ADVERTISEMENT

‘ഈ പരമ്പരയിൽ ഇന്ത്യ എന്തായിരുന്നുവെന്നതിന്റെ രത്നച്ചുരുക്കമാണ് ഈ കൂട്ടുകെട്ട് (ഷാർദുൽ താക്കൂർ – വാഷിങ്ടൻ സുന്ദർ). തുടർച്ചയായി പ്രതീക്ഷയ്ക്കും അപ്പുറത്താണ് ഇന്ത്യയുടെ പ്രകടനം. അത് കണ്ടിരിക്കുന്നതു തന്നെ നല്ല രസമാണ്. ഇരുവരുടെയും പോരാട്ടവീര്യം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു’ – പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുടെ വാക്കുകളിലുണ്ട്, ഇന്ത്യ–ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ താക്കൂർ – സുന്ദർ സഖ്യം പുറത്തെടുത്ത വിസ്മയ പ്രകടനത്തിന്റെ ശേഷിപ്പ്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിങ്ടൻ സുന്ദറും കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന (അതും ആദ്യ ടെസ്റ്റ് കളിച്ച് രണ്ടു വർഷങ്ങൾക്കിപ്പുറം) ഷാർദുൽ താക്കൂറും തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി നടത്തിയ പോരാട്ടം, ഈ പരമ്പരയിൽ ഇന്ത്യ പ്രകടമാക്കിയ അസാമാന്യ പോരാട്ടവീര്യത്തിന്റെ ബാക്കിപത്രമല്ലാതെ മറ്റെന്താണ്!

ഒരുവേള ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, ഏഴാം വിക്കറ്റിൽ റെക്കോർഡ് സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഷാർദുൽ താക്കൂർ – വാഷിങ്ടൻ സുന്ദർ സഖ്യം കരകയറ്റിയത്. 217 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 123 റൺസ്! 115 പന്തുകൾ നേരിട്ട താക്കൂർ, ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്തു. കന്നി ടെസ്റ്റ് കളിക്കുന്ന വാഷിങ്ടൻ സുന്ദറാകട്ടെ, 144 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസുമെടുത്തു. 

കൂട്ടത്തകർച്ചയ്ക്കിടെ ക്രീസിൽ ഒരുമിച്ച ഇരുവരും 36.1 ഓവറാണ് ഓസീസിന്റെ ഒന്നാം നമ്പർ ബോളിങ് ആക്രമണത്തെ പ്രതിരോധിച്ച് ക്രീസിൽനിന്നത്. 102–ാം ഓവറിൽ പിരിയുമ്പോഴേയ്ക്കും ഇരുവരും ഇന്ത്യയെ 300 കടത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 60 റൺസ് അടുത്തുവരെ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. ബ്രിസ്ബെയ്നിൽ ഇന്ത്യൻ ഇന്നിങ്സിൽ 50 കടന്ന ഏക കൂട്ടുകെട്ടു കൂടിയാണിത്.

ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നെറ്റ് ബോളർമാരായി ടീമിനൊപ്പം എത്തിയ ഇവർക്ക്, അപ്രതീക്ഷിതമായാണ് ടെസ്റ്റ് ടീമിൽ ഇടംലഭിച്ചത്. പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഗത്യന്തരമില്ലാതെയാണ് ഇന്ത്യ താക്കൂറിന് നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിൽ ഇടം നൽകിയത്. വാഷിങ്ടൻ സുന്ദറിന് അരങ്ങേറ്റത്തിന് അവസരം നൽകിയതും അങ്ങനെ തന്നെ. ടീമിലേക്കുള്ള സ്വപ്നതുല്യമായ വരവ് ഇരുവരും മോശമാക്കിയില്ല. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 369 റൺസിന് പുറത്താകുമ്പോൾ കൂടുതൽ വിക്കറ്റ് പിഴുത കൂട്ടത്തിൽ ഇരുവരും ഇടംപിടിച്ചു. ടി.നടരാജനൊപ്പം ഇവർ മൂന്നു വിക്കറ്റ് വീതം പിഴുതു.

ഇതിനു ശേഷമാണ് ബാറ്റിങ്ങിലും അപ്രതീക്ഷിതമായി മിന്നും പ്രകടനവുമായി കളംനിറ‍ഞ്ഞത്. ഋഷഭ് പന്ത് പുറത്തായതോടെ ക്രീസിലെത്തിയ താക്കൂർ ലോക ഒന്നാം നമ്പർ ബോളർ പാറ്റ് കമ്മിൻസിനെതിരെ സിക്സറുമായാണ് അക്കൗണ്ട് തുറന്നത്. അർധസെഞ്ചുറി പിന്നിട്ടതാകട്ടെ, 100 ടെസ്റ്റ് കളിക്കുന്ന ഓസീസ് സ്പിന്നർ നഥാൻ ലയണിന്റെ പന്തിൽ മറ്റൊരു സിക്സറിലൂടെയും. 90 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് ഷാർദുൽ താക്കൂറിന്റെ കന്നി അർധസെഞ്ചുറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 മാത്രം ശരാശരിയുള്ള താരമാണ് താക്കൂറെന്നതും മറക്കരുത്. ഇതിനു മുൻപ് താക്കൂർ കളിച്ചിട്ടുള്ളത് ഒരേയൊരു ടെസ്റ്റ് മാത്രം. 2018ൽ വെസ്റ്റിൻഡീസിനെതിരെ. അന്ന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ബാറ്റിങ്ങിൽ സ്വന്തമാക്കിയത് 4 റൺസ് മാത്രം!

താക്കൂറിനു തൊട്ടുപിന്നാലെ 108 പന്തിൽ ഏഴു ഫോർ സഹിതമാണ് കന്നി ടെസ്റ്റ് ഇന്നിങ്സിൽത്തന്നെ സുന്ദറും അർധസെഞ്ചുറി പിന്നിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ട് ഏതാണ്ട് മൂന്നു വർഷം പിന്നിട്ട താരമാണ് വാഷിങ്ടൺ സുന്ദർ. മത്സരത്തിലാകെ നേടിയത് 144 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ ഇന്നിങ്സിൽ മൂന്നു വിക്കറ്റും അർധസെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് വാഷിങ്ടൻ സുന്ദർ. ഇതിനു മുൻപ് 1947–48 കാലത്ത് ദത്തു ഫഡ്കറാണ് സമാനമായ നേട്ടം സ്വന്തമാക്കിയത്. അന്ന് സിഡ്നിയിൽ ഓസീസിനെതിരെ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഫഡ്കർ, 51 റൺസുമെടുത്തിരുന്നു. 

ഇതിനിടെ 177 പന്തിൽനിന്ന് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പൂർത്തിയാക്കി. ഈ പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളിൽനിന്നായി ആകെ 45.1 ഓവറിൽ ഏഴാം വിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ നേടിയത് 136 റൺസാണ്. അതും ഏഴ് ഇന്നിങ്സുകളിൽനിന്ന്. എന്നാൽ, ഈ മത്സരത്തിൽ മാത്രം 36.ത1 ഓവർ ക്രീസിൽനിന്ന സുന്ദർ – താക്കൂർ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 123 റൺസാണ് അടിച്ചുകൂട്ടിയത്.

ഏഴാം വിക്കറ്റിൽ ബ്രിസ്ബെയ്നിൽ ഇന്ത്യൻ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും ഇന്ന് പടുത്തുയർത്തിയത്. മാത്രമല്ല, 2019ൽ സിഡ്നിയിൽ ഋഷഭ് പന്ത് – രവീന്ദ്ര ജഡേജ സഖ്യം 204 റൺസെടുത്തശേഷം ഏഴാം വിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ 50 കടക്കുന്നത് തന്നെ ഇതാദ്യം.  ഇന്ത്യയ്ക്ക് പുറത്ത് വിക്കറ്റ് കീപ്പറല്ലാത്ത ഏഴ്, എട്ട് നമ്പർ താരങ്ങൾ ഒരേ ഇന്നിങ്സിൽ അർധസെഞ്ചുറി നേടുന്നത് 1982നുശേഷം ഇതാദ്യമാണ്. ഇതിനു മുൻപ് 1982ൽ സന്ദീപ് പാട്ടീൽ (129*), കപിൽ ദേവ് (65) എന്നിവർ ഇംഗ്ലണ്ടിനെതിരെയാണ് സമാന നേട്ടം കൈവരിച്ചത്.

∙ ഓസീസ് മണ്ണിൽ ഏഴാം വിക്കറ്റിൽ ഇന്ത്യൻ താരങ്ങളുടെ സെഞ്ചുറി കൂട്ടുകെട്ടുകൾ

204 ഋഷഭ് പന്ത് – രവീന്ദ്ര ജഡേജ, സിഡ്നി, 2018/19

132 വിജയ് ഹസാരെ - എച്ച്.അധികാരി, അഡ്‌ലെയ്ഡ്, 1947/48

123 – വാഷിങ്ടൻ സുന്ദർ – ഷാർദുൽ താക്കൂർ, ബ്രിസ്ബെയ്ൻ, 2020/21

101 മുഹമ്മദ് അസ്ഹറുദ്ദീൻ – മനോജ് പ്രഭാകർ, അഡ്‌ലെയ്ഡ്, 1991/92

English Summary: Washington Sundar, Shardul Thakur frustrate Australia, create new record for India in Brisbane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com