sections
MORE

മുംബൈയുടെ ‘സൂപ്പർ’ ടീമിനെ അടിച്ചോടിച്ച് തളങ്കരയുടെ അജ്ജു; നാട്ടിലെങ്ങും ആഘോഷം

mohammed-azharuddeen
മുംബൈയ്ക്കെതിരായ മത്സരത്തിനിടെ മുഹമ്മദ് അസ്ഹറുദ്ദീൻ‌
SHARE

ബുധനാഴ്ച രാത്രി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളം മുംബൈയെ തോൽപിച്ചുവിട്ടപ്പോൾ സംസ്ഥാനത്തെങ്ങുമില്ലാത്ത അത്രയും ആഘോഷമായിരുന്നു കാസർകോട് തളങ്കരയിൽ. തളങ്കരക്കാരുടെ കുഞ്ഞനിയൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയും കേരളത്തിന്റെ ഗംഭീര വിജയവും രാത്രി മുഴുവൻ അവർ ആഘോഷമാക്കി. കാസർകോട് തളങ്കര കടവത്തെ തളങ്കര ക്രിക്കറ്റ് ക്ലബിൽ ഇരുന്നാണ് അവിടത്തെ ആരാധകർ അസ്ഹറുദ്ദീന്റെ ബാറ്റിങ് പ്രകടനം കണ്ടത്. 37 പന്തിൽ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സെഞ്ചുറി പിറന്നപ്പോൾ ആവേശം കൊണ്ട് അവർ ആർപ്പു വിളിച്ചു, കാസർകോട്ടെ ആഘോഷത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

20 പന്തുകളിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ അസ്ഹർ ശേഷിക്കുന്ന 17 പന്തുകളിലാണ് 100 പിന്നിട്ടത്. അതും ദേശീയ ടീമിൽ മത്സരപരിചയം ഏറെയുള്ള മുംബൈയുടെ ബോളർമാർക്കെതിരെ. ക്ലാസ് എന്നാണ് ക്രിക്കറ്റ് വിദഗ്ധരെല്ലാം അസ്ഹറിന്റെ ബാറ്റിങ്ങിനെ വിലയിരുത്തുന്നത്. ഗ്രൗണ്ട് ഷോട്ടുകളിലും പുൾ ഷോട്ടുകളിലും അദ്ദേഹത്തിന്റെ പ്രതിഭ ആവോളം ആരാധകർക്കു കാണാം. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തിൽ അസ്ഹർ 30 റൺസാണ് നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം ഈ വിജയത്തിലും അസ്ഹറുദ്ദീന് വലിയ പങ്കുണ്ട്. ഇപ്പോഴിതാ രണ്ടാം മത്സരത്തിൽ കേരളത്തെ ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചു.പുറത്താകാതെ 137 റണ്ണെടുത്ത താരത്തിന് 1.37 ലക്ഷം രൂപയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സമ്മാനമായി പ്രഖ്യാപിച്ചത്. 

മുംബൈയ്ക്കെതിരായ വിജയത്തിന് ശേഷം ഡൽഹിയെ നേരിടാനൊരുങ്ങുകയാണ് കേരളം. ഇതിനായി കഠിന പരിശീലനത്തിലാണ് ടീമംഗങ്ങൾ. മത്സര വിജയത്തിന് ശേഷം അസ്ഹറുമായി സംസാരിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ ഉനൈസ് മനോരമ ഓൺലൈനോടു പറഞ്ഞു. കളി കഴിഞ്ഞപ്പോൾ സന്തോഷം അറിയിക്കാൻ അവൻ വിളിച്ചിരുന്നു, ടീമംഗങ്ങളെല്ലാം ഹാപ്പിയാണെന്ന് അവൻ പറഞ്ഞു. ഡൽഹിക്കെതിരായ അടുത്ത മത്സരവും ജയിക്കണം. കേരളത്തെ അടുത്ത റൗണ്ടിലെത്തിക്കണം. ബാക്കിയെല്ലാം അതിനു ശേഷം മാത്രം– ഉനൈസ് പ്രതികരിച്ചു.

ഒരിക്കൽ മുംബൈ ഇന്ത്യൻസിന്റെ ക്യാംപിൽ പോയിരുന്നു അസ്ഹറുദ്ദീൻ. പക്ഷേ കളിക്കാൻ സാധിച്ചില്ല. പിന്നീട് ഒരു തവണ ഐപിഎൽ ലേലത്തിലും വന്നിരുന്നു. എങ്കിലും ആരും വിളിച്ചെടുത്തില്ല. കേരളത്തിനായി ഇനിയും മിന്നും പ്രകടനങ്ങൾ നടത്തിയാൽ അടുത്ത സീസണിൽ അസ്ഹർ ഏതെങ്കിലും ഐപിഎൽ ടീമിനായി കളിക്കാനിറങ്ങുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സാണ് താരത്തിന്റെ പ്രിയപ്പെട്ട ടീം. എം.എസ്. ധോണിയും കേരള ക്യാപ്റ്റൻ സഞ്ജു സാംസണുമാണ് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾ. ദേശീയ ടീമിലെ ‘അജ്ജുവിന്റെ’ അരങ്ങേറ്റമാണ് കുടുംബാംഗങ്ങളുടെയും തളങ്കരക്കാരുടെയും സ്വപ്നം. ഒരിക്കൽ അതു സാധിക്കുമെന്ന് അസ്ഹറിനെ അറിയാവുന്നവർ വിശ്വസിക്കുന്നു.

ബുധനാഴ്ചത്തെ ബാറ്റിങ് വെടിക്കെട്ടോടെയാണ് രാജ്യത്താകെയുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ അസ്ഹറിലെത്തുന്നത്. പക്ഷേ വർഷങ്ങളായി ഈ യുവ ക്രിക്കറ്റ് താരം നമുക്കിടയിലുണ്ട്. ആറു വർഷമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഭാഗമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തിനായി കളിക്കുന്നു. ഈ വർഷമാണ് കേരളത്തിനായി ട്വന്റി20യിൽ ഓപ്പണർ ആകാൻ സാധിച്ചത്. അസ്ഹറിന് ഓപ്പണിങ് ബാറ്റ്സ്മാൻ ആകാനാണു താൽപര്യം. പക്ഷേ പലപ്പോഴും അതിന് അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരം മുതലാക്കിയപ്പോൾ രാജ്യമാകെ ക്രിക്കറ്റ് ആരാധകരുടെ പ്രശംസകൾ നേടി ഈ 26 വയസ്സുകാരൻ. വിരേന്ദർ സെവാഗ് മുതൽ ഹർഷ ഭോഗ്‍ല വരെയുള്ളവർ താരത്തെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളെഴുതി. അപ്പോഴും മുംബൈയിൽ അടുത്ത മത്സരത്തിനായുള്ള കടുത്ത പരിശീലനത്തിലായിരുന്നു യുവതാരം.

കാസർകോട് സ്വദേശികളായ മൊയ്തുവിന്റെയും നഫീസയുടെയും എട്ടു മക്കളിൽ ഏറ്റവും ഇളയവനാണ് അസ്ഹറുദ്ദീൻ. മാതാപിതാക്കളുടെ മരണത്തിനു ശേഷം നാട്ടിലെത്തുമ്പോൾ സഹോദരൻ ഉനൈസിന്റെ കൂടെയാണ് അസ്ഹറുദ്ദീന്റെ താമസം. അസ്ഹറിന്റെ സഹോദരങ്ങൾ കാസർകോട് ജില്ലാ ക്രിക്കറ്റ് ലീഗുകളിൽ കളിച്ചിട്ടുണ്ട്. 11 വയസ്സുള്ളപ്പോൾ തളങ്കര ക്രിക്കറ്റ് ക്ലബിനായി കളിച്ചാണ് അസ്ഹർ ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്. അണ്ടർ 13, 15  കാസർകോട് ജില്ലാ ടീമുകളിൽ കളിച്ചു, പിന്നീട് ക്യാപ്റ്റനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയുടെ ഭാഗമായതോടെ കോട്ടയത്തും കൊച്ചിയിലുമായിരുന്നു പിന്നീട് അസ്ഹറിന്റെ പഠനവും പരിശീലനവും.

അണ്ടർ 19, 23 കേരള ടീമുകളിലെ മികച്ച പ്രകടനത്തെ തുടർന്ന് സീനിയർ ടീമിലെത്തി. 2015 നവംബർ 14നു ഗോവയ്ക്കെതിരെ രഞ്ജിയിൽ അരങ്ങേറി. പിന്നീട് കേരള ടീമിലെ സ്ഥിരസാന്നിധ്യമായി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 22 മത്സരങ്ങൾ കളിച്ച താരം 959 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 112. ഒരു സെഞ്ചുറിയും അഞ്ച് അർ‌ധസെഞ്ചുറികളും താരം നേടി. ലിസ്റ്റ് എയിൽ 24 മത്സരങ്ങളിൽനിന്ന് 445 റൺസും ട്വന്റി 20യിൽ 21 മത്സരങ്ങളിൽനിന്ന് 404 റൺസും നേടിയിട്ടുണ്ട്.

English Summary: Thalangara village celebrate Mohammed Azharuddeen's batting in t20

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA