ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ട്വന്റി20 തോറ്റുപോകുന്ന ഉദ്വേഗവും ആശങ്കയും ആകാംക്ഷയുമെല്ലാം കുത്തിനിറച്ച ആവേശപ്പോരാട്ടത്തിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ വിജയഗാഥ! ആവേശം അവസാന നിമിഷം വരെ കൂട്ടിനെത്തിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന ദിനമായ ഇന്ന് വെറും 18 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയം മൂന്നു വിക്കറ്റിന്. ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയും 2–1ന് ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ, മെൽബണിലെ രണ്ടാം ടെസ്റ്റും ഗാബയിലെ നാലാം ടെസ്റ്റും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായ നിലംപൊത്തിയെങ്കിലും, ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഋഷഭ് പന്താണ് കളിയിലെ കേമൻ. പരമ്പരയുടെ താരമായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് തിരഞ്ഞെടുക്കപ്പെട്ടു.

ആത്മവിശ്വാസത്തിന്റെ നിറകുടമായി ഗാബയിൽ നിറഞ്ഞാടിയ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തുടങ്ങിവച്ച പോരാട്ടം, ചേതേശ്വർ പൂജാരയിലൂടെ കടന്ന് ഒടുവിൽ ഋഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് വിജയതീരത്തെത്തിച്ചത്. കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒൻപത് റൺസ് അകലെ നഷ്ടമായെങ്കിലും 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസ് ബോളർമാരുടെ ഏറുകൾ ബാറ്റുകൊണ്ടും ശരീരം കൊണ്ടും ഒരുപോലെ നേരിട്ട ചേതേശ്വർ പൂജാരയുടെ ‘ചോര കിനിയുന്ന’ അർധസെഞ്ചുറിക്കും 100 മാർക്ക്! കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കൽക്കൂടി തിരുത്തിയ പൂജാര, 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു.

ഇടയ്ക്ക് പൂജാരയുടെ പ്രതിരോധവും ഓസീസ് ബോളർമാർ തകർത്തെങ്കിലും, ഓസീസ് മണ്ണിലെ അസാമാന്യ ഫോം അവസാന ടെസ്റ്റിലും തുടർന്ന ഋഷഭ് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 138 പന്തുകൾ േനരിട്ട പന്ത്, ഒൻപത് ഫോറും ഒരു സിക്സും സഹിതം 89 റൺസുമായി പുറത്താകാതെ നിന്നു. പൂജാര പുറത്തായശേഷമെത്തി 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത വാഷിങ്ടൻ സുന്ദറിന്റെ പോരാട്ടവീര്യവും വിജയത്തിൽ നിർണായകമായി. പന്തും സുന്ദറും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

രോഹിത് ശർമ (21 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (22 പന്തിൽ 24), ശാർദൂൽ താക്കൂർ (രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഓസീസിനായി പാറ്റ് കമ്മിൻസ് നാലും നേഥൻ ലയൺ രണ്ടും ജോഷ് ഹെയ്‍സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.

∙ പോരാട്ടവീര്യത്തിന്റെ മറുവാക്ക്, ടീം ഇന്ത്യ!

കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിൽ കന്നി സെഞ്ചുറി കുറിക്കാനുള്ള മോഹം ഒൻപത് റൺസ് അകലെ തകർന്നുവീണെങ്കിലും, ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സാണ് ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കരുത്തായത്. ഗിൽ 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 91 റൺസെടുത്തത്. ടെസ്റ്റിൽ ഗില്ലിന്റെ ഇതുവരെയുള്ള ഉയർന്ന സ്കോറാണിത്. ആദ്യ സെഷനിൽത്തന്നെ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റിൽ പൂജാരയെ കൂട്ടുപിടിച്ച് ശുഭ്മാൻ ഗിൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. സ്കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ രോഹിത്തിനെ പാറ്റ് കമ്മിൻസ് മടക്കിയതിനു പിന്നാലെ ക്രീസിൽ ഒരുമിച്ച ഇരുവരും 112 റണ്‍സാണ് സ്കോർ ബോർഡിൽ എത്തിച്ചത്.

എന്നാൽ, സ്കോർ 132ൽ നിൽക്കെ നേഥൻ ലയണാണ് കൂട്ടുകെട്ട് പൊളിച്ചത്. 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലിനെ ലയൺ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചു. വിജയം ലക്ഷ്യമിട്ട് ഏകദിന ശൈലിയിൽ ബാറ്റുവീശിയ അജിൻക്യ രഹാനെയ്ക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. 22 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 24 റൺസെടുത്ത രഹാനെയെ പാറ്റ് കമ്മിന്‍സ് ടിം പെയ്ന്റെ കൈകളിലെത്തിച്ചു.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന പൂജാരയും പന്തും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 61 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്. ഇതിനിടെ പൂജാര കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയുടെ റെക്കോർഡ് ഒരി‍ക്കൽക്കൂടി തിരുത്തി. ഇത്തവണ 196 പന്തിൽ ഏഴു ഫോറുകൾ സഹിതമാണ് പൂജാര 50 കടന്നത്. പലതവണ ശരീരത്തിൽ ഏറുകൊണ്ട പൂജാര, അതിനെയെല്ലാം അവഗണിച്ചാണ് ക്രീസിൽനിന്നത്. ഒടുവിൽ രണ്ടാം ന്യൂബോൾ എടുത്തതിനു പിന്നാലെ കമ്മിൻസ് പൂജാരയെ എൽബിയിൽ കുരുക്കി. 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്താണ് പൂജാര മടങ്ങിയത്. ഗാബയിൽ 196 പന്തിൽനിന്നാണ് പൂജാര അർധസെഞ്ചുറി പൂർത്തിയാക്കിയത്.

പൂജാരയ്ക്കു പിന്നാലെ കാര്യമായ പോരാട്ടം കൂടാതെ മായങ്ക് അഗർവാൾ (ഒൻപത്) മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും, ആറാം വിക്കറ്റിൽ ഋഷഭ് പന്ത് – വാഷിങ്ടൻ സുന്ദർ കൂട്ടുകെട്ട് തീർത്ത 53 റൺസ് കൂട്ടുകെട്ട് നിർണായകമായി. വിജയത്തിനരികെ സുന്ദറും (29 പന്തിൽ 22), താക്കൂറും (രണ്ട്) പുറത്തായെങ്കിലും സെയ്നിയെ സാക്ഷനിർത്തി പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

∙ പൂജാരയുടെ വേഗം കുറഞ്ഞ അർധസെഞ്ചുറികൾ

196 ഓസ്ട്രേലിയയ്‍‌ക്കെതിരെ ബ്രിസ്ബെയ്നിൽ, 2020/21 *
174 ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിൽ, 2020/21 (1st inngs)
173 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിൽ, 2017/18
170 ഓസ്ട്രേലിയയ്‍ക്കെതിരെ സിഡ്നിയിൽ, 2020/21 (2nd inngs)

∙ ഏറ്റവും വേഗത്തിൽ െടസ്റ്റിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ (ഇന്നിങ്സ് അടിസ്ഥാനത്തിൽ)

27 ഋഷഭ് പന്ത്
32 എം.എസ്. ധോണി
36 ഫാറൂഖ് എൻജിനീയർ
37 വൃദ്ധിമാൻ സാഹ
39 നയൻ മോംഗിയ

∙ സിറാജാണ് താരം, താക്കൂറും

നേരത്തെ, 2–ാം ഇന്നിങ്സിൽ 294 റൺസ് അടിച്ചെടുത്താണ് ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ 328 റൺസ് എന്ന വിജയലക്ഷ്യം വച്ചത്. ഒന്നാം ഇന്നിങ്സിൽ ആതിഥേയർക്കു 33 റൺസ് ലീഡ് ഉണ്ടായിരുന്നു. 4–ാം ദിനം അതിവേഗത്തിൽ റൺസ് അടിച്ചെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനു വിളിക്കുക എന്ന ഓസീസിന്റെ മനസ്സിലിരുപ്പ് പക്ഷേ ഇന്ത്യൻ ബോളർമാർ അങ്ങനെയങ്ങു സമ്മതിച്ചു കൊടുത്തില്ല. 5 വിക്കറ്റെടുത്ത മുഹമ്മദ് സിറാജും 4 വിക്കറ്റെടുത്ത ശാർദൂൽ ഠാക്കൂറും ഓസീസിനെ 294ൽ ഒതുക്കി. മഴ പെയ്തതോടെ 2–ാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 1.5 ഓവർ മാത്രമാണ് ബാറ്റു ചെയ്യേണ്ടി വന്നത്.

ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഓസീസിനെ ഓപ്പണർമാരായ ഡേവിഡ് വാർണറും (48) മാർക്കസ് ഹാരിസും (38) മുന്നോട്ടു കൊണ്ടു പോയി. എന്നാൽ ടീം സ്കോർ 100 തികയും മുൻപ് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഇന്ത്യ ശക്തമായി തിരിച്ചു വന്നു. ഹാരിസിനെ ശാർദൂൽ ഠാക്കൂർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചപ്പോൾ വാർണറെ വാഷിങ്ടൻ സുന്ദർ വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇന്ത്യ ഏറ്റവും പേടിച്ച ലബുഷെയ്ൻ–സ്മിത്ത് സഖ്യം നന്നായി തുടങ്ങിയെങ്കിലും ലബുഷെയ്നെ (25) മടക്കി സിറാജ് അതു പൊളിച്ചു. സ്ലിപ്പിൽ രോഹിത് ശർമയ്ക്കു ക്യാച്ച്. അതേ ഓവറിൽ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി. പന്തിനു ക്യാച്ച്. കാമറൂൺ ഗ്രീനാണ് (37) പിന്നീട് സ്മിത്തിനു കൂട്ടു നൽകിയത്. എന്നാൽ അർധ സെഞ്ചുറി നേടിയ സ്മിത്തിനെ (55) ക്യാപ്റ്റൻ രഹാനെയുടെ കയ്യിലെത്തിച്ച് സിറാജ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസമേകി. പിന്നാലെ ഗ്രീനിനെ ശാർദൂൽ രോഹിതിന്റെ കയ്യിലെത്തിച്ചു. ക്യാപ്റ്റൻ ടിം പെയ്ൻ (27), പാറ്റ് കമ്മിൻസ് (28) എന്നിവരാണ് പിന്നീട് ഓസീസിന് ലീഡ് 300 കടത്താൻ സഹായമേകിയത്.

English Summary: Australia vs India, 4th Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com