ADVERTISEMENT

ചെന്നൈ∙ ഇംഗ്ലിഷ് താരങ്ങളുടെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തുന്നവരെ പരോക്ഷമായി വിമർശിച്ചും പരിഹസിച്ചും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ രവിചന്ദ്രൻ അശ്വിൻ. വിദേശപര്യടനങ്ങളിൽ കളിക്കുന്ന പിച്ചിനെക്കുറിച്ച് ഇന്ത്യക്കാർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എങ്കിലും ഇന്ത്യൻ ടീമോ ഇന്ത്യയുടെ മുൻ താരങ്ങളോ പിച്ചിനെക്കുറിച്ച് വലിയ കുറ്റങ്ങൾ പറഞ്ഞുപരത്തുന്ന പതിവില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. അതേസമയം, എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

നാലാം ദിനം രണ്ടാം സെഷനിൽ അവസാനിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 317 റൺസിന് തകർത്തിരുന്നു. ഒന്നാം ടെസ്റ്റിൽ ഇതേ വേദിയിൽ വഴങ്ങിയ 227 റൺസിന്റെ കൂറ്റൻ തോൽവിക്ക് പ്രതികാരം ചെയ്താണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തിനു പിന്നാലെ സ്പിന്നർമാരെ അതിരറ്റ് തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചിനെ കുറ്റപ്പെടുത്തി മുൻ താരങ്ങളിൽ ചിലർ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോൺ, ഓസ്ട്രേലിയയുടെ മുൻ താരം മാർക്ക് വോ തുടങ്ങിയവരാണ് ചെപ്പോക്കിലെ പിച്ചിനെ വിമർശിച്ചത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്തായതിനു പിന്നാലെ, പിച്ചിനെ ‘ബീച്ച്’ എന്ന് വിശേഷിപ്പിച്ചും ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.

അതേസമയം, ഇംഗ്ലണ്ട് 134 റൺസിന് ഓൾഔട്ടായ ഇതേ പിച്ചിൽ അതിനുശേഷം രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടി രവിചന്ദ്രൻ അശ്വിൻ വിമർശകരുടെ വായടപ്പിച്ചിരുന്നു. ഒരുവേള അഞ്ചിന് 86 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, വിരാട് കോലിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് അശ്വിൻ രക്ഷപ്പെടുത്തിയത്. കോലി പുറത്തായെങ്കിലും ടെസ്റ്റിലെ അഞ്ചാം സെഞ്ചുറി കണ്ടെത്തുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസ് നേടിയെങ്കിലും, ഇംഗ്ലണ്ട് 164 റൺസിന് പുറത്തായിരുന്നു.

‘ആളുകൾ അവരുടെ അഭിപ്രായം തുറന്നുപറയുന്നതിൽ യാതൊരു പ്രശ്നവുമില്ല. നമ്മൾ വിദേശത്ത് പര്യടനം നടത്തുമ്പോൾ പിച്ചിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയാറുണ്ട്. പക്ഷേ, പിച്ചിനെ കുറ്റപ്പെടുത്തുകയോ പഴിക്കുകയോ ചെയ്യാറില്ലെന്ന് മാത്രം. പക്ഷേ നമ്മുടെ പരിശീലകൻ രവി ശാസ്ത്രിയോ മുൻ താരം കൂടിയായ സുനിൽ ഗാവസ്കറോ ഒന്നും വിദേശ പിച്ചുകളിൽ പുല്ലു കൂടുതലാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് നാം കേട്ടിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുമില്ല’ – അശ്വിൻ ചൂണ്ടിക്കാട്ടി.

‘ഇത് മനോഭാവത്തിന്റെ പ്രശ്നമാണെന്നാണ് എന്റെ അഭിപ്രായം. ആളുകൾക്ക് അവരുടേതായ നിലപാടുകളും അഭിപ്രായങ്ങളും കാണും. അവയെ അവയുടെ വഴിക്കു വിടാൻ നമുക്കു കഴിയണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’ – അശ്വിൻ പറഞ്ഞു.

‘ഇതൊന്നും കണ്ട് നമ്മൾ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. ആളുകൾ അവരുടെ അഭിപ്രായം പറയട്ടെ. അവർക്കതിന് അവകാശമുണ്ടല്ലോ. അതിനെ ഗൗനിക്കേണ്ട കാര്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഇത്തരം ആരോപണങ്ങളെ നേരിടുന്ന കാര്യത്തിൽ നമ്മൾ കുറച്ചുകൂടി പക്വത കാട്ടണം. നമ്മുടെ പ്രകടനത്തിൽ നമുക്ക് അഭിമാനം ഉണ്ടാകണം. ടെസ്റ്റിലൊക്കെ എത്ര നേരം കളിച്ചിട്ടാണ് നമ്മൾ ഒരു വിജയം നേടുന്നത്’ – അശ്വിൻ പറഞ്ഞു.

English Summary: India don't complain or crib about pitch conditions overseas, never seen our legends doing it: R Ashwin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com