ADVERTISEMENT

ധാക്ക∙ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) ഏർപ്പെടുത്തിയ ഒരു വർഷത്തെ വിലക്കും കോവിഡ് 19 വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയും ചേർന്ന് ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ രാജകീയ പ്രകടനവുമായി ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ. ഒട്ടേറെ പുതുമുഖങ്ങളുമായി പര്യടനത്തിനെത്തിയ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിലാണ് അസാമാന്യ പ്രകടനവുമായി ഷാക്കിബിന്റെ മടങ്ങിവരവ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 32.2 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്തായപ്പോൾ, 7.2 ഓവറിൽ വെറും എട്ട് റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷാക്കിബിന്റെ പ്രകടനം ശ്രദ്ധേയമായി.

123 റൺസ് വിജയലക്ഷ്യമായിറങ്ങിയ ബംഗ്ലദേശ്, 33.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയം ആറു വിക്കറ്റിന്. 69 പന്തിൽ ഏഴു ഫോറുകൾസഹിതം 44 റൺസെടുത്ത ക്യാപ്റ്റൻ തമിം ഇക്ബാലാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഷാക്കിബ് 43 പന്തിൽ ഒരു ഫോർ സഹിതം 19 റൺസെടുത്തു. ഷാക്കിബാണ് കളിയിലെ കേമൻ. ലിട്ടൺ ദാസ് (38 പന്തിൽ 14), നജ്മുൽ ഹുസൈൻ (ഒന്ന്), മുഷ്ഫിഖുർ റഹിം (31 പന്തിൽ പുറത്താകാതെ 19), മഹ്മൂദുല്ല (16 പന്തിൽ ഒൻപത്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. വിൻഡീസിനായി അരങ്ങേറ്റ മത്സരം കളിച്ച അകീൽ ഹുസൈൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

വെസ്റ്റിൻഡീസിനെതിരെ ഒരു ബംഗ്ലദേശ് ബോളറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് ഷാക്കിബിന്റേത്. ആകെ 44 പന്തിൽനിന്ന് വെറും എട്ടു റൺസ് വിട്ടുകൊടുത്താണ് ഷാക്കിബ് നാലുപേരെ പുറത്താക്കിയത്. ഇതിൽ രണ്ട് ഓവർ മെയ്ഡനായി. ഷാക്കിബ് ഒരു ഓവറിൽ ശരാശരി വഴങ്ങിയത്1.09 റൺസ് ! ആകെയെറിഞ്ഞ 44 പന്തിൽ 36 പന്തിലും വിൻഡീസ് താരങ്ങൾക്ക് റൺസ് നേടാനായില്ല. ഒരു വൈഡോ നോബോളോ ഷാക്കിബ് എറിഞ്ഞില്ല. ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. വിൻഡീസ് താരങ്ങളായ ആന്ദ്രെ മക്കാർത്തി, ക്യാപ്റ്റൻ ജെയ്സൻ മുഹമ്മദ്, എൻക്രുമാ ബോണർ, അൽസാരി ജോസഫ് എന്നിവരാണ് ഷാക്കിബിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായത്. നേരത്തെ, ഒത്തുകളിക്കാർ സമീപിച്ച വിവരം ഐസിസിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഷാക്കിബിന് വിലക്ക് ലഭിച്ചത്.

പ്രമുഖ താരങ്ങൾ ടീമിൽനിന്ന് പിൻവാങ്ങിയതിനാൽ ആദ്യ ഏകദിനത്തിൽത്തന്നെ ആറു പുതുമുഖങ്ങൾക്കാണ് വിൻഡീസ് അരങ്ങേറ്റത്തിന് അവസരം നൽകിയത്. അരങ്ങേറ്റ മത്സരം കളിച്ച കൈൽ മേയേഴ്സാണ് വിൻഡീസിന്റെ ടോപ് സ്കോററും. 56 പന്തുകൾ നേരിട്ട മേയേഴ്സ്, നാലു ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്തു. താരതമ്യേന പരിചയ സമ്പന്നനായ റൂവൻ പവലിനൊപ്പം ആറാം വിക്കറ്റിൽ മേയേഴ്സ് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 63 പന്തിൽനിന്ന് ഇവരുടെ സഖ്യം 59 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്. പവൽ 31 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 28 റൺസെടുത്തു.

ഇവർക്കു പുറമെ വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ജെയ്സൻ മുഹമ്മദ് (36 പന്തിൽ 17), ആന്ദ്രെ മക്കാർത്തി (34 പന്തിൽ 12) എന്നിവർ മാത്രം. സുനിൽ ആംബ്രിസ് (അഞ്ച് പന്തിൽ ഏഴ്), ജോഷ്വ ഡാസിൽവ (13 പന്തിൽ ഒൻപത്), എൻക്രുമാ ബോണർ (0), റെയ്മൻ റീഫർ (0), അൽസാരി ജോസഫ് (നാല്), അകീൽ ഹുസൈൻ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ബംഗ്ലദേശ് നിരയിൽ ഷാക്കിബിനു പുറമെ അരങ്ങേറ്റ മത്സരം കളിച്ച ഹസൻ മഹ്മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി. ആറ് ഓവറിൽ 28 റൺസ് വഴങ്ങിയാണ് മഹ്മൂദ് മൂന്നു വിക്കറ്റെടുത്തത്. മുസ്താഫിസുർ റഹ്മാൻ ആറ് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റും മെഹ്ദി ഹസൻ ഏഴ് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.

English Summary: Bangladesh vs West Indies, 1st ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com