ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്ക്ക് പൊട്ടൽ സംഭവിച്ച വിരലുമായി കളത്തിലിറങ്ങേണ്ടി വന്നില്ല. ടെസ്റ്റിന്റെ അഞ്ചാം ദിനമായി ഇന്ന് കളത്തിൽ തീപാറിയ പോരാട്ടം നടക്കുമ്പോൾ കളത്തിലിറങ്ങാൻ തയാറായി ജഡേജ പവലിയനിലുണ്ടായിരുന്നു. ഇടയ്ക്കിടെ ടിവി ക്യാമറകൾ ജഡേജയുടെ ദൃശ്യം കാണിക്കുകയും ചെയ്തു. ഹനുമ വിഹാരി – അശ്വിൻ സഖ്യം ബാറ്റു ചെയ്യുമ്പോൾ ഗ്ലൗവും പാഡുമണിഞ്ഞ് കളത്തിലിറങ്ങാൻ തയാറെടുത്താണ് ജഡേജ ഇരുന്നത്. ഇടയ്ക്ക്, താരങ്ങൾക്കായി വിതരണം ചെയ്ത വാഴപ്പഴത്തിന്റ തൊലി കളയാൻ നവ്ദീപ് സെയ്നി ജഡേജയെ സഹായിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കയ്യിൽ പതിച്ചാണ് ജഡേജയ്ക്ക് പരുക്കേറ്റത്. പിന്നീട് സ്കാനിങ്ങിൽ ജഡേജയുടെ കൈവിരലിന്റെ എല്ല് സ്ഥാനം തെറ്റിയതായി വ്യക്തമായി. നാലു മുതൽ ആറാഴ്ച വരെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതോടെ, ഈ പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റിൽനിന്നും ഫെബ്രുവരി അഞ്ചിന് ഇന്ത്യയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്നും ജഡേജ പുറത്തായി. എന്നാൽ, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ജഡേജ ആവശ്യമെങ്കിൽ ബാറ്റിങ്ങിന് ഇറങ്ങുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. കൈവിരലിന് പ്ലാസ്റ്ററിട്ട്, കുത്തിവയ്പ്പെടുത്ത് താരം ബാറ്റു െചയ്യാനെത്തുമെന്നായിരുന്നു അറിയിപ്പ്.

എന്നാൽ ഋഷഭ് പന്ത്, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ എന്നിവർ അസാമാന്യ മികവോടെ ഓസീസ് ബോളിങ് ആക്രമണത്തെ പ്രതിരോധിച്ചതോടെ ജഡേജയ്ക്ക് കളത്തിലിറങ്ങേണ്ടി വന്നില്ല. നാലാം ദിനത്തിലെ അവസാന സെഷനും ഇന്നത്തെ മൂന്നു സെഷനും ചേർത്ത് 131 ഓവറുകളാണ് ഇന്ത്യൻ താരങ്ങൾ ലോക ഒന്നാം നമ്പർ ബോളർ പാറ്റ് കമ്മിൻസ് ഉൾപ്പെട്ട ഓസീസ് ആക്രമണത്തെ ചെറുത്തുനിന്നത്.

ഇതോടെ, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്സിൽ ഇന്ത്യൻ താരങ്ങൾ ഏറ്റവും കൂടുതൽ ഓവറുകൾ നേരിടുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. ഇതിനു മുൻപ് 1979ൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ നാലാം ഇന്നിങ്സിൽ 150.5 ഓവർ പിടിച്ചുനിന്ന ചരിത്രം ഇന്ത്യയ്ക്കുണ്ട്. അതിനുശേഷം ഏറ്റവും കൂടുതൽ ഓവറുകൾ പിടിച്ചുനിന്ന മത്സരം ഇതാണ്.

∙ സമനില നേടിയ മത്സരങ്ങളിൽ ഇന്ത്യയുടെ സുദീർഘ നാലാം ഇന്നിങ്സുകൾ

150.5 ഇംഗ്ലണ്ടിനെതിരെ ഓവലിൽ, 1979

136.0 വെസ്റ്റിൻഡീസിനെതിരെ കൊൽക്കത്തയിൽ, 1948/49

132.0 വെസ്റ്റിൻഡീസിനതിരെ മുൈബയിൽ 1958/59

131.0 പാക്കിസ്ഥാനെതിരെ ഡൽഹിയിൽ, 1979/80

131.0 ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ, 2020/21 *

∙ ഓസ്ട്രേലിയയ്ക്കെതിരെ സമനില നേടിയ മത്സരങ്ങളിൽ നാലാം ഇന്നിങ്സിൽ കൂടുതൽ ഓവറുകൾ ബാറ്റു ചെയ്ത ഏഷ്യൻ ടീം 

131.0 ഇന്ത്യ സിഡ്നിയിൽ, 2020/21 *

89.5 ഇന്ത്യ സിഡ്നിയിൽ, 2014/15

85.0 ശ്രീലങ്ക, 2004

75.0 ഇന്ത്യ അഡ്‌ലെയ്ഡിൽ, 1980/81

English Summary: India bat over 100 overs in 4th innings for the first time since Lord’s 2002

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com