ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ അണ്ടർ 17 ക്രിക്കറ്റ് ടീമിന്റെ ഓപ്പണറായി മുൻപു കളിച്ചിട്ടുണ്ട് രവിചന്ദ്രൻ അശ്വിൻ. എന്നാൽ, ഫോം കണ്ടെത്താൻ വിഷമിച്ച അശ്വിനു പകരം മറ്റൊരു ഓപ്പണറെ ടീം മാനേജ്മെന്റ് അന്നു കണ്ടെത്തി. മറ്റാരുമല്ല, സാക്ഷാൽ രോഹിത് ശർമ! അശ്വിനു പക്ഷേ, അതിൽ സങ്കടമൊന്നുമുണ്ടായില്ല. അശ്വിൻ സ്വന്തം മേഖലയിലേക്കു തന്നെ മടങ്ങി– സ്പിൻ ബോളിങ്. ഇടയ്ക്കു ടീം പ്രതിസന്ധിയിലായപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് ബാറ്റുമായി രക്ഷാപ്രവർത്തനങ്ങൾ നടത്തി. സെഞ്ചുറികൾ നേടി.

ബോളിങ് മികവ്, ബാറ്റിങ്ങിനും ഏറെ മേലെ നിന്നതു കൊണ്ടാകാം ഒരു ഓൾറൗണ്ടർ എന്ന വിശേഷണം പലപ്പോഴും അശ്വിന്റെ മേൽ ചാർത്തപ്പെട്ടില്ല. പക്ഷേ, ചെന്നൈ ടെസ്റ്റിലെ അശ്വിന്റെ പ്രകടനം ഏതൊരു മികച്ച ഓൾറൗണ്ടറുടെയും അളവു കോലാണ്: ആകെ 8 വിക്കറ്റ്, സെഞ്ചുറി! അർഹിച്ച മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും അശ്വിനെ തേടിയെത്തി.

ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ 2 ഇന്നിങ്സുകളിലുമായി 137 പന്ത് നേരിട്ടിരുന്നു അശ്വിൻ. പക്ഷേ, അർധ സെഞ്ചുറി പോലും നേടാനായില്ല. ഇത്തവണ 2–ാം ഇന്നിങ്സിൽ കോലിയെ കൂട്ടുപിടിച്ച് അർധസെഞ്ചുറി കടന്നെങ്കിലും കോലി പുറത്തായതോടെ അശ്വിന്റെ സെഞ്ചുറിയും ആശങ്കയിലായിരുന്നു. എന്നാൽ, മുഹമ്മദ് സിറാജിനെ കൃത്യമായി മാർഗനിർദേശം നൽകി കൂട്ടുനിർത്തിയ അശ്വിൻ ഒടുവിൽ ആഗ്രഹിച്ച 5–ാം സെഞ്ചുറിയും നേടി.

അശ്വിൻ അത്യാഹ്ലാദത്തിലായപ്പോൾ സിറാജിനും സന്തോഷമടക്കാനായില്ല. ബാറ്റിങ് പാർട്ണറോടുള്ള ഇഷ്ടം മാത്രമായിരുന്നില്ല അത്. അശ്വിൻ എന്ന വ്യക്തിയോടുള്ളതു കൂടിയായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ, സിറാജിന്റെ പിതാവ് ജീവിതത്തോടു വിടപറഞ്ഞ വാർത്ത ഇന്ത്യൻ ക്യാംപിലെത്തിയതു മുതൽ പര്യടനം തീരുന്നതു വരെ സിറാജിനെ ഏറ്റവും ചേർത്തു പിടിച്ചയാളായിരുന്നു അശ്വിൻ.

ഇംഗ്ലണ്ടിന്റെ 2–ാം ഇന്നിങ്സിൽ റോറി ബേൺസ്, ഡാൻ ലോറൻസ്, ബെൻ സ്റ്റോക്സ് എന്നിവരെ വീഴ്ത്തി ഇന്ത്യൻ വിജയം അനായാസമാക്കുകയും ചെയ്തു ഈ ചെന്നൈക്കാരൻ.

സ്പിന്നിന് അനുകൂലമായ പിച്ചിനെക്കാൾ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരുടെ മനസ്സിലെആശയക്കുഴപ്പമാണ് ഇന്ത്യയ്ക്കു മേധാവിത്തം നൽകിയത്.ആർ. അശ്വിൻ

Content Highlights: India vs England: Rohit Sharma and Ashwin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com