sections
MORE

പൂജാര പുറത്തായിട്ടും ഇന്ത്യയെ താങ്ങിനിർത്തി, എന്തു വന്നാലും കുലുങ്ങാത്ത പന്ത്!

rishabh-pant
ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ഋഷഭ് പന്തിന്റെ പ്രതികരണം (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

‘328 റൺസ് വേണം. പന്തു നിന്നാൽ സാധ്യതയുണ്ട്’. നാഴികയ്ക്കു 40 വട്ടവും ഋഷഭ് പന്തിനെ കുറ്റം പറയുന്നവരെക്കൊണ്ടുപോലും ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിർഭയത്വം വിളങ്ങുന്ന ‘പന്ത്’ ഇഫക്ട്. എന്തു വന്നാലും കുലുങ്ങാത്ത ഈ മനോഭാവത്തിന്റെ പേരിൽ കേൾക്കാത്ത പഴിയില്ലെങ്കിലും ഈ പന്ത് പ്രഭാവത്തിലാണ് ഗാബയിൽ ഇന്ത്യ നെഞ്ചുവിരിച്ചുനിന്നത്.

നാലു ഫലസാധ്യതകളും അവസാനം വരെ നിലനിന്ന ഗാബ ടെസ്റ്റിന്റെ വിധി എങ്ങനെ വേണമെന്നു തീരുമാനിക്കാനുള്ള നിയോഗം ഈ ഇരുപത്തിമൂന്നുകാരന്റെ ചുമലിലായിരുന്നു. ടീം സ്കോർ 167 ൽ ക്യാപ്റ്റൻ അജിൻക്യ രഹാനെ മടങ്ങുമ്പോൾ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 161 റൺസ്. ഒരറ്റത്ത് തോൽക്കാതിരിക്കാനുള്ള ചേതേശ്വർ പൂജാരയുടെ ധീരമായ ചെറുത്തുനിൽപ് തുടരുമ്പോൾ ജയത്തിലേക്കു വഴിവെട്ടേണ്ട ഉത്തരവാദിത്തം പന്തിന്റെ തലയിലായി. തന്നിലൊരു മാച്ച് വിന്നർ ഉണ്ടെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത പ്രകടനമാണു പിന്നീടു പന്ത് നടത്തിയത്.

വികൃതിപ്പയ്യനിൽനിന്നു പകത്വതയുള്ള കളിക്കാരനിലേക്കുള്ള മാറ്റമായിരുന്നു പന്തിന് ഈ ടെസ്റ്റ് പരമ്പര. സിഡ്നിയിലും ഗാബയിലും രണ്ടാം ഇന്നിങ്സിൽ ആ ബാറ്റിൽനിന്നു പിറന്ന സ്കോറുകൾ (97, 89*) രണ്ടു ടെസ്റ്റിന്റെയും പരമ്പരയുടെയും ജാതകമെഴുതി. ഫോമില്ലാതെ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടീമിൽനിന്നു പുറത്തുപോകേണ്ടി വന്ന പന്തിന്റെ ശക്തമായ തിരിച്ചുവരവാണിത്. ആക്രമണം തന്നെ മികച്ച പ്രതിരോധമെന്നു കാണിച്ചു തന്ന വീരേന്ദർ സേവാഗിന്റെ ഈ മധ്യനിര അവതാരം ഇനി വിക്കറ്റ് കീപ്പർ അല്ലെങ്കിൽകൂടിയും ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന കാര്യത്തിൽ വിമർശകർക്കു സംശയമുണ്ടാകുമോ..?

∙ ഏറ്റവും വേഗത്തിൽ (27 ഇന്നിങ്സ്) ടെസ്റ്റിൽ 1000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് ഇനി പന്തിന്റെ പേരിൽ. മറികടന്നത് എം.എസ്.ധോണിയെ (32 ഇന്നിങ്സ്).

∙ ‘‘എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നാണിത്. ടീം ഒന്നടങ്കം എന്നോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്– നീ ഒരു മാച്ച് വിന്നറാണ്. അങ്ങനെ ഞാനും ഇന്ത്യയെ ജയിപ്പിക്കുന്നത് സ്വപ്നം കണ്ടു തുടങ്ങി. ആ സ്വപ്നം ഇന്നു സഫലമായി..’’ – ഋഷഭ് പന്ത്

English Summary: 'Finisher' Rishabh Pant redeems himself with 'natural' game vs Australia in Gabba

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA