ADVERTISEMENT

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്ക മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ കർഷക സമരവുമായി ബന്ധപ്പെട്ടു പങ്കുവച്ച ട്വീറ്റാണ് ഹാക്കർമാർ റോഡ്സിന്റെ ട്വിറ്ററിൽ കയറ്റിവിട്ടത്. ഇക്കാര്യം ജോണ്ടി റോഡ്സ് തന്നെ സ്ഥിരീകരിച്ചു. എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇതിനു മുൻപ് ഇങ്ങനെയുണ്ടായിട്ടില്ല– റോഡ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സച്ചിന്റെ ട്വീറ്റിനെച്ചൊല്ലി ഇന്ത്യയിൽ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ജോണ്ടി റോഡ്സിന്റെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ഇതു സംബന്ധിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലും കൂടുതലും പ്രതികരണങ്ങൾ നടത്തുന്നത് ഇന്ത്യക്കാരുടെ അക്കൗണ്ടുകളിൽനിന്നാണ്. പുറത്തുനിന്നുള്ളവർ ഇന്ത്യയിലെ വിഷയത്തില്‍ ഇടപെടേണ്ടെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. രാജ്യത്തിന്റെ പരമാധികാരത്തിൽ‌ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി.

ഇന്ത്യയുടെ പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം– സച്ചിൻ ട്വിറ്ററിൽ കുറിച്ചു. പോപ് താരം റിയാന കർഷക സമരത്തിന് പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് സച്ചിന്‍ തെൻഡുൽക്കർ നിലപാട് വ്യക്തമാക്കിയത്. സച്ചിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഭൂരിഭാഗം പേരും ‘ഇന്ത്യ ടുഗെദർ’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിലെത്തി.

സച്ചിന്റെ വാക്കുകളെ വിമർശിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരുന്നു. കർഷകർക്ക് ജലവും ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായപ്പോൾ ഈ വമ്പൻ സെലിബ്രിറ്റികൾ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോൾ അവർ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ.’’– പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചതിങ്ങനെ. സച്ചിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ആരാധകരുടെ പ്രതിഷേധം ശക്തമാണ്.

English Summary: Jonty Rhodes’ Twitter account hacked, hackers post Sachin Tendulkar’s tweet on his account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com