ADVERTISEMENT

മുംബൈ∙ ‘7 വർഷത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിവന്നിരിക്കുന്നത് കണക്കുകൾ തീർക്കാനല്ല, ചില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ്.’ – ബിസിസിഐ വിലക്കിനുശേഷം തിരിച്ചെത്തിയ ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് 37കാരനായ ശ്രീശാന്ത് പറയുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി ഇത്തവണത്തെ ഐപിഎല്ലിൽ ശ്രീശാന്ത് കളിക്കുമോ?

ഒത്തുകളി ആരോപണത്തെതുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. കേസിൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും 7 വർഷം നീണ്ട ബിസിസിഐ വിലക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ജഴ്സി അണിഞ്ഞു കളിക്കളത്തിലേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ബോൾഡ് വിക്കറ്റുമായായിരുന്നു ശ്രീയുടെ അരങ്ങേറ്റം.

എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള ‘സെലക്ഷൻ ട്രയൽ’ ആയി കണക്കാക്കുന്ന ഐപിഎല്ലിൽ കളിക്കാതെ ശ്രീശാന്തിന് മുന്നിൽ വീണ്ടും ദേശീയ ടീമിന്റെ വാതിൽ തുറക്കുമെന്ന് കരുതാൻ വയ്യ. 2013 ഐപിഎലിലാണു ശ്രീശാന്ത് അവസാനമായി കളിച്ചത്.

ഇത്തവണ ഐപിഎൽ ലേലത്തിന് മുന്നോടിയായുള്ള താരങ്ങളുടെ റിലീസും ട്രേഡിങ് വിൻഡോയും നടന്നുകൊണ്ടിരിക്കെ ശ്രീയുടെ ഐപിഎൽ തിരിച്ചുവരവും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഐപിഎല്ലിൽ തിരിച്ചെത്തുകയാണെങ്കിൽ പ്രധാനമായും മൂന്നു ടീമുകളാണ് ശ്രീശാന്തിനെ സ്വന്തമാക്കാൻ സാധ്യത.

1. കിങ്സ് ഇലവൻ പഞ്ചാബ്

പുതിയ സീസണ് മുന്നോടിയായി വമ്പൻ താരങ്ങളെ ഉപേക്ഷിച്ച ടീമാണ് കിങ്സ് ഇലവൻ പഞ്ചാബ്. ഷെൽഡൻ കോട്രെൽ, ജിമ്മി നീഷം ഉൾപ്പെടെയുള്ളവരെ പഞ്ചാബ് പുറത്താക്കിയ സ്ഥിതിക്ക് ഒരു മികച്ച പേസ് ബോളറെ ടീമിലെത്തിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്. മികച്ച ഡെത്ത് ബോളർമാരുടെ അഭാവമാണ് പഞ്ചാബിനെ മിക്ക മത്സരങ്ങളിലും തോൽവിയറിയിച്ചത്. ഐപിഎല്ലിന്റെ ആദ്യ സീസണുകൾ പ‍ഞ്ചാബ് ജഴ്സി അണിഞ്ഞിട്ടുള്ള താരമാണ് ശ്രീശാന്ത്. അതുകൊണ്ടുതന്നെ ശ്രീശാന്തിനെ ടീമിലെത്തിക്കുന്നത് പഞ്ചാബ് ബോളിങ് നിരയെ കൂടുതൽ ശക്തമാക്കും.

sreesanth-practice
ശ്രീശാന്ത്

2. രാജസ്ഥാൻ റോയൽസ്

ജോഫ്ര ആർച്ചർ നയിക്കുന്ന ബോളിങ് നിരയുള്ള രാജസ്ഥാൻ റോയൽസിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് തള്ളിക്കളയാനാകില്ല. റോയൽസ് താരമായിരിക്കെയാണ് 2013ൽ ഒത്തുകളി വിവാദത്തിൽപ്പെട്ടതിനാൽ രാജസ്ഥാനിലൂടെ മടങ്ങിയെത്താനായാൽ അതു ശ്രീയുടെ മധുരപ്രതികാരമായിരിക്കും. ലേലത്തിന് മുന്നോടിയായി വരുൺ ആരോണിനെ റിലീസ് ചെയ്ത രാജസ്ഥാനിൽ ഒരു പേസറുടെ ഒഴിവുണ്ട്. മലയാളിയായ സഞ്ജു സാംസൺ ക്യാപ്റ്റനായതിനാൽ അതും തുണച്ചേക്കും.

3. ചെന്നൈ സൂപ്പർ കിങ്സ്

മൂന്നു തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈയുടെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. പരിചയസമ്പരായ ബാറ്റ്സ്മാന്മാരെ കൊണ്ടു സമ്പനമായ ചെന്നൈനിരയിൽ പരിചയസമ്പനനായ ഒരു ബോളറുടെ അഭാവം ഇപ്പോഴുമുണ്ട്. ക്യാപ്റ്റൻ ധോണിക്കു കീഴിൽ 2011ലെ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ശ്രീശാന്തിനെ മഞ്ഞ കുപ്പായം അണിയാൻ ‘തല’ ക്ഷണിക്കുമോ എന്നറിയാൻ കാത്തിരിക്കണം.

English Summary: IPL 2021: 3 teams that can pick S Sreesanth in the auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com