ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് വേദി നഷ്ടമായേക്കും. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം പരിപാലനത്തിൽനിന്ന് കെസിഎ പിൻമാറി. ക്രിക്കറ്റ് ഇതരപരിപാടികൾ നടത്തുന്നതു മൈതാനം നശിപ്പിക്കുകയാണെന്ന വിലയിരുത്തലിലാണു തീരുമാനം. ഇതോടെ കാര്യവട്ടത്തു നടത്താനിരുന്ന വനിതാ ക്രിക്കറ്റ് പരമ്പരയും റദ്ദാക്കാൻ സാധ്യതയേറി.

2016 മുതൽ കാര്യവട്ടം ഗ്രൗണ്ട് കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ് പരിപാലിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന ഭാരവാഹിയോഗമാണ്‌ ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.  വർഷം 75 ലക്ഷത്തോളം രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ കാര്യവട്ടം സ്പോർട്സ് ഹബ്  പുൽമൈതാനം പരിപാലിച്ചു  വന്നിരുന്നത്.  രാജ്യാന്തര മത്സരങ്ങളും, രഞ്ജി ട്രോഫി പോലെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ്സ്‌ മൽസരങ്ങളും, ആഭ്യന്തര മത്സരങ്ങളും നടത്താൻ വേണ്ടിയാണ് കാര്യവട്ടം ഗ്രൗണ്ട് കെസിഎ പരിപാലിക്കുന്നത്.

സ്റ്റേജ് ഷോ മുതലായ ക്രിക്കറ്റ് ഇതര പരിപാടികൾ നടക്കുന്നതിനാൽ ഗ്രൗണ്ടിന് നാശനഷ്ടങ്ങൾ ഉണ്ടാവുന്നതും കേരള ക്രിക്കറ്റ് അസോസിയേഷന് പരിഹരിക്കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കോവിഡ് കാരണം ക്രിക്കറ്റ്‌ മത്സരങ്ങള്‍ കാര്യവട്ടം ഗ്രൗണ്ടിൽ നടന്നിരുന്നില്ല. എന്നാൽ കോവിഡ് സമയത്തും ലോകകപ്പ്‌ മുന്നിൽകണ്ട് പരിപാലനം തുടർന്നിരുന്നു.

അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി

അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന ബന്ധപ്പെട്ട നടത്തിപ്പ് ഏജന്‍സിയുടെ നിലപാട് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.  കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്പോര്‍ട്സ് ഹബുകളില്‍ ഒന്നാണ്. കേരളത്തിലേക്ക് രാജ്യാന്തര മത്സരങ്ങള്‍ കൂടുതലായി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങള്‍ പോലും തിരസ്കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ല.

ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കു വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനല്‍കിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ സാധിക്കാത്തത് എന്നാണ് സ്റ്റേഡിയം നടത്തിപ്പ് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു തീരുമാനം എന്ത് അടിസ്ഥാനത്തില്‍ എടുത്തു എന്ന് മനസിലാകുന്നില്ല. ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകള്‍ പരിപാലിക്കുന്നത്. റിക്രൂട്ട്മെന്റ് റാലി പോലെയുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ക്ക് പ്രാധാന്യമുള്ള പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. 

പാങ്ങോട് മിലിറ്ററി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്മെന്റ് റാലികള്‍ നടക്കാറുള്ളത്. അവിടെയോ അല്ലെങ്കില്‍ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തയാറാക്കണം. ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരം നമ്മുടെ നിഷേധാത്മ സമീപനത്താല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഭാവിയില്‍ കാര്യവട്ടത്തെ പരിഗണിക്കാനിടയുള്ള ഐപിഎല്‍, രാജ്യാന്തര മത്സരങ്ങള്‍ കൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും.ട്വന്റി20 ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാല്‍ ലോകകപ്പ് മത്സരത്തിനു ആതിഥേയത്വം വഹിക്കുവാനുള്ള അവസരം കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.   

മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് മനസിലാക്കുന്നത് . ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും സംസാരിക്കുകയുണ്ടായി. അബദ്ധജഡിലമായ ഈ തീരുമാനം തിരുത്തുവാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ തയാറാണെന്ന് ബിസിസിഐയെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

English Summary: T20 World Cup; Kerala lose chance to host WC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com