ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്ത് ക്രിക്കറ്റ് കളങ്ങൾ ഉണർന്നിട്ടും ‘ഉണരാതെ’ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈ. ഇന്ത്യയിലെ ക്രിക്കറ്റ് ആവേശം തിരികെയെത്തിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങിയതിന്റെ ഞെട്ടലിലാണ് മുംബൈ. ഇത്തവണ ഹരിയാനയോട് എട്ടു വിക്കറ്റിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 19.3 ഓവറിൽ 143 റൺസിന് എല്ലാവരും പുറത്തായി. ഹരിയാനയാകട്ടെ, 14 പന്തുകളും എട്ടു വിക്കറ്റും ബാക്കിയാക്കി അനായാസം ലക്ഷ്യത്തിലെത്തി.

ആദ്യ മത്സരത്തിൽ ഡൽഹിയോടു തോറ്റ മുംബൈയെ, രണ്ടാം മത്സരത്തിൽ കേരളവും അട്ടിമറിച്ചിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിക്കരുത്തിലാണ് മുംബൈയെ കേരളം വീഴ്ത്തിയത്. തുടർച്ചയായ മൂന്നാം തോൽവിയോടെ കേരളം ഉൾപ്പെടുന്ന എലീറ്റ് ഗ്രൂപ്പ് ഇയിൽ അവസാന സ്ഥാനത്താണ് മുംബൈ. മൂന്നു മത്സരങ്ങളും ജയിച്ച കേരളമാണ് ഒന്നാമത്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയഉള്ളവർ പരാജയപ്പെട്ടതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. രണ്ടു പന്തു മാത്രം നേരിട്ട സൂര്യയെ ഇന്ത്യൻ താരം കൂടിയായ യുസ്‌വേന്ദ്ര ചെഹലാണ് പുറത്താക്കിയത്. ഇന്ത്യൻ താരം ശിവം ദുബെയും പൂജ്യത്തിന് പുറത്തായി. 37 റണ്‍സെടുത്ത അഥർവ അങ്കൊലേക്കറാണ് മുംബൈയുടെ ടോപ് സ്കോറർ. യശ്വസി ജയ്‌സ്വാൾ 21 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തു. ഹരിയാനയ്ക്കായി ജയന്ത് യാദവ് നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. അരുൺ ചപ്രാന 3.3 ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി.


മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ ഹിമാൻഷു റാണയാണ് ഹരിയാനയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 53 പന്തുകൾ നേരിട്ട റാണ, ഒൻപത് ഫോറും മൂന്നു സിക്സും സഹിതം 75 റൺസുമായി പുറത്താകാതെ നിന്നു. ശിവം ചൗഹാൻ 37 പന്തിൽ നാലു ഫോറുകൾ സഹിതം 43 റൺസുമായി കൂട്ടുനിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 117 റൺസാണ് ഹരിയാനയെ വിജയത്തിലെത്തിച്ചത്.

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ മുംബൈ സീനിയർ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം നടത്തിയെങ്കിലും, ജൂനിയർ തെൻഡുൽക്കറിനും മുംബൈയുടെ തോൽവി പരമ്പരയ്ക്ക് അറുതി വരുത്താനായില്ല. ഇടംകയ്യൻ മീഡിയം പേസറായ അർജുൻ, മൂന്ന് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഒൻപത് പന്തിൽ നാലു റൺസെടുത്ത ചൈതന്യ ബിഷ്ണോയിയുടെ വിക്കറ്റാണ് അർജുൻ സ്വന്തമാക്കിയത്.

English Summary: Arjun Tendulkar plays first match in mumbai team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com