ADVERTISEMENT

ന്യൂഡൽഹി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ നായകനാകും. രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. സ്മിത്തിനെ രാജസ്ഥാൻ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ശക്തരായ മുംബൈ, ഡൽഹി ടീമുകളെ തകർത്തത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ്.

ഇതുവരെ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തു. ഇത്തവണ കോവിഡ് വ്യാപനം നിമിത്തം യുഎഇയിൽ നടന്ന ഐപിഎൽ 13–ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.

ടീം ഇന്ത്യയിൽ പുതുമുഖമാണെങ്കിലും രാജസ്ഥാൻ റോയൽസിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് താരത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഐപിഎലിൽ ദീർഘകാലമായി രാജസ്ഥാൻ റോയൽസിന്റെ താരമാണ്. ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്തം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു.

‘രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായുള്ള നിയമനം യഥാർഥത്തിൽ ഒരു ബഹുമതി തന്നെയാണ്. എക്കാലവും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ടീമാണിത്. ദീർഘകാലം ഈ ടീമിനായി കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ടീമിനൊപ്പമുള്ള പുതിയ വെല്ലുവിളികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’ – സഞ്ജു പറഞ്ഞു.

‘രാജസ്ഥാൻ റോയൽസിൽ ഇതിഹാസ തുല്യരായ ഒട്ടേറെ ക്യാപ്റ്റൻമാർക്കു കീഴിൽ കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡ്, ഷെയ്ൻ വാട്സൻ, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർക്കൊപ്പം കളിക്കാനും അവരിൽനിന്ന് പഠിക്കാനും കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. ഇനി പുതിയ സീസണിനായി കാത്തിരിക്കുന്നു’ – സഞ്ജു പറഞ്ഞു.

English Summary: Rajasthan Royals release their captain Steve Smith, Sanju Samson named captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com