ADVERTISEMENT

ന്യൂഡൽഹി∙ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലെ മോശം ഫോമിനെ തുടർന്ന് കുറച്ചുകാലമായി പുറത്തുനിൽക്കുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് പന്ത് തിരിച്ചെത്തുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ട്വന്റി20 ലോകകപ്പ് മുൻനിർത്തി സിലക്ടർമാർ ഏറെ താൽപര്യത്തോടെ ടീമിലെടുത്ത മലയാളി താരം സഞ്ജു സാംസണിന് ടീമിൽ തുടരാൻ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പന്തിന്റെ വരവോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യചിഹ്നമാകുമെന്നാണ് റിപ്പോർട്ടിലെ അനുമാനം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർമാർ ഉടൻ യോഗം ചേരുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനേയും ഇതേ യോഗത്തിൽ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഋഷഭ് പന്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന അഭ്യൂഹത്തിനു പിന്നിൽ.

ഈ വർഷം നടക്കേണ്ട ട്വന്റി20 ലോകകപ്പ് മുൻനിർത്തി പ്രധാന ടീമിനൊപ്പം പരിശീലിക്കുന്നതിന് ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി20 സ്പെഷലിസ്റ്റുകളെ അണിനിരത്തി ഒരു ‘എ ടീം പൂൾ’ സൃഷ്ടിക്കുന്ന കാര്യവും സിലക്ടർമാർ പരിഗണിക്കുന്നതായി റിപ്പോർട്ടിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എ ടീമിന് മുൻപത്തേതുപോലെ വിദേശ പര്യടനങ്ങളോ മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ ടീമിനൊപ്പവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലുമായി പരിശീലിക്കുന്നതിന് ട്വന്റി20 താരങ്ങളുടെ പ്രത്യേക പൂൾ ഒരുക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും മികവു തെളിയിച്ച സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഇഷാൻ കിഷൻ, സിദ്ധാർഥ് കൗൾ തുടങ്ങിയ താരങ്ങൾ ഈ പൂളിന്റെ ഭാഗമായിരിക്കും. ഇന്ത്യൻ ട്വന്റി20 ടീമിലെ സ്റ്റാന്റ്ബൈ താരങ്ങളായിരിക്കും ഇവരെന്ന് ബിസിസിഐ ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുണ്ട്. ഡൽഹി ക്യാപ്റ്റനായ നിതീഷ് റാണയെ ഇത്തവണ വിജയ ഹസാരെ ട്രോഫിക്കുള്ള ടീമിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയത് ഇതു മുൻനിർത്തിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

∙ ഷമി, സെയ്നി തിരിച്ചെത്തും

അതിനിടെ, ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിലേക്ക് പേസ് ബോളർമാരായ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവർ തിരിച്ചെത്തും. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ ഇരുവരും പര്യടനം പൂർത്തിയാക്കും മുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ചികിത്സയ്‌ക്കൊടുവിൽ പൂർണ ആരോഗ്യം വീണ്ടെടുത്താണ് ഇരുവരും തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഉടൻ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കരുതെന്ന് ഇവർക്ക് നിർദ്ദേശം നൽകിയത് തിരിച്ചുവരവിന്റെ സൂചനയാണ്. അതേസമയം, ഇതേ പരമ്പരയിൽ പരുക്കേറ്റ ഉമേഷ് യാദവും പരുക്കു ഭേദമായി ബോളിങ് പുനാരംഭിച്ചെങ്കിലും തിരിച്ചുവരവ് വൈകുമെന്നാണ് സൂചന. 

English Summary: Mohammed Shami, Navdeep Saini likely to join team for 3rd Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com