sections
MORE

സിഡ്നിയിൽ ഇന്ത്യയെ രക്ഷിച്ച ഹനുമ വിഹാരി ഇനി ടീമിലെത്തുമോ? ആശങ്കയുണ്ട്!

hanuma-vihari
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഹനുമ വിഹാരി (ട്വിറ്റർ ചിത്രം)
SHARE

ക്രിക്കറ്റ് ചിലർക്ക് അങ്ങനെയാണ്. തങ്ങളുടെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരിക്കും അവരുടെ അവസാനത്തേത്. 10 വിക്കറ്റ് വീഴ്ത്തിയ ടെസ്റ്റ് മത്സരത്തിനുശേഷം പ്രഗ്യാൻ ഓജയെന്ന ഇടങ്കയ്യൻ സ്പിന്നർക്ക് പിന്നീട് ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങാൻ അവസരം ലഭിച്ചിട്ടില്ല. അവസാനം കളിച്ച ഏകദിനത്തിൽ മാൻ ഓഫ് ദ് മാച്ചും പരമ്പരയിൽ മാൻ ഓഫ് ദ് സീരീസും ആയിരുന്നെങ്കിലും അമിത് മിശ്ര പിന്നീട് ഏകദിന ക്രിക്കറ്റിന്റെ പടി കടന്നിട്ടില്ല. അതേ വിധി വരുമോ ടെസ്റ്റ് സ്പെഷലിസ്റ്റ് ഹനുമ വിഹാരിക്ക് എന്നാണ് ആരാധകരുടെ ആശങ്ക.

വെറുത്ത് വെറുത്ത് ഇഷ്ടം തോന്നി എന്ന പോലെയാണ് പലർക്കും വിഹാരി. ഫോമില്ലാത്തതിനും ഫീൽഡിലെ തണുപ്പൻ മട്ടിനും കുറ്റം പറഞ്ഞവരെല്ലാം സിഡ്നിയിലെ മത്സരം രക്ഷിച്ച ഇന്നിങ്സിലൂടെ വിഹാരി ടീമിന് ആവശ്യമാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞു. പരുക്കേറ്റ് ബ്രിസ്ബെയ്ൻ ടെസ്റ്റിൽനിന്നും പുറത്തായ വിഹാരിക്ക് ഇനിയൊരു മടക്കമില്ലേയെന്ന് ആശങ്കപ്പെടുന്നവരേറെയാണ്. അതിനു കാരണവുമുണ്ട്. വിദേശത്തെ കടുപ്പമേറിയ പരീക്ഷകൾക്കു മാത്രമേ ടീം ഇന്ത്യ വിഹാരിയെ ഒപ്പം കൂട്ടാറുള്ളൂ. കളിച്ച 12 ടെസ്റ്റുകളിൽ 11ലും വിദേശത്താണ് അദ്ദേഹം ഇറങ്ങിയത്.

നാട്ടിലെ പിച്ചുകളിൽ ഒരു ബാറ്റ്സ്മാന്റെ എണ്ണം കുറയ്ക്കുമ്പോൾ വിഹാരിയുടെ സ്ഥാനം പുറത്താകും. ഇന്ത്യയ്ക്ക് ഇനി നാട്ടിൽ ഇംഗ്ലണ്ടുമായി 4 ടെസ്റ്റിന്റെ പരമ്പരയാണ് കളിക്കാനുള്ളത്. ഓഗസ്റ്റിൽ ഇംഗ്ലിഷ് പര്യടനമാണ് വിദേശത്തെ അടുത്ത ദൗത്യം. അപ്പോഴേക്കും ടെസ്റ്റ് ടീം ഘടന തന്നെ മാറിയേക്കാം. ഓപ്പണിങ് സ്ലോട്ടിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും സ്ഥാനമുറപ്പിച്ചതോടെ മറ്റ് ഓപ്പണർമാരായ മായങ്ക് അഗർവാളും പൃഥ്വി ഷായുമൊക്കെ മധ്യനിരയിലെ സ്ഥാനത്തിനായി മത്സരിക്കും. വിരാട് കോലി കൂടി തിരിച്ചെത്തുന്നതോടെ ടീമിൽ സ്ഥാനം നിലനിർത്തുന്നത് കടുകട്ടിയാകും. സിഡ്‌നി ടെസ്റ്റ് കണ്ടവരെല്ലാം വിഹാരിയുടെ മടങ്ങി വരവിനായി കാത്തിരിക്കുമെന്നു തീർച്ച.

∙ എന്തൊരു മനക്കട്ടി!

കാലിനു പരുക്കേറ്റ് നേരാംവണ്ണം സിംഗിൾ എടുക്കാൻ പോലും പറ്റാതെ നിൽക്കുന്ന മനുഷ്യൻ പാറ്റ് കമ്മിൻസിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹെയ്സൽവുഡിന്റെയും പന്തുകളെ കൂസാതെ ക്രീസിൽ പിടിച്ചു നിന്നത് എത്ര നേരമാണ്! 161 പന്തുകളാണ് ഇവരെയെല്ലാം നേരിട്ട് വിഹാരി ക്രീസിൽ നിന്നത്. ഹനുമ വിഹാരിയെന്ന ഇന്ത്യൻ ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാന് ഇത്രമാത്രം മനക്കരുത്ത് എവിടെ നിന്നെന്ന് അതിശയിക്കുന്നവരായിരുന്നു കളികണ്ടവരിൽ ഏറെയും.

അതിന് ഉത്തരം തിരയുന്നവർ ആദ്യം എത്തുക 12 വയസ്സുകാരൻ വിഹാരിയിലാണ്. അച്ഛൻ മരിച്ച് മൂന്നാം നാൾ സ്കൂളിനു വേണ്ടി ഫൈനൽ കളിക്കാൻ ഇറങ്ങിയ ബാലൻ 80ൽ അധികം റൺസ് നേടിയാണ് ടീമിന് കപ്പ് സമ്മാനിച്ചത്. ബഹളങ്ങളും പുറംകാഴ്ചകളുമൊന്നും ഇല്ലെന്നേയുള്ളൂ, വിഹാരിക്ക് അത്രത്തോളം ജീവനാണ് ക്രിക്കറ്റ്.

2012ൽ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലേക്ക് കയറിയ ഏകതാരമാണ് വിഹാരി. ലോകകപ്പ് നേടിയ ടീമിനായി മികച്ച പ്രകടനം നടത്താൻ കഴിയാതെ പോയത് വിഹാരിയിൽ വാശി വളർത്തി. ഈ ടീമിൽ നിന്ന് ആദ്യം സീനിയർ ടീമിലെത്തണമെന്ന് അദ്ദേഹം അന്നേ മനസ്സിലുറപ്പിച്ച് കഠിനാധ്വാനം തുടങ്ങി. ആഭ്യന്തര ക്രിക്കറ്റിൽ ടൺ കണക്കിന് റൺസുമായാണ് അദ്ദേഹം വിരാട് കോലിയുടെ ടീമിലേക്ക് അടിവച്ചു കയറിയത്. ഫസ്റ്റ് ക്ലാസ് കരിയറിലെ ശരാശരി 56.75.

ഇംഗ്ലണ്ടിലെയും ന്യൂസീലൻഡിലെയും പിച്ചുകളിൽ പിടിച്ചു നിന്നു കളിച്ചത് മറന്നവരാണ് വിഹാരിയെ സിഡ്നിയിൽ‍ കളിപ്പിക്കരുതെന്നു വാശിപിടിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഓപ്പണറുടെ റോളിലും വിഹാരിയെത്തി. ഇനിയും മധ്യനിരയ്ക്കു കരുത്തുപകരാൻ ഇന്ത്യൻ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ട്. പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന ബിസിസിഐയുടെ ആശംസ വിഹാരിക്കുള്ള ശുഭസൂചനയെന്നു ധരിക്കാം. 

English Summary: Will Hanuma Vihari Return to Team India Soon?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA