ADVERTISEMENT

ചെന്നൈ∙ ശരീരംകൊണ്ടു പോലും പ്രതിരോധിച്ച് ഓസ്ട്രേലിയൻ മണ്ണിൽ ആതിഥേയരുടെ പേസ് ആക്രമണത്തിന്റെ മുനയൊടിച്ച ‘ടെസ്റ്റു’കൾക്കൊടുവിൽ, ചേതേശ്വർ പൂജാര വീണ്ടും ഐപിഎലിലേക്ക്. ആറു വർഷം പിന്നിട്ട ഇടവേളയ്ക്കുശേഷം ഇത്തവണ പൂജാര വീണ്ടും ഐപിഎലിന്റെ ഭാഗമാകും. 2014ൽ അവസാനമായി ഐപിഎലിൽ കളിച്ച പൂജാരയെ, ഇത്തവണ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ ചെന്നൈ ടീമിലെത്തിച്ചത്.

താരലേലത്തിൽ ഒരു ടീം വാങ്ങിയ താരത്തിനായി മറ്റു ടീമുകളുടെ പ്രതിനിധികളെല്ലാം ഒത്തൊരുമിച്ച് കയ്യടിക്കുന്ന അപൂർവതയ്ക്കും വേദി സാക്ഷിയായി. പൂജാര ചെന്നൈ സൂപ്പർ കിങ്സിലേക്കെന്ന് ഉറപ്പിച്ചതിനു പിന്നാലെയാണ് മറ്റു ടീമുകളുടെ പ്രതിനിധികളെല്ലാം ചേർന്ന് കൂട്ടത്തോടെ കയ്യടിച്ച് അഭിവാദ്യമർപ്പിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഐപിഎലിൽ ഇതുവരെ 30 മത്സരങ്ങൾ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് പൂജാര ഇത്തവണ ചെന്നൈയോടൊപ്പം ചേരുന്നത്. ഇതുവരെ 99.47 സ്ട്രൈക്ക് റേറ്റിൽ 390 റൺസാണ് ഐപിഎലിൽ പൂജാരയുടെ സമ്പാദ്യം. ഇതിൽ ഒരു അർധസെഞ്ചുറിയുമുണ്ട്. കരിയറിലാകെ 64 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പൂജാര, 109.35 സ്ട്രൈക്ക് റേറ്റ് സഹിതം 1356 റൺസും നേടിയിട്ടുണ്ട്.

ഇപ്പോൾത്തന്നെ വയസ്സൻ പടയെന്ന് പേരുള്ള ചെന്നൈ സൂപ്പർ കിങ്സിലേക്കാണ് പൂജാരയുടെ വരവെന്നത് ശ്രദ്ധേയം. വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി നയിക്കുന്ന ടീം കഴിഞ്ഞ സീസണിൽ ആദ്യമായി പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

അതേസമയം, പൂജാരയുടെ കൗണ്ടി സാധ്യതകളെ ഐപിഎൽ കരാർ ബാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി പൂജാര കൗണ്ടി ടീമായ വാർവിക്‌ഷയറിനു കളിക്കാൻ പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെ, ഐപിഎലിൽ അവസരം ലഭിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് പൂജാര ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ‘ഐപിഎലിന്റെ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്. അവസരം കിട്ടിയാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്’ – പൂജാര പറഞ്ഞു.

English Summary: Cheteshwar Pujara Bought by Chennai Super Kings for Rs 50 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com