ADVERTISEMENT

അസ്ഹറുദ്ദീന്റെ വിഷ് ലിസ്റ്റ്: 

1) ഐപിഎലിൽ കളിക്കണം

2) 2023 ലോകകപ്പ് കളിക്കണം 

3) വീടു വയ്ക്കണം, ബെൻസ് കാർ വാങ്ങണം 

4) രഞ്ജി ട്രോഫിയിൽ 4 സെഞ്ചുറികളടിക്കണം

കാസർകോട് ∙ സഹോദരൻ ഉനൈസിന്റെ തളങ്കര കടവത്തെ വീടിന്റെ മുകൾനിലയിലാണു കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം മുഹമ്മദ് അസ്ഹറുദ്ദീന്റെ മുറി. മുറിയിലെ ബോർഡിൽ തന്റെ ആഗ്രഹങ്ങളുടെ ‘വിഷ് ലിസ്റ്റ്’ അസ്ഹറുദ്ദീൻ കുറിച്ചിട്ടത് കഴിഞ്ഞ ഒക്ടോബർ 12ന്. ആ ലിസ്റ്റ് ഇങ്ങിനെ: ഐപിഎലിൽ കളിക്കണം, 2023 ഏകദിന ലോകകപ്പ് കളിക്കണം, വീടു വയ്ക്കണം, ബെൻസ് കാർ വാങ്ങണം, രഞ്ജി ട്രോഫിയിൽ 4 സെഞ്ചുറികളടിക്കണം.

രഞ്ജി ട്രോഫിയിൽ ഒരു സെഞ്ചുറി നേടിക്കഴിഞ്ഞു. വീടു വയ്ക്കാൻ 8 സെന്റ് സ്ഥലം വാങ്ങി. ബാക്കി ആഗ്രഹങ്ങളിലേക്കുള്ള വാതിലാണു മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ ഉജ്വല സെ​ഞ്ചുറി നേടിയതോടെ അസ്ഹറിനു മുന്നിൽ തുറന്നിരിക്കുന്നത്.

അജ്മൽ അസ്ഹറായി

8 മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയവനാണ് അസ്ഹർ. 1994ൽ ജനിച്ച കുഞ്ഞനുജന് അസ്ഹറെന്നു പേരിട്ടത് ഏറ്റവും മൂത്ത സഹോദരൻ ഖമറുദ്ദീനാണ്. 22 വയസ്സുള്ള ഖമറുദ്ദീൻ അന്നു ഗൾഫിലായിരുന്നു. സച്ചിന്റെയും അസ്ഹറിന്റെയും കടുത്ത ആരാധകൻ.

‘അജ്മൽ’ എന്ന പേരിടാനായിരുന്നു മാതാപിതാക്കൾക്ക് ഇഷ്ടം. എന്നാൽ, ഖമറുദ്ദീൻ മാതാപിതാക്കളായ ബി.കെ.മൊയ്തുവിനെയും നഫീസയെയും തന്റെ ആഗ്രഹം അറിയിച്ചു; കുടുംബവീടിന്റെ പേരും ‘അസ്ഹർ മൻസിൽ’ എന്നാണ്. അസ്ഹറിന്റെ മറ്റു സഹോദരങ്ങളും ചെറുപ്പം മുതൽ ക്രിക്കറ്റിൽ സജീവമായിരുന്നു.

നെഞ്ചിൽ ചേർത്ത് കെഎൽ 14

വാങ്കഡെയിൽ സെഞ്ചുറിയടിച്ചപ്പോൾ അസ്ഹർ ഹെൽമറ്റ് അഴിച്ച് ആകാശത്തേക്കു നോക്കിയില്ല. പിച്ചിനെ ചുംബിച്ചില്ല. പകരം ജഴ്സിയുടെ പുറകിലേക്കു ബാറ്റ് ചൂണ്ടി. അവിടെ തിളങ്ങുന്ന കറുപ്പിൽ എഴുതിയിരുന്നു ‘14.’ കാസർകോടിന്റെ വാഹന റജിസ്ട്രേഷൻ നമ്പറായ 14 തന്റെ ജഴ്സി നമ്പറായി മതിയെന്നു ദേശീയതലത്തിൽ കളിച്ചു തുടങ്ങിയപ്പോൾ തന്നെ അസ്ഹർ തീരുമാനിച്ചിരുന്നു. അത്രയ്ക്കുണ്ട് നാടിനോടുള്ള ഇഷ്ടം.

കാസർകോട്, കോട്ടയം, കൊച്ചി

9–ാം വയസ്സിൽ ഗൗരവമായി കളി തുടങ്ങിയതാണ് അസ്ഹർ. 11–ാം വയസ്സിൽ ജില്ലാ ലീഗിൽ കളിച്ചു. 13–ാം വയസ്സിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കോട്ടയത്തു നടത്തിയ പരിശീലന പദ്ധതിയിലേക്കു സിലക്‌ഷൻ ലഭിച്ചു.

പഠനവും കോട്ടയത്തായി. തേവര സേക്രഡ് ഹാർട്ട് കോളജിലായിരുന്നു ബിരുദം. അണ്ടർ 19,  23 കേരള ടീമുകൾക്കു വേണ്ടി കളിച്ച് 3 സെഞ്ചുറികൾ നേടി. 2015 മുതൽ രഞ്ജിയിൽ. 2019  പഞ്ചാബിനെതിരെ സെഞ്ചുറിയും 2016 ൽ ത്രിപുരയ്ക്കെതിരെ 99 റൺസും നേടിയതാണു മികച്ച ബാറ്റിങ് പ്രകടനം. മികച്ച വിക്കറ്റ് കീപ്പർക്കുള്ള കെസിഎ പുരസ്കാരം 3 തവണ ലഭിച്ചു.

‘‘ഞാൻ അടിച്ചു, ഭയങ്കര സന്തോഷം.’’

മത്സരം കഴിഞ്ഞ ഉടനെ അസ്ഹർ ആദ്യം വിളിച്ചത് സഹോദരൻ ഖമറുദ്ദീനെയാണ്. ‘ഞാൻ അടിച്ചു, ഭയങ്കര സന്തോഷം’ എന്നു മാത്രം പറ‍ഞ്ഞു. പിന്നെ പറഞ്ഞതെല്ലാം കേരള ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചായിരുന്നു. ജയിക്കണം, കപ്പടിക്കണം... അതായിരുന്നു അസ്ഹറിന്റെ വാക്കുകളിൽ നിറയെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com