ADVERTISEMENT

ഈ നിമിഷം നിങ്ങൾക്ക് ആഘോഷിക്കാനുള്ളതാണ്. ജീവിതത്തിൽ വളരെ വിരളമായി മാത്രമേ ഇത്തരം സന്തോഷങ്ങൾ നിങ്ങൾക്കു വീണുകിട്ടൂ. ക്രിക്കറ്റ് ലോകം ഇന്ന് നിങ്ങളെ സല്യൂട്ട് ചെയ്യുന്ന ദിവസമാണ്. 36 റൺസിന് ഓൾഔട്ട് ആവുക, പരുക്കുകൾ കാരണം മുൻനിര താരങ്ങളെ നഷ്ടപ്പെടുക, ഇതെല്ലാം അതിജീവിച്ച് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുക. ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ ആഘോഷിക്കാനാണ്– ഗാബ വിജയത്തിനുശേഷം രവി ശാസ്ത്രി ഡ്രസിങ് റൂമിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്. 

ഇന്ത്യൻ ആരാധകർ എന്നും വെറുപ്പോടെ ഓർക്കുന്ന പരിശീലകൻ ഗ്രഗ് ചാപ്പലോ നെഞ്ചോടുചേർത്ത് ആരാധിക്കുന്ന ഗാരി കിർസ്റ്റനോ അല്ല രവി ശാസ്ത്രി. അലസമായ സമീപനവും കുടവയറിൽ ഊന്നിയുള്ള നിൽപും ഉറക്കം തൂങ്ങി കണ്ണുകളുമായി ടീം ഇന്ത്യയുടെ പരിശീലനവേളയിൽ ഇടയ്ക്കൊന്നു പ്രത്യക്ഷപ്പെടുന്ന കോച്ച് സാർ. കളിച്ചിരുന്ന കാലത്ത് വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ടീമിനെ താങ്ങിനിർത്തിയ, കമന്ററി ബോക്സിലെ സൂപ്പർ സ്റ്റാർ ആയിരുന്ന, ഇന്നിപ്പോൾ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് വിജയത്തിൽ ‘പിന്നിൽ നിന്നു നയിച്ച’ ശാസ്ത്രി.

36 റൺസിൽ ഓൾഔട്ടായ, ക്യാപ്റ്റനും ടീം ബാറ്റിങ്ങിന്റെ നെടുംതൂണുമായ വിരാട് കോലി പാതിവഴിയിൽ മടങ്ങിയ, ഒരുകൂട്ടം യുവതാരങ്ങളും 5 മത്സരം പോലും പരിചയസമ്പത്തില്ലാത്ത ക്യാപ്റ്റനുമുള്ള ഒരു ടീമിനെ ഓസ്ട്രേലിയയിൽ വെന്നിക്കൊടി പാറിക്കാൻ തക്ക രീതിയിൽ ഒരുക്കിയിട്ടുണ്ടെങ്കിൽ, ശാസ്ത്രി നമ്മൾ ഉദ്ദേശിച്ച ആളല്ല! 

∙ ടീം മാൻ

കളിക്കാരോട് ആവശ്യത്തിൽ അധികം വിധേയത്വം കാട്ടുന്നു എന്ന വിമർശനം തുടക്കം മുതൽ ശാസ്ത്രി നേരിട്ടതാണ്. 2016ൽ അനിൽ കുംബ്ലെ പരിശീലക പദവിയിൽ നിന്നു പുറത്തായപ്പോൾ അതിനുള്ള പ്രധാന കാരണമായി പലരും പറഞ്ഞത് ടീമിലെ സീനിയർ താരങ്ങളുമായി സഹകരിക്കാനും അവരുടെ ചൊൽപടിക്കു നിൽക്കാനും അദ്ദേഹത്തെ കിട്ടില്ല എന്നായിരുന്നു. കുംബ്ലൈക്കു പകരം പരിശീലകനായി എത്തിയ ശാസ്ത്രി തുടക്കം മുതൽ നേരിട്ടിരുന്ന വിമർശനവും ഇതുതന്നെ.

ക്യാപ്റ്റൻ വിരാട് കോലി, മുൻ ക്യാപ്റ്റൻ എംഎസ് ധോണി എന്നിവർ ചരടുവലിക്കുന്നതനുസരിച്ച് ആടുന്ന പാവയാണ് ശാസ്ത്രിയെന്നുപോലും വിമർശനം ഉയർന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാനോ തിരുത്താനോ ശാസ്ത്രി ശ്രമിച്ചില്ല. തന്നെ ഏൽപിച്ച് ദൗത്യം ഭംഗിയാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

ഗാബ വിജയത്തിനുശേഷം നടത്തിയ ഡ്രസിങ് റൂം പ്രസംഗത്തിൽ ടീമിലെ എല്ലാ താരങ്ങളെയും സഹപരിശീകരെയും ടീമുമായി ബന്ധപ്പെട്ട എല്ലാ സ്റ്റാഫ് അംഗങ്ങളെയും അഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല. ‘ എല്ലാവരെയും കേൾക്കുന്ന, എല്ലാവർക്കും അവരവരുടേതായ സ്പേസ് നൽകുന്ന, എന്തും തുറന്നു സംസാരിക്കാവുന്ന പരിശീലകനാണ് ശാസ്ത്രി’– സഹ പരിശീലകരിലൊരാളായ ഭരത് അരുൺ പറയുന്നു. ഈ ടീം മാൻ ക്വാളിറ്റി തന്നെയാണ് ശാസ്ത്രിയെ വ്യത്യസ്തനാക്കുന്നതും. 

∙ നാച്വറൽ ഗെയിം

കളിക്കാരുടെ സ്വാഭാവിക കളിരീതിയെ പ്രോൽസാഹിപ്പിക്കുന്ന പരിശീലകനാണ് ശാസ്ത്രി. ഓരോ താരത്തിന്റെയും വീക്ക് പോയിന്റുകൾ കണ്ടെത്തി തിരുത്താതെ, സ്ട്രോങ് പോയിന്റുകളിൽ കൂടുതൽ മികവ് ഉണ്ടാക്കിയെടുക്കാനാണ് ശാസ്ത്രി പൊതുവേ ശ്രമിക്കാറ്. വീക്ക് പോയിന്റുകൾ ശ്രദ്ധിച്ചാൽ ചിലപ്പോൾ അവരുടെ ശക്തി എന്താണെന്നുതന്നെ അവർ മറന്നുപോയേക്കാം എന്നാണ് ശാസ്ത്രിയുടെ പോളിസി. ഇതിനുള്ള പ്രധാന ഉദാഹരമാണ് ഋഷഭ് പന്തിന്റെ ബാറ്റിങ്. അറ്റാക്കിങ് പ്ലയറായ പന്തിനോട് ഒരിക്കലും പ്രതിരോധത്തിൽ ഊന്നിക്കളിക്കാൻ ശാസ്ത്രി ആവശ്യപ്പെട്ടിട്ടില്ല. ഒരു ഷോട്ട് കളിച്ചശേഷം ശരീരത്തിന്റെ ബാലൻസ് തെറ്റി പിച്ചിൽ വീഴുന്നത് പന്തിന്റെ പതിവാണ്. ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനം തന്റെ ശരീരത്തിനുമേലുള്ള നിയന്ത്രണമാണെന്നിരിക്കെ, പന്തിന്റെ ഈ പ്രശ്നം പലതവണ വിമർശനങ്ങൾക്കു വഴിവച്ചതാണ്.

എന്നാൽ പന്തിന്റെ സ്വാഭാവിക ശൈലി അതാണെന്നും അതിൽ മാറ്റം വരുത്താൻ ശ്രമിച്ചാൽ പന്ത്. പന്തെല്ലാതാകുമെന്നും ശാസ്ത്രി വിശ്വസിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോഴും തന്റെ നാച്വറൽ ഗെയിം കളിക്കാനാണ് ശാസ്ത്രി ആവശ്യപ്പെട്ടിരുന്നത്. 

∙ മാമനും മോനും

ഋഷഭ് പന്ത്– രവി ശാസ്ത്രി ബന്ധത്തെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതും കളിയാക്കിയതും ശാസ്ത്രി മാമനും പന്ത് മോനും എന്നു വിളിച്ചായിരുന്നു. തുടരെ പരാജയങ്ങൾ നേരിട്ട പന്തിനെ വീണ്ടും ടീമിൽ ഇടം നൽകിയതുമായി ബന്ധപ്പെട്ട് ശാസ്ത്രി പലപ്പോഴും വിമർ‌ശനങ്ങളും പരിഹാസങ്ങളും നേരിട്ടു. എന്നാൽ അവരോടെല്ലാം ശാസ്ത്രി ഒന്നു മാത്രമേ പറഞ്ഞുള്ളൂ– ‘ ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിവുള്ള താരമാണ് അവൻ. അതു നിങ്ങൾ വഴിയേ മനസ്സിലാക്കും’. ഗാബയിൽ വിജയക്കൊടി പാറിക്കാൻ മുന്നിൽ നിന്നു നയിച്ച പന്ത്, തന്റെ ആശാൻ തന്നിലർപ്പിച്ച വിശ്വാസം കാത്തു.

നേഥൻ ലയണിനെ സ്റ്റപ് ഔട്ട് ചെയ്ത് അടിക്കാനുള്ള ശ്രമം പാളിയപ്പോൾ പതറിപ്പോയ പന്തിനെത്തേടി ഡ്രസിങ് റൂമിൽ നിന്നു ശാസ്ത്രിയുടെ സന്ദേശമെത്തി. ‘ ലയണിന്റെ ഫീൽഡ് ശ്രദ്ധിക്കൂ. ലോങ് ഓണും ലോങ് ഓഫും ബൗണ്ടറി ലൈനിലാണ്. ആദ്യം സിംഗിൾ‌സും ഡബിൾസും എടുക്കൂ. ഫീൽഡ് മുന്നോട്ടു കയറിയാൽ നിന്റെ നാച്വറൽ ഗെയിം’. ആശാന്റെ വാക്യം ശിരസാവഹിച്ച പന്ത് പിന്നീടങ്ങോട്ട് ലയണിനെ നേരിട്ടതും ഇപ്രകാരമായിരുന്നു. 

∙ ലഫ്റ്റ് ഹാൻഡ് ലൗ

ടീമിൽ പരമാവധി ഇടംകയ്യൻ ബാറ്റ്സ്മൻമാരെ ഉൾപ്പെടുത്താൻ ശാസ്ത്രി എന്നും ആഗ്രഹിച്ചിരുന്നതായി സഹപരിശീലകർ പറയുന്നു. ജഡേജയേയും പന്തിനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള തീരുമാനം അങ്ങനെയുണ്ടായതാണ്. ഇടംകയ്യൻ ബാറ്റ്സ്മൻമാരുടെ സ്വാഭാവിക ബാറ്റിങ് ശൈലി ഏതു വിക്കറ്റിലും റൺ നേടാൻ അവരെ സഹായിക്കുമെന്നാണ് ശാസ്ത്രിയുടെ പക്ഷം. സാഹയ്ക്കു പകരം പന്തിനെ ഉൾപ്പെടുത്താനുള്ള കാരണങ്ങളിൽ പ്രധാനവും ഇതുതന്നെ.

English Summary: Ravi Shastri's support to Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com