നും എനിക്കു താങ്ങും തണലുമായ മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾക്കും സഹോദരങ്ങൾക്കും. ഒപ്പം ക്രിക്കറ്റിനെപ്പോലെ എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ക്രിക്കറ്റ് ആരാധകർക്ക്.

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയെന്ന സ്വപ്നമില്ലേ?

∙ സംശയമെന്ത്? ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്നതു നല്ലൊരു തുടക്കമാകട്ടെ. ഐപിഎല്ലിലും കളിക്കണം. എന്നാൽ പ്രധാന സ്വപ്നവും ലക്ഷ്യവും ഇന്ത്യയുടെ നീലക്കുപ്പായംതന്നെ. ഈ വർഷത്തെ ട്വെന്റി–20 ലോകകപ്പ് ടീമിൽ. അല്ലെങ്കിൽ 2023ലെ 50 ഓവർ ലോകകപ്പ് ടീമിൽ. ഇന്ത്യ 2 വട്ടം ലോകകപ്പ് ജയിച്ചപ്പോൾ ടീമിന്റെ ഭാഗമാകാനായി. ലോകകപ്പ് നേട്ടത്തിൽ ഒരു ഹാട്രിക്കാണു സ്വപ്നം. അങ്കത്തിനിറങ്ങുമ്പോൾ, വിജയിച്ചേ വരൂ ‍എന്ന ഫീലാണുള്ളത്. ഇന്ത്യ ജയിക്കണം. ഇന്ത്യയ്ക്കു വേണ്ടിത്തന്നെ കളിക്കണം.

ടെസ്റ്റിൽ?

∙ 13 ടെസ്റ്റ് വിക്കറ്റുകൾകൂടിയെടുത്തു ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കണം. എട്ടു വർഷം പോയി. ഇനി എറിയുന്ന ഓരോ പന്തും പ്രധാനമാണെനിക്ക്. രക്ഷപ്പെടാനുള്ള ബോളിങ് ഇല്ല. വിക്കറ്റെടുക്കാനുള്ള ബോളിങ്ങേയുള്ളൂ. കളിക്കുന്ന ടീമിനെ ജയിപ്പിക്കണം. 7 വർഷം ശ്രീശാന്തിനു കളിക്കാനായില്ലെന്നതു മാറി, 7 വർഷം ശ്രീശാന്തിനെ നമ്മൾ മിസ് ചെയ്തു എന്നു പറയുന്ന അവസ്ഥ വരണം, വരും.

തുടക്കം കേരളത്തിനുവേണ്ടിത്തന്നെയാകുന്നതിൽ എന്തുതോന്നുന്നു?

∙ അഭിമാനം. ‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’ എന്നാണല്ലോ? പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കംമുതൽതന്നെ എല്ലാ പിന്തുണയും നൽകി. കെസിഎ അധികൃതരും സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ താരങ്ങളും ടിനു യോഹന്നാൻ അടക്കമുള്ള പരിശീലകരുമെല്ലാം ഒപ്പം നിന്നു, ചേർത്തുനിർത്തി. അതു വലിയ അനുഗ്രഹമാണ്. കേരളത്തിനായി മികച്ച പ്രകടനംതന്നെ കാഴ്ചവയ്ക്കും. വെറുതെവന്നു 2 ഓവർ എറിഞ്ഞു വിരമിക്കാനല്ല പരിപാടി. വിരമിക്കലെന്ന വാക്കേ എന്റെ നിഘണ്ടുവിൽ ഇപ്പോഴില്ല. 5 വർഷമെങ്കിലും ക്രിക്കറ്റിൽ തുടരും.

വിലക്കു തളർത്തിയില്ലേ?

∙ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റാണ് എനിക്കെല്ലാം. അതിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നതു വേദനിപ്പിച്ചു. എന്നാൽ, ഓരോ അനുഭവങ്ങളും ഓരോ പുതിയ പാഠങ്ങളാണ്. ഒരു വഴി അവസാനിക്കുന്നിടത്തു മറ്റൊന്നു തുടങ്ങും. ക്രിക്കറ്റ് താരങ്ങളോടോ മറ്റു കായികതാരങ്ങളോടോ മാത്രമല്ല, എല്ലാവരോടും പറയാനുള്ളതു ജീവിതത്തിൽ എന്തുവന്നാലും തളരരുതെന്നാണ്. നമ്മൾ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കണം. സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം സഫലമാകാൻ മറ്റുള്ളവർക്കു പ്രചോദനമാകണം. അതിനുള്ള ഉദാഹരണമാകണം. ശ്രീശാന്തിനെ കണ്ടില്ലേ, ഇത്രയൊക്കെ നേരിട്ടിട്ടും കളഞ്ഞിട്ടു പോയില്ലല്ലോ? എന്നു മറ്റുള്ളവർക്കു തോന്നണം. ഞാനൊരു പ്രചോദനമായെന്ന് ഒരാളെങ്കിലും പറഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ വിജയം. അതു ക്രിക്കറ്റായാലും ബിസിനസായാലും സംഗീതമായാലും സിനിമയായാലും.

ജീവിതത്തിൽ കരുത്തായത്?

∙ എന്റെ ഏറ്റവും വലിയ അനുഗ്രഹവും പിന്തുണയും കരുത്തും എന്റെ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളുമാണ്. അവരോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. മാത്രമല്ല, ലോകത്തെമ്പാടുമുള്ള മലയാളി സഹോദരങ്ങളും ക്രിക്കറ്റ് ആരാധകരും എനിക്കു കരുത്തായി നിന്നു. ഒരു ഘട്ടത്തിലും തളരുന്ന പ്രശ്നമേയില്ല. ജീവിക്കാനും പൊരുതാനുമുള്ള പ്രേരണ കിട്ടാൻ എന്റെ മാതാപിതാക്കളെ ഓർത്താൽ മതി. അമ്മ സാവിത്രി ദേവി കരുത്തിന്റെ മുഖമാണ്. രോഗംമൂലം ഇടതുകാൽ മുറിച്ചുകളയേണ്ടി വന്നിട്ടും അമ്മ പതറിയില്ല. വിലക്കിന്റെ കാലത്തെ വേദന അമ്മയുടെ രോഗാവസ്ഥയായിരുന്നു. അമ്മ കൃത്രിമക്കാലുമായി നടന്നുതുടങ്ങിയപ്പോൾ സന്തോഷം തോന്നി. നമ്മുടെ ഹൃദയം മിടിക്കുന്നതുവരെയും പൊരുതണമെന്നാണ് അച്ഛൻ പറയാറ്. പരമാവധി ആളുകളെ സഹായിക്കുക. മറ്റുള്ളവരെ സഹായിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും. ‘എല്ലാവരെയും സഹായിക്കുക, എല്ലാവരെയും സേവിക്കുക’ എന്നതുതന്നെ വലിയ പാഠം.

ഇപ്പോഴും ആ പഴയ വാശിക്കാരൻ തന്നെയാണോ?

∙ വാശി എന്റെ ബലഹീനതയാണ്. കളിയിലെ ആവേശത്തിന്റെ ഭാഗമാണത്. നിയന്ത്രണം വേണം. പക്ഷേ, അതൊരു കുപ്പിയിലടച്ചു സൂക്ഷിക്കുന്നതല്ലല്ലോ. വാശി കാണിക്കാനായി പരിശീലിച്ച് അങ്ങനെ വരുത്താൻ ശ്രമിക്കുന്നതുമല്ല. അപ്പപ്പോഴത്തെ അവസരത്തിൽ സ്വാഭാവികമായി അങ്ങനെ വരും. അത് അടക്കിവയ്ക്കാനാകില്ല. പിന്നെ, ക്രിക്കറ്റ് ഗ്രൗണ്ടിൽ കൂട്ടുകാരെയുണ്ടാക്കാൻ ഞാൻ ശ്രമിക്കാറില്ല. മൈതാനത്തു നടക്കുന്നതു യുദ്ധംതന്നെയാണ്. എന്നാൽ കളത്തിനു പുറത്ത് ഏറ്റവും മികച്ച സുഹൃത്തായിരിക്കുകയും ചെയ്യും. കളിയിലെ വാശി മനസ്സിൽ കൊണ്ടു നടക്കുന്ന പതിവുമില്ല. അതു കളിയിലെ കൂട്ടുകാർക്കും നന്നായറിയാം. ആരോടും വിരോധം കാണിക്കാനില്ല. അതിനൊന്നും സമയവുമില്ല. വയസ്സു 38 ആയില്ലേ.

ഇപ്പോൾ വാശിയെക്കാൾ കൂടെയുള്ളതു വിശ്വാസമാണ്. പ്രതീക്ഷ എന്നതിലുപരിയായ ആത്മവിശ്വാസം. പ്രതീക്ഷയെന്നതു യാചനയാണ്. പഴയ കഥകൾ പറഞ്ഞുള്ള അനുകമ്പയല്ല ഞാൻ ആഗ്രഹിക്കുന്നത്. ആത്മവിശ്വാസമാണു കൈമുതൽ. ഓരോ പന്തും ദൈവം തന്ന അനുഗ്രഹവും അവസരവുമാണെന്നാണു കരുതുന്നത്. ആ ആവേശവും അക്രമണോത്സുകതയും എന്തായാലും ഉണ്ടാകും.

രാജ്യാന്തര മത്സരങ്ങളിൽ മറ്റു താരങ്ങളെ പ്രകോപിപ്പിച്ചിരുന്നതെല്ലാം ഇപ്പോൾ എങ്ങനെ ഓർക്കുന്നു?

∙ ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണു പറയുന്നത്. എന്നാൽ, പലപ്പോഴും മറ്റു ടീമുകൾ എന്തൊക്കെയാണ് ഇന്ത്യൻ താരങ്ങളെനോക്കി പറയാറെന്നറിയാമോ? പുച്ഛത്തോടുകൂടി സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. എന്റെ തലമുറയിൽ മാത്രമല്ല. ഗാവസ്കറടക്കമുള്ള മുൻ തലമുറകളും ഇങ്ങനെ എന്തൊക്കെ കേട്ടിട്ടുണ്ടാകാം. അതു പാടില്ല. ഒരു മലയാളിയെയോ ഇന്ത്യക്കാരനെയോ നോക്കി ആരും അത്തരത്തിൽ പുച്ഛിക്കുന്നത് എന്തുകൊണ്ടോ എനിക്കു സഹിക്കാനാകുന്ന കാര്യമല്ല. 150 കിലോ മീറ്റർ വേഗത്തിലെറിയുന്നതല്ല, മറിച്ച് എറിയുമ്പോഴത്തെ അക്രമണോത്സുകതയാണു വീര്യമുണ്ടാക്കുന്നത്. ‍

കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെ വാശികാണിച്ച വിഡിയോ വൈറലായിരുന്നല്ലോ?

∙ ഒരിക്കലും അതു വാശിയുടേതായിരുന്നില്ല. ഔദ്യോഗിക മത്സരത്തിലായാലും പരിശീലനത്തിലായാലും ഞാൻ അങ്ങനെയാണ്. എന്നെ ഏറ്റവും സ്നേഹിക്കുന്നവരാണു സഞ്ജു സാംസണും ടിനു യോഹന്നാനും. ഞാൻ എറിയുമ്പോൾ ബാറ്റ് ചെയ്യുന്നതു സഞ്ജുവായാലും ബാറ്റ് ചെയ്യുമ്പോൾ എറിയുന്നതു ടിനുച്ചേട്ടനായാലുമൊക്കെ എന്റെ പെരുമാറ്റം അങ്ങനെയാകും. അതു വൈരാഗ്യത്തിന്റെ കാര്യമല്ല. കളിയോടുള്ള ആവേശത്തിന്റെ ഭാഗമാണ്. അടുത്തിടെ പ്രചരിച്ച വിഡിയോയിൽ പരിശീലനത്തിനിടെ ബാറ്റ്സ്മാൻ എന്നെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചു. അപ്പോൾ സ്വാഭാവികമായ വാശി തോന്നി. അത്രമാത്രം.

ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന 7 വർഷം?

∙സിനിമയും ഡാൻസും ഷോകളുമെല്ലാമായി നിറഞ്ഞുനിൽക്കാനായി. പ്രകാശ് രാജിനെപ്പോലെ മികവുറ്റ താരങ്ങൾക്കൊപ്പവും മഹേഷ് ഭട്ടിനെപ്പോലുള്ള സംവിധായകന്റെ സിനിമയിലും അഭിനയിക്കാനായി. ബോഡി ബിൽഡിങ് ഇഷ്ടമായിരുന്നു. അതു ചെയ്തു. ഇപ്പോൾ ക്രിക്കറ്റിനായി വീണ്ടും സ്പോർട്സ്മാൻ ഫിറ്റ്നസിലേക്കു വരുന്നു. പരിശീലനമോ വ്യായാമങ്ങളോ ഒരിക്കലും മുടക്കിയില്ല. അതിനാൽതന്നെ ഇപ്പോഴും നല്ല ഫിറ്റ്നസിൽ തുടരാനായി.

വിലക്കിന്റെ കാലത്ത് ഇന്ത്യൻ ടീമിലെ സഹതാരങ്ങൾ വിളിച്ചില്ലേ?

∙ തീർച്ചയായും. ആരുടെയും പേരെടുത്തു പറയാനില്ല. എല്ലാവരും ഒപ്പം നിന്നു. ആശ്വസിപ്പിച്ചു. എല്ലാവരുംതന്നെ മെസേജ് അയയ്ക്കുമായിരുന്നു.

ശ്രീശാന്ത് ചേട്ടനുവേണ്ടി കപ്പ് നേടുമെന്നാണല്ലോ ക്യാപ്റ്റൻ സഞ്ജു പറയുന്നത്?

∙ സ്നേഹമുള്ളവരാണു സഹതാരങ്ങളെല്ലാം. അവരോടു ഞാൻ പെരുമാറുന്നതും അങ്ങനെതന്നെ. അതവർ തിരിച്ചുകാണിക്കുന്നു.

ഇപ്പോഴത്തെ കേരള ടീമിനെക്കുറിച്ച്?

മികവുറ്റ ടീം. അത് ആദ്യ 11 മാത്രമല്ല. ഇരുപത്തഞ്ചോളം ഉഗ്രൻ യുവതാരങ്ങളുള്ള നല്ല ടീം. നല്ലൊരു ഐപിഎൽ ഇലവൻ കളിക്കാൻപോന്ന ടീമാണു കേരളത്തിന്റേത്. ഏതൊരു ടീമിനെയും തോൽപിക്കാനുള്ള പൂർണ ഓൾറൗണ്ട് പ്രകടന മികവുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ജയിച്ചുതന്നെ തുടങ്ങണം. പിന്നെ, ട്വന്റി20 അതതു ദിവസത്തെ കളിയാണ്.

ആദ്യമത്സരം പുതുച്ചേരിയുമായല്ലേ?

ട്വന്റി20യിൽ പുതുച്ചേരിയെന്നും മറ്റും പറഞ്ഞ് എഴുതിത്തള്ളാനാകില്ല. മുംബൈ, ഡൽഹി, ഹരിയാന, ആന്ധ്ര ടീമുകളുമുണ്ടു ഗ്രൂപ്പിൽ. എല്ലാവരും മികച്ച ടീമുകളാണ്. പ്രവചനം സാധ്യമല്ല. എതിർ ടീം എത്ര നല്ലതാണോ അത്രയും നല്ല പ്രകടനം നമുക്കു കാഴ്ചവയ്ക്കാനാകുമെന്നാണ് എന്റെ തോന്നല്‍.

മുംബൈയിലെ ക്വാറന്റീൻ അവസാനിച്ചു പരിശീലനം തുടങ്ങിയല്ലോ?

കേരളത്തിൽനിന്നെത്തി മുംബൈയിൽ ക്വാറന്റീനിൽ 6 ദിവസം ഇരിക്കുമ്പോൾ കളിക്കാനാകാത്തതിലെ വിഷമമാണു സഹതാരങ്ങൾ പറയുന്നത്. അവരോടു ഞാൻ പറയുന്നത് ഏഴെട്ടു വർഷമായി കളിക്കാതെയിരിക്കുന്ന ഒരാളുടെ ആത്മകഥയാണ്.

∙ വിലക്കിന്റെ നാള്‍വഴി

ഐപിഎൽ മത്സരത്തിലെ മാച്ച് ഫിക്സിങ്ങിന്റെ പേരിൽ 2013 ഓഗസ്റ്റിലാണു ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കു കൽപിച്ചത്. 2015ൽ ഡൽഹിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 2018ൽ സുപ്രീം കോടതി നിർദേശപ്രകാരം വിലക്കിന്റെ കാലാവധി ബിസിസിഐ 7 വർഷമായി ചുരുക്കി. അതു 2020 സെപ്റ്റംബറിൽ അവസാനിച്ചതോടെ തിരിച്ചുവരവിനു കാത്തിരുന്ന താരത്തിന്റെ ആദ്യ ടൂർണമെന്റാണു മുംബൈയിൽ ആരംഭിച്ച സയ്യിദ് മുഷ്താഖ് അലി ട്വന്റി20 മത്സരങ്ങൾ. വിലക്ക് ഏർപ്പെടുത്തപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവു നടത്തിയ ഇന്ത്യൻ ടെസ്റ്റ് താരങ്ങളിൽ അജയ് ജഡേജയ്ക്കു പിന്നിൽ രണ്ടാമനാണു ശ്രീശാന്ത്.

English Summary: Interview with Indian Pace Bowler S Sreesanth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA