sections
MORE

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച മത്സരങ്ങളിലൊന്ന്; സിഡ്നിയിലെ സിംഹങ്ങൾ!

vihari-rahane
മത്സരശേഷം ഹനുമ വിഹാരിയെ അഭിനന്ദിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഹനുമ വിഹാരി– 161 പന്തിൽ 23 റൺസ്, രവിചന്ദ്രൻ അശ്വിൻ– 128 പന്തിൽ 39 റൺസ്. മത്സരഫലം: സമനില! കാലങ്ങൾക്കു ശേഷം സ്കോർ ബോർഡ് മാത്രം നോക്കിയാൽ സിഡ്നി ടെസ്റ്റ് ഒരു അറുബോറൻ മത്സരമായിരിക്കും. പക്ഷേ ഓസീസ് ബോളിങ് നിരയെ ഇന്ത്യൻ ബാറ്റിങ് നിര ചെറുത്തു നിന്ന 2–ാം ഇന്നിങ്സിലെ 131 ഓവർ കണ്ടവർക്കോ; ഓർമയിലെ ഏറ്റവും മികച്ച ടെസ്റ്റുകളിലൊന്നായിരിക്കും അത്. ഏതൊരു വിജയത്തേക്കാളും മധുരമുള്ള സമനിലയുടെ ആവേശകരമായ ഒരോർമ!

ഓസീസിന്റെ തിണ്ണമിടുക്കിനു മുന്നിൽ തളരാതെ, തീപാറുന്ന പന്തുകൾക്കു മുന്നിൽ കൂസാതെ, പരിഹാസവാക്കുകൾക്കും വംശീയാധിക്ഷേപത്തിനും മുന്നിൽ ചൂളാതെ ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. അതിനു കാരണക്കാരായ വീരപുരുഷന്മാർ ഒന്നോ രണ്ടോ പേരല്ല, ടീം ഒന്നടങ്കമാണ്. അസ്സഹനീയമായ പുറംവേദനയോടെ ക്രീസിലെത്തിയ ആർ. അശ്വിനും ബാറ്റിങ്ങിനിടെ പേശിവലിവു മൂലം നടക്കാൻ പോലും വിഷമിച്ച ഹനുമ വിഹാരിയും ചേർന്ന് ആറാം വിക്കറ്റിൽ 256 പന്തുകൾ നേരിട്ട് ഇന്ത്യയുടെ സമനില ഉറപ്പാക്കിയത് അതിന്റെ പരിസമാപ്തിയായിരുന്നെന്നു മാത്രം! 

ആദ്യ ഇന്നിങ്സിൽ കയ്യിലെ പരുക്കു മറന്ന് ഓസീസിനെ കടന്നാക്രമിച്ച് സെഞ്ചുറിക്കരികിലെത്തിയ ഋഷഭ് പന്തിന്റെ പ്രകടനം എങ്ങനെയാണ് മറക്കുക? എന്നാൽ, ടിവി പ്രേക്ഷകർ അതിലുമേറെ ഹീറോയിസം കണ്ടിട്ടുണ്ടാവുക മറ്റൊരു താരത്തിലാണ്. കൈവിരലിൽ പരുക്കേറ്റതു മൂലം ഏത്തപ്പഴത്തിന്റെ തൊലി പൊളിക്കാൻ പോലും പറ്റാത്ത അവസ്ഥയിലും പാഡും ഗ്ലൗസുമണിഞ്ഞു പൊരുതാൻ പവലിയനിൽ കാത്തുനിന്ന രവീന്ദ്ര ജഡേജയിൽ. ക്യാപ്റ്റൻ അജിൻക്യ രഹാനെ പെട്ടെന്നു പുറത്തായപ്പോൾ ഇന്ത്യൻ ഇന്നിങ്സിനു ജീവശ്വാസം നൽകിയ ചേതേശ്വർ പൂജാരയുടെയും മാസങ്ങൾക്കു ശേഷം രാജ്യാന്തര മത്സരത്തിനിറങ്ങിയ ഉപനായകൻ രോഹിത് ശർമയുടെയും അർധ സെഞ്ചുറികളും രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ പ്രകടനത്തിലെ ഹൈലൈറ്റുകൾ.

ഇന്ത്യയോ ഓസ്ട്രേലിയയോ ജയിക്കാതെ പോയ ഈ പോരാട്ടത്തിൽ അന്തിമ വിജയം ടെസ്റ്റ് ക്രിക്കറ്റിനാണ്. ട്വന്റി20 എന്ന ആവേശപ്പൂരത്തിന്റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് എന്ന പഴഞ്ചൻ കളിയെ ആരാധകർ കൂടുതൽ നെഞ്ചോടു ചേർക്കാൻ ഈ മത്സരം കാരണമായി. ജീവിതത്തിലെന്ന പോലെ, വിജയത്തിനും പരാജയത്തിനുമപ്പുറം സമനിലയാണ് പലപ്പോഴും മധുരതരം എന്ന ഓർമപ്പെടുത്തൽ കൂടിയാണത്.

ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഈ സംഘമായിരിക്കണമെന്നില്ല. പക്ഷേ, ഇത്രയും സിംഹഹൃദയമുള്ള പോരാളികൾ ഇവരെപ്പോലെ അധികമില്ല. വെള്ളിയാഴ്ച ബ്രിസ്ബെയ്നിൽ അവസാന ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കു മാനസിക മുൻതൂക്കം നൽകുന്നതും ഈ പോരാട്ടവീര്യം തന്നെ.

English Summary: India, Australia Third Cricket Test at Sydney, Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA