sections
MORE

ഗാബയിലേക്ക് വാ, കാണിച്ചുതരാമെന്ന് പെയ്ൻ; ഇന്ത്യ വന്നു, കണ്ടു, കീഴടക്കി!

team-india-at-gabba
ഗാബയിലെ ചരിത്ര വിജയത്തിനു പിന്നാലെ ദേശീയ പതാകയുമായി സ്റ്റേഡിയം വലംവയ്ക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ മുഖമുദ്രയായ താൻപോരിമയ്ക്കും ധാർഷ്ഠ്യത്തിനും അഹങ്കാരത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് അവരുടെ നാട്ടിൽ ഇന്ത്യയുടെ ഇത്തവണത്തെ ടെസ്റ്റ് പരമ്പര വിജയം. വ്യക്തിപരവും അല്ലാത്തതുമായ എത്രയോ വെല്ലുവിളികൾ നേരിട്ടാണ് ഇന്ത്യ ഗാബയിൽ ഇക്കുറി ചരിത്രം തിരുത്തിയെഴുതി വിജയക്കൊടി നാട്ടിയത്! പകരംവീട്ടലുകളുടെ ഒരു പരമ്പര തന്നെയാണ് ഇത്തവണ ഇന്ത്യൻ ടീം ഗാബയിൽ പുറത്തെടുത്തത്. സിഡ്നിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിടാതിരിക്കാൻ സർവത്ര ഏറുകൊണ്ട് പൊരുതുമ്പോൾ രവിചന്ദ്രൻ അശ്വിനോട്, ‘ഗാബയിലേക്ക് വാ, കാണിച്ചുതാരം’ എന്ന് വെല്ലുവിളിച്ചത് ഓസീസ് ക്യാപ്റ്റൻ ടിം പെയ്നാണ്. പിന്നീട് പെയ്ൻ തന്റെ പെരുമാറ്റത്തിന് മാപ്പു പറഞ്ഞെങ്കിലും, ഗാബയിലേക്ക് വന്ന ടീം ഇന്ത്യയോട് ദയനീയ തോൽവി വഴങ്ങാനായിരുന്നു ഓസീസിന്റെ വിധി!

പെയ്ൻ – അശ്വിൻ പോരാട്ടത്തിന്റെ അലയൊലികൾ അവിടെയും ഒതുങ്ങിയില്ല. ഗാബയിലെ ചരിത്ര വിജയത്തിനു പിന്നാലെ ടിം പെയ്നെയും ക്രിക്കറ്റ് ഓസ്ട്രേലിയയെയും ടാഗ് ചെയ്ത് അശ്വിൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ: ‘ഗുഡ് ഈവനിങ് ഫ്രം ഗാബ. എനിക്ക് കളത്തിലിറങ്ങാനായില്ലെങ്കിലും, വെല്ലുവിളികളുടെ ഈ സമയത്ത് ഞങ്ങൾക്ക് ആതിഥ്യമരുളുകയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുകയും ചെയ്തതിന് നന്ദി. ഈ പരമ്പര ഞങ്ങൾ എക്കാലവും ഓർത്തിരിക്കും!’

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായങ്ങളിലൊന്ന് സംഭവിച്ച അതേ പരമ്പരയിലാണ് ഇന്ത്യ ചരിത്രം കുറിച്ച ഈ വിജയം നേടിയതെന്നതും ശ്രദ്ധേയം. 2020 ഡിസംബർ 19നാണ് അഡ്‌ലെയ്ഡിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് ഓൾഔട്ടായി നാണംകെട്ടത്. കൃത്യം ഒരു മാസത്തിനിപ്പുറം 2021 ജനുവരി 19നാണ് ഗാബയിലെ ഐതിഹാസിക വിജയം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ട്വീറ്റും ചെയ്തു. ഓസീസ് മണ്ണിൽ ഇന്ത്യൻ ടീമിന്റെ ഐതിഹാസിക തിരിച്ചുവരവിനൊപ്പം കഴിഞ്ഞ പരമ്പരയിലും ഈ പരമ്പരയിലെ മുൻ മത്സരങ്ങളിലുമായി ഓസീസ് താരങ്ങളും കാണികളും ഉയർത്തിയ പരിഹാസങ്ങൾക്ക് എണ്ണിയെണ്ണിയാണ് ഇന്ത്യൻ താരങ്ങൾ മറുപടി പറഞ്ഞതെന്നും കാണാം.

പിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാതെ ഓസ്ട്രേലിയയിൽ തുടർന്ന മുഹമ്മദ് സിറാജ്, പിന്നീട് സിഡ്നിയിൽവച്ച് ഓസീസ് കാണികളിൽനിന്ന് ഏറ്റുവാങ്ങിയ പരിഹാസങ്ങൾക്കും വംശീയാധിക്ഷേപത്തിനും കണക്കുണ്ടോ? വംശീയത ചുവയ്ക്കുന്ന അവരുടെ പരിഹാസങ്ങളെ ധീരമായി നേരിട്ട സിറാജ്, നിർണായകമായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റ് പിഴുത് ഇന്ത്യയുടെ വിജയനായകനാകുന്നത് നാം കണ്ടു. ഈ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ മാത്രം രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറിയ സിറാജായിരുന്നു ഗാബ ടെസ്റ്റിൽ ഇന്ത്യയുടെ സ്ട്രൈക്ക് ബോളർ! സിറാജിനു പുറമെ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയും അപമാനിക്കപ്പെട്ടു.

ഓസീസ് മണ്ണിൽ 2010നുശേഷം ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന രണ്ടാമത്തെ വിദേശതാരമായി മാറിയ ചേതേശ്വർ പൂജാര, അതിൽ എത്രയോ പന്തുകളാണ് സ്വന്തം ദേഹത്ത് ഏറ്റുവാങ്ങിയത്! പൂജാരയ്ക്കു നേരെ ഷോർട്ട് ബോളുകൾ എറിയാൻ കമന്ററി ബോക്സിലിരുന്ന് ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ ആവേശം കൊള്ളുന്നത് പലകുറി കണ്ടു. പന്തുകൊണ്ട് സാധിക്കാത്തത് നെഞ്ച് കൊണ്ടും തോളുകൊണ്ടുമെല്ലാം തടുത്തിട്ട പൂജാര, ഓസീസ് ബോളർമാരുടെ ആത്മവീര്യം ചോർത്തുന്നതിൽ വഹിച്ച പങ്ക് നിസാരമല്ല.

‘എന്തുകൊണ്ടാണ് അവർ പൂജാര അങ്കിളിനിട്ട് തുടർച്ചയായി എറിയുന്നത്. അവർക്ക് അങ്കിളിനെ ഇഷ്ടമല്ലേ?’ – ഇന്ത്യൻ താരം രവിചന്ദ്രന്‍ അശ്വിന്റെ പെൺമക്കളുടെ സംശയം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത് ഭാര്യ പ്രീതി അശ്വിനാണ്. കളി കണ്ട ആർക്കും തോന്നിപ്പോകുന്ന സംശയം. ഓസീസ് ആക്രമണത്തിന്റെ മുനയൊടിക്കാൻ പൂജാര സഹിച്ച വേദന ചെറുതല്ലെന്ന് ഉറപ്പ്.

ടീമിൽ പോലും സ്ഥാനമില്ലെന്ന നിലയിൽനിന്ന് ഇന്ത്യയുടെ വിജയനായകനായി മാറിയ ആളാണ് ഋഷഭ് പന്ത്. കഴിഞ്ഞ പരമ്പരയിൽ വീട്ടിൽ കുട്ടിയെ നോക്കാൻ വരുന്നോയെന്ന് പന്തിനെ പരിഹസിച്ചത് ടിം പെയ്നാണ്. അതേ ഋഷഭ് പന്തിന്റെ ബാറ്റാണ് സിഡ്നിയിൽ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുക്കുന്നതിൽ നിർണായകമായത്. ഇത്തവണ ബ്രിസ്ബെയ്നിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വഴിതെളിച്ചതും അതേ പന്തും അദ്ദേഹത്തിന്റെ ബാറ്റും തന്നെ. 

അജിൻക്യ രഹാനെയെക്കുറിച്ച് കൂടി പറയാതിരിക്കുന്നതെങ്ങനെ! വിരാട് കോലി നാട്ടിലേക്കു മടങ്ങുമ്പോൾ ആദ്യ ടെസ്റ്റ് ദയനീയമായി തോറ്റതിന്റെ ആഘാതത്തിലായിരുന്നു ടീം ഇന്ത്യ. അന്ന് അഡ്‌ലെയ്ഡിൽ രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിന് ഔൾഔട്ടായതിന്റെ നാണക്കേട് എങ്ങനെ മറക്കാൻ! ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ നാണക്കേടിന്റെ ഈ പടുകുഴിയിൽനിന്ന് കൃത്യം ഒരു മാസത്തിനകം ടീം ഇന്ത്യയെ മഹത്വത്തിന്റെ ചക്രവാളങ്ങളിലേക്ക് ഉയർത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ, അതിൽ താൽക്കാലിക ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ പങ്ക് ചെറുതല്ല.

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച രഹാനെയെ മറക്കാനാകുമോ? നിർണായക സമയത്ത് തന്റെ റണ്ണൗട്ടിന് കാരണക്കാരനായി തലകുനിച്ചുനിന്ന രവീന്ദ്ര ജഡേജയുടെ നെഞ്ചിൽത്തട്ടി ധൈര്യം പകർന്ന രഹാനെയേയോ? ഗാബയിൽ ചെറുതെങ്കിലും ഏകദിന ശൈലിയിലുള്ള ബാറ്റിങ്ങിലൂടെ വിജയം തന്നെയാണ് ഉന്നമെന്ന് ഉറക്കെ പ്രഖ്യാപിച്ച രഹാനെയുടെ പാത പിന്‍പറ്റിയാണ് പന്തും സുന്ദറും ചേർന്ന് ടീമിന് വിജയത്തിലേക്ക് കൈപിടിച്ചത്.

∙ ഇന്ത്യ വിരാമമിട്ട ഓസീസിന്റെ ചരിത്രക്കുതിപ്പുകൾ

– തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങൾ – 2001ൽ കൊൽക്കത്തയിലും 2008ൽ പെർത്തിലും ഓസീസ് കുതിപ്പിന് ഇന്ത്യ കടിഞ്ഞാണിട്ടു.

– പെർത്തിലെ വാക്കയിൽ വിജയം നേടുന്ന ആദ്യ ഏഷ്യൻ രാജ്യം (2008ൽ)

– നാട്ടിൽ തുടർച്ചയായി 19 ഏകദിന വിജയങ്ങൾ (2016ൽ സിഡ്നിയിൽ)

– 1989 മുതൽ 2021 വരെ ഗാബയിൽ തോൽവിയറിയാതെ പിന്നിട്ടത് 32 വർഷം

English Summary: 'We will remember this series forever': Ashwin tags Paine after historic win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA