sections
MORE

ഒറ്റ രാത്രിയിൽ സൂപ്പർ താരമായി, കാസർകോടിന്റെ സ്വന്തം; അസ്‌ഹറുദ്ദീൻ രണ്ടാമൻ!

ashar-
അസ്ഹറുദ്ദീന്‍
SHARE

ക്രിക്കറ്റ് ആരാധകർക്ക് ഒരു മുഹമ്മദ് അസ്ഹറുദ്ദീനെ മാത്രം പരിചയമുണ്ടായിരുന്ന കാലം കഴിയുകയാണ്; ഇനി മലയാളിയായ മറ്റൊരു അസ്ഹറുദ്ദീന്റെ കാലമാണ്. കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ. ഇന്നലെ മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ കേരളത്തെ വൻ ജയത്തിലേക്കു നയിച്ച സെഞ്ചുറിയിലൂടെ ഇരുപത്തിയാറുകാരൻ അസ്ഹർ ഒറ്റരാത്രി കൊണ്ടു സൂപ്പർതാരമായി മാറി.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനുവേണ്ടി നേരത്തേ മിന്നും പ്രകടനം നടത്തിയിട്ടുള്ള അസ്ഹറിന്റെ ട്വന്റി20യിലെ തകർപ്പൻ പ്രകടനം ഇതാദ്യമാണ്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ആരാധനമൂലം മൂത്ത സഹോദരൻ കമറുദ്ദീനാണു 8 സഹോദരങ്ങളിലെ ഏറ്റവും ഇളയവനും അതേ പേരിട്ടത്. 10–ാം വയസ്സിൽ തളങ്കര താസ് ക്ലബ്ബിൽ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹർ 11–ാം വയസ്സിൽ അണ്ടർ 13 ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹർ പിന്നീടു ജില്ലാ ടീം ക്യാപ്റ്റനുമായി.

കേരളത്തിന്റെ അസ്ഹർ കളി തുടങ്ങുമ്പോഴേക്കും യഥാർഥ അസ്ഹറുദ്ദീൻ കളി മതിയാക്കിയിരുന്നു. അണ്ടർ 13 പ്രായപരിധി കഴിഞ്ഞപ്പോഴേക്ക് അണ്ടർ 15 ടീമിലെത്തി. അവിടെയും ക്യാപ്റ്റൻ സ്ഥാനം. അപ്പോഴേക്കും കേരള ക്രിക്കറ്റ് അസോസിയേഷനും അസ്ഹറിനെ ഇഷ്ടമായി. അസോസിയേഷൻ അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അസ്ഹർ 9–ാം ക്ലാസിൽ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയിൽ പരിശീലനം നേടി. 10–ാം ക്ലാസ് കോട്ടയത്തെ തന്നെ മാന്നാനം സെന്റ് എഫ്രേംസ് അക്കാദമിയിലും. ശേഷം കൊച്ചി തേവര എസ്എച്ച് സ്കൂളിലും കോളജിലുമായി ഹയർ സെക്കൻഡറിയും ഡിഗ്രിയും പഠിച്ചു. കെസിഎയുടെ കൊച്ചി അക്കാദമിയിലായിരുന്നു അപ്പോൾ പരിശീലനം. ആ കാലഘട്ടത്തിൽ കോച്ചായിരുന്ന ബിജുമോനാണു പ്രഫഷനൽ ക്രിക്കറ്റ് താരമെന്ന തലത്തിലേക്കു തന്റെ കരിയറിനെ പാകപ്പെടുത്തിയതെന്ന് അസ്ഹർ മുൻപു പറഞ്ഞിട്ടുണ്ട്.

2013ൽ അണ്ടർ 19 കേരള ടീമിലെത്തി. നേരിട്ട ആദ്യ പന്തിൽ തമിഴ്നാടിനെതിരെ സിക്സറടിച്ചുകൊണ്ടായിരുന്നു കേരള ടീമിലെ അരങ്ങേറ്റം. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഉള്ളതുകാരണം അസ്ഹർ ബാറ്റ്സ്മാനായി തുടർന്നു. 2 വർഷത്തിനുശേഷം അണ്ടർ 23 ടീമിലേക്കും പിന്നീടു സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2015–16 സീസണിൽ കേരളത്തിന്റെ രഞ്ജി ടീം ഇലവനിൽ ഇടം കണ്ടെത്തി. 2015 നവംബർ 14നു ഗോവയ്ക്കെതിരെ ആദ്യ രഞ്ജി മത്സരം കളിച്ചു. ഇന്നിങ്സ് വിജയം നേടിയ ആ കളിക്കു ശേഷം, പരുക്കു കാരണമല്ലാതെ ഒരിക്കൽ പോലും അസ്ഹർ ടീമിനു പുറത്തുപോയിട്ടില്ല.

English Smmary: Mohammed azharudeen's century against Mumbai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA