ADVERTISEMENT

ബ്രിസ്‍ബെയ്ൻ∙ ഇന്ത്യ – ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെന്ന നിലയിൽ. കാമറൂൺ ഗ്രീൻ (70 പന്തിൽ 28), ക്യാപ്റ്റൻ ടിം പെയ്ൻ (62 പന്തിൽ 38) എന്നിവരാണു ക്രീസിൽ. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിനായി മാർനസ് ലബുഷെയ്ൻ സെഞ്ചുറി നേടി. 195 പന്തുകളിൽ‌നിന്നാണ് ലബുഷെയ്ൻ സെഞ്ചുറി തികച്ചത്. 204 പന്തിൽ 108 റൺസെടുത്തു താരം പുറത്തായി.

ഓപ്പണർമാരായ ഡേവിഡ് വാർണർക്കും മാര്‍കസ് ഹാരിസിനും തിളങ്ങാൻ സാധിച്ചില്ല. ഇരുവരും തുടക്കത്തിൽതന്നെ പുറത്തായി. നാലു പന്തിൽ ഒരു റൺസ് മാത്രമെടുത്ത വാർണർ മുഹമ്മദ് സിറാജിന്റെ പന്തില്‍ രോഹിത് ശർമയ്ക്കു ക്യാച്ച് നൽകിയാണു പുറത്തായത്. മാർകസ് ഹാരിസിനെ അഞ്ച് റണ്ണിന് ഷാർദൂൽ‌ താക്കൂർ പുറത്താക്കി. വൺഡൗണായി ഇറങ്ങിയ മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തുമാണ് ആദ്യ ദിനം ഓസീസ് ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് സ്കോർ 50 കടത്തി.

77 പന്തിൽ 36 റൺസെടുത്തു നിൽക്കെ സ്റ്റീവ് സ്മിത്തിനെ വാഷിങ്ടൻ സുന്ദർ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. മാത്യു വെയ്ഡ് 45 റൺസെടുത്തു മടങ്ങി. 108 റൺസെടുത്ത ലബുഷെയ്നെ ടി. നടരാജന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന  നടരാജൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ, വാഷിങ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ബോള്‍ ചെയ്യുന്നതിനിടെ ഇന്ത്യയുടെ പേസ് ബോളർ നവ്ദീപ് സെയ്നി പരുക്കേറ്റു പുറത്തുപോയി. 7.5 ഓവറുകളാണ് സെയ്നി ആകെ പന്തെറിഞ്ഞത്. സെയ്നിയുടെ ഓവറിലെ ശേഷിക്കുന്ന പന്തുകൾ രോഹിത് ശർമയാണു പൂർത്തിയാക്കിയത്.

നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ബ്രിസ്ബെയ്‍നിൽ ഓസ്ട്രേലിയയെ നേരിടുന്നത്. പരുക്കേറ്റ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ബുമ്ര, ഹനുമാ വിഹാരി എന്നിവർ ടീമിൽനിന്നു പുറത്തായി. പകരം ഷാർദൂൽ താക്കൂർ, മായങ്ക് അഗർവാൾ, ടി. നടരാജൻ, വാഷിങ്ടൻ സുന്ദര്‍ എന്നിവർ കളിക്കുന്നു. വാഷിങ്ടൻ സുന്ദറിന്റേയും നടരാജന്റെയും ടെസ്റ്റിലെ അരങ്ങേറ്റ മത്സരമാണ്.

English Summary: India- Australia 4th test updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com