ADVERTISEMENT

ന്യൂഡൽഹി∙ വമ്പൻ തുക നൽകി ടീമിലെത്തിച്ചിട്ടും കാര്യമായ ബാറ്റിങ് പ്രകടനം നടത്താതിരുന്ന ഓസീസ് താരം ഗ്ലെൻ മാക്‌സ്‍വെൽ ഇനി ടീമിൽ വേണ്ടെന്ന് കിങ്സ് ഇലവൻ പഞ്ചാബ്. ഫോമിലായാൽ അടിച്ചു പറത്തുന്നതാണു ശീലമെങ്കിലും താരം ഐപിഎല്ലിൽ ഫോമിലാകും വരെ ഇനി കാത്തിരിക്കേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ 13 കളികളിൽനിന്ന് 15 ശരാശരിയിൽ 108 റൺസ് മാത്രം നേടിയ മാക്സ്‍വെലിന്റെ പ്രകടനം കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 11.75 കോടിക്ക് ടീമിലെടുത്ത മാക്സ്‌വെലിനെ പഞ്ചാബ് കൈവിട്ടത്.

സൗജന്യമായി കിട്ടുന്ന ഡ്രിങ്സിന് വേണ്ടിയാണ് മാക്സ്‍വെൽ ഐപിഎൽ കളിക്കാൻ വരുന്നതെന്ന് മുൻ ഇന്ത്യന്‍ ഓപ്പണർ സെവാഗ് നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. മാക്‌സ്‍വെല്ലിന് കോടികൾ നൽകി അവധിക്കാലം ചെലവഴിക്കാൻ കൊണ്ടുവരികയാണ്. പത്ത് കോടി മതിപ്പുള്ള ‘ചിയർ ലീഡർ’ തുടങ്ങിയ പ്രയോഗങ്ങളും സെവാഗ് മാക്സ്‍വെല്ലിനെതിരെ നടത്തിയിരുന്നു. പഞ്ചാബ് ടീമിൽനിന്നു പുറത്തായെങ്കിലും ഐപിഎല്ലിൽ മറ്റേതെങ്കിലും ടീമിൽ മാക്‌സ്‍വെൽ കളിച്ചേക്കും.

മാക്‌സ്‌വെല്ലിനെ പുറത്താക്കിയെങ്കിലും വെസ്റ്റിൻഡീന്റെ സീനിയർ താരം ക്രിസ് ഗെയിലിനെ പഞ്ചാബ് ടീമിൽ നിലനിർത്തി. ഗെയ്‍ലിനു പുറമെ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇംഗ്ലിഷ് താരം ക്രിസ് ജോർദാൻ എന്നീ വിദേശ താരങ്ങളെയും പഞ്ചാബ് നിലനിർത്തി. ന്യൂസീലൻഡ് താരം ജിമ്മി നീഷം, അഫ്ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ, വെസ്റ്റിൻഡീസ് പേസർ ഷെൽഡൺ കോട്രൽ, ദക്ഷിണാഫ്രിക്കൻ താരം ഹാർദൂസ് വിൽജോയൻ തുടങ്ങിയവരെയും പഞ്ചാബ് റിലീസ് ചെയ്തിട്ടുണ്ട്.

∙ പഞ്ചാബ് നിലനിർത്തിയ മറ്റു താരങ്ങൾ: കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, മൻദീപ് സിങ്, സർഫറാസ് ഖാൻ, ദീപക് ഹൂഡ, പ്രഭ്സിമ്രാൻ സിങ്, മുഹമ്മദ് ഷമി, ദർഷൻ നൽകണ്ഡ, രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ, അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, ഇഷാൻ പോറെൽ

∙ റിലീസ് ചെയ്ത മറ്റു താരങ്ങൾ: കരുൺ നായർ, ജഗദീഷ സുചിത്, കൃഷ്ണപ്പ ഗൗതം, തജീന്ദർ സിങ്

English Summary: Kings XI Punjab released Glen Maxwell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com