ADVERTISEMENT

എട്ട് ഇന്നിങ്സുകൾ, 928 പന്തുകൾ, 3 അർധ സെഞ്ചുറികൾ, 271 റൺസ്, ക്ഷമയുടെ, നിശ്ചയദാർഢ്യത്തിന്റെ 20 മണിക്കൂറുകൾ. ഒടുവിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പവിലിയനിലേക്കു മടങ്ങുമ്പോൾ ഏൽപിച്ച ദൗത്യം പൂജാര ഭംഗിയായി നിർവഹിച്ചുകഴിഞ്ഞിരുന്നു. ചേതേശ്വർ പൂജാര; ബാക്കിയുള്ള 10 പേരും ജയത്തിനു വേണ്ടി കളിച്ചപ്പോൾ ടീം തോൽക്കില്ലെന്നുറപ്പിക്കാൻ കളിച്ചയാൾ.

ഓസ്ട്രേലിയയ്ക്കും ബോർഡർ ഗാവസ്കർ ട്രോഫിക്കുമിടയിലുള്ള മതിലായിരുന്നു പൂജാര. മെല്ലെപ്പോക്കിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടപ്പോഴൊന്നും പൂജാര പതറിയില്ല. ടീമിൽ തന്റെ ദൗത്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയായിരുന്നു പൂജാരയുടെ കരുത്ത്. എതിർവശത്ത് ഗില്ലും പന്തും അടിച്ചു തകർത്തടിച്ചപ്പോൾ അതിനുള്ള ധൈര്യം അവർക്കു ലഭിച്ചത് മറുവശത്ത് പൂജാര തീർത്ത പ്രതിരോധമായിരുന്നു.

India's Cheteshwar Pujara reacts after he is hit while batting during play on the final day of the fourth cricket test between India and Australia at the Gabba, Brisbane, Australia, Tuesday, Jan. 19, 2021. (AP Photo/Tertius Pickard)
ബാറ്റിങ്ങിനിടെ പൂജാരയ്ക്ക് പരുക്കേറ്റപ്പോൾ (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)

കാൽമുട്ടിനു മുകളിൽ ഉയരാത്ത ബാറ്റ് ലിഫ്റ്റുമായി പേസർമാരെയും സ്റ്റംപ് ഔട്ട് പ്രതിരോധവുമായി സ്പിന്നർമാരെയും തളച്ചിടാൻ പൂജാരയ്ക്കു സാധിച്ചു. ഒടുവിൽ വിള്ളൽ വീഴ്ത്താൻ സാധിക്കാത്ത മതിൽ ഇടിച്ചു തകർക്കാമെന്നു തീരുമാനിച്ച ഓസീസ് പേസർമാർ, ബോഡി ലൈൻ ബൗൺസറുകളുമായി പൂജാരയ്ക്കു മുകളിൽ പെയ്തിറങ്ങി. തലയിലും നെഞ്ചിലും പുറത്തുമായി പത്തിലധികം ബൗൺസറുകൾ ഏറ്റുവാങ്ങിയിട്ടും പൂജാര തളർന്നില്ല

ഒടുവിൽ ഹെയ്സൽവുഡിന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെ കൈവിരലിനു പരുക്കേറ്റ് പൂജാര ഗ്രൗണ്ടിൽ വീണപ്പോൾ മത്സരം കൈവിട്ടുപോകുമോ എന്ന പേടിയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ, പരുക്കേറ്റ വിരലുമായി പൂജാര വീണ്ടും പൊരുതി, തോൽവിയിൽനിന്നു സമനിലയിലേക്കും അവിടെനിന്നു ജയത്തിലേക്കുമുള്ള വാതിൽ തുറന്നിടും വരെ....

English Summary: Cheteshwar Pujara - the star in India's win at Gabba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com