ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം ഷോട്ട് സിലക്ഷനിലൂടെ പുറത്തായതിന് കടുത്ത വിമർശനം നേരിടുന്നതിനിടെ പ്രതികരണവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ രംഗത്ത്. ഇത്തരം വിമർശനങ്ങളിൽ കാര്യമില്ലെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ചില സമയത്ത് ആ ഷോട്ട് ബൗണ്ടറി കടക്കും, മറ്റു ചിലപ്പോൾ പുറത്താകും. ഓസ്ട്രേലിയൻ ബോളിങ് നിരയ്ക്കുമേൽ സമ്മർദ്ദമേറ്റാനുള്ള ശ്രമത്തിലാണ് അത്തരമൊരു ഷോട്ട് കളിച്ചതെന്നും രോഹിത് വിശദീകരിച്ചു.

74 പന്തിൽനിന്ന് 44 റൺസെടുത്ത രോഹിത് 100–ാം ടെസ്റ്റ് കളിക്കുന്ന നഥാൻ ലയോണിനെ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. തൊട്ടു മുൻപത്തെ ഓവറിൽ ജോഷ് ഹെയ്സൽവുഡിനെതിരെ തകർപ്പൻ സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കണ്ടെത്തിയ രോഹിത്, മറ്റൊരു ബൗണ്ടറിക്കുള്ള ശ്രമത്തിലാണ് വീണുപോയത്. പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പിഴവുപറ്റിയതോടെ ലക്ഷ്യം തെറ്റിയ രോഹിത്തിന്റെ ഷോട്ട് ഡീപ് മിഡ്‌വിക്കറ്റ് ഏരിയയ്ക്ക് സമീപം മിച്ചൽ സ്റ്റാർക്കാണ് മനോഹരമായി കയ്യിലൊതുക്കിയത്. ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിന്റെ ആഘാതത്തിൽനിന്ന് കരകയറുമ്പോഴാണ് രോഹിത് പുറത്തായത്. നിരാശനായാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയതും. രോഹിത് കൂടി പുറത്തായതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്.

‘അത് വെറുതെ കളിച്ചൊരു ഷോട്ടല്ല. ഞാൻ കളിക്കാറുള്ള ഷോട്ട് തന്നെയാണത്. മുൻപ് എത്രയോ തവണ ആ ഷോട്ട് ഞാൻ വിജയകരമായി കളിച്ചിരിക്കുന്നു. ഞാൻ ഏറ്റവും ആത്മവിശ്വാസത്തോടെ കളിക്കുന്ന ഷോട്ടുകളിലൊന്നു കൂടിയാണത്’ – രോഹിത് പറഞ്ഞു.

‘ഈ ടീമിൽ എന്റെ ചുമതലയ്ക്ക് അനുസരിച്ചാണ് ഞാൻ കളിക്കുന്നത്. അതിനപ്പുറം വേവലാതികളൊന്നും എനിക്കില്ല. കളത്തിലെത്തിയാൽ തനത് ശൈലിയിൽ കളിക്കും. ബാറ്റു ചെയ്യുമ്പോൾ ബോളർക്കുമേൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമം. എതിരാളികളുടെ ബോളിങ് നിരയ്ക്കു മേൽ സമ്മർദ്ദം ചെലുത്താൻ തന്നെയാണ് ശ്രമിക്കുന്നത്. ചില സമയത്ത് അത്തരം ഷോട്ടുകൾ ബൗണ്ടറി കടക്കും. മറ്റു ചിലപ്പോൾ ഔട്ടാകും. ഇത്തവണ പുറത്തായത് തീർത്തും നിർഭാഗ്യകരമായിപ്പോയി. എങ്കിലും എനിക്കേറെ പ്രിയപ്പെട്ട ഷോട്ടു തന്നെയാണത്. അത് ഞാൻ ഇനിയും കളിക്കും’ – രോഹിത് പറഞ്ഞു.

∙ വിമർശിച്ച് ഗാവസ്കർ, മഞ്ജരേക്കർ

രോഹിത് ശർമയുടെ മോശം ഷോട്ട് സിലക്ഷനെ വിമർശിച്ച് മുൻ താരങ്ങളും കമന്റേറ്റർമാരുമായ സുനിൽ ഗാവസ്കർ, സഞ്ജയ് മഞ്ജരേക്കർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. തീർത്തും നിരുത്തരവാദിത്തപരമായ രീതിയിലാണ് രോഹിത് പുറത്തായതെന്നായിരുന്നു ഗാവസ്കറിന്റെ വിമർശനം.

‘എന്തുകൊണ്ടാണ് അത്തരമൊരു ഷോട്ട്? വിശ്വസിക്കാനാകുന്നില്ല. തീർത്തും നിരുത്തരവാദിത്തപരമെന്നേ പറയാനുള്ളൂ. ലോങ് ഓണിൽ ഫീൽഡർ ഉണ്ടായിരുന്നുവെന്ന് ഓർക്കണം. ഡീപ് സ്ക്വയർ ലെഗ്ഗിലും ഫീൽഡറുണ്ടായിരുന്നു. അതിനു തൊട്ടുമുൻപാണ് മറ്റൊരു ബൗണ്ടറി നേടിയത്. പിന്നെ ഈ ഷോട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു? ടീമിലെ മുതിർന്ന താരമാണ് താങ്കൾ. എന്ത് ഒഴികഴിവു പറഞ്ഞിട്ടും കാര്യമില്ല. ഒരു കാര്യവുമില്ലാതെയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്’ – ഗാവസ്കർ പറഞ്ഞു.

ടീമിന്റെ പരിചയക്കുറവ് പരിഗണിക്കുമ്പോൾ, പരിചയസമ്പന്നനായ രോഹിത്തിന്റെ ഷോട്ട് മാപ്പർഹിക്കുന്നില്ലെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറിന്റെ വിമർശനം.

English Summary: Sometimes you get out, sometimes it goes over the rope: Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com