ADVERTISEMENT

ജനുവരിയിൽ ടീമിൽ നിന്നൊഴിവാക്കിയതിനു റോയൽ ചാലഞ്ചേഴ്സിനു നന്ദി പറയുന്നുണ്ടാകും ക്രിസ് മോറിസ്. 10 കോടി രൂപ അധികമെന്ന വിലയിരുത്തലിൽ കോലിയുടെ ടീമെടുത്ത ആ തീരുമാനമാണു ഐപിഎൽ ലേലചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന കിരീടം മോറിസിനു സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ നഷ്ടമാക്കിയതു മാത്രമല്ല, ചാലഞ്ചേഴ്സിന് ആ തീരുമാനത്തിലൂടെ 5 കോടി അധികം ചെലവാക്കേണ്ടിവന്നു.ഇതിനു കൈൽ ജാമിസണും നന്ദി പറയുന്നുണ്ടാകും. മോറിസിനു ചേർന്ന പകരക്കാരനെ തേടിയ ബെംഗളൂരുവിന്റെ അന്വേഷണമാണു 15 കോടിയെന്ന വൻതുകയ്ക്കു ഐപിഎലിലെത്താൻ ന്യൂസീലൻഡ് താരത്തിനു വഴിയൊരുക്കിയത്.

മിനി ലേലത്തിൽ പ്ലേയിങ് ഇലവന്റെ ‘ബാലൻസ്’ ലക്ഷ്യമിട്ടു ടീമുകൾ വന്നതോടെയാണ് ഓൾറൗണ്ടർമാർക്ക് പൊന്നുംവില കിട്ടിയത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒറ്റയ്ക്കു കളി തിരിക്കുന്ന മികവിന്റെ പിൻബലത്തിലാണു മോറിസിന്റെ ഒന്നാം സ്ഥാനം. പരുക്കിനെതുടർന്നു പോയ സീസണിൽ 9 മത്സരം മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ബോളിങ് ഓൾറൗണ്ടറുടെ പരിചയസമ്പത്തിനു ടീമുകൾ വില കൽപ്പിച്ചു. മണിക്കൂറിൽ 140 കിലോമീറ്ററിലേറെ വേഗം, ഇന്നിങ്സിന്റെ തുടക്കത്തിലും സ്ലോഗ് ഓവറുകളിലും ഒരേപോലെ മികവ്, ഫിനിഷിങ് റോളിൽ അതിവേഗം റൺസ് നേടാനുള്ള മിടുക്ക്... ത്രീ ഡയമൻഷ്യൽ എന്നു വിശേഷിപ്പിക്കാവുന്ന ഈ കോംബിനേഷന്റെ ബലത്തിലാണു 75 ലക്ഷത്തിൽ തുടങ്ങിയ ലേലം 16.25 കോടിയിലെത്തിയത്.

പരുക്കിന്റെ നിഴലിൽ കളിച്ച മുൻ ലീഗിൽ ഉജ്വലമെന്നു പറയുന്ന പ്രകടനം വന്നില്ലെങ്കിലും മോറിസിന്റെ ഇക്കണോമി റേറ്റ് (പവർ പ്ലേയിൽ 6.26, സ്ലോഗ് ഓവറുകളിൽ 7.03 !) ഏതു ടീമിനെയും ആകർഷിക്കുന്നതായിരുന്നു. ഇതുകണക്കിലെടുത്താണു മുംബൈയും ബാംഗ്ലൂരും പഞ്ചാബുമെല്ലാം ആവേശത്തോടെ വിളിച്ചത്. എന്നാൽ ജോഫ്ര ആർച്ചറിന്റെ പങ്കാളിയായി മോറിസ് വേണമെന്ന രാജസ്ഥാന്റെ ‘സ്ട്രാറ്റജിക് പ്ലാനിനു’ മുന്നിൽ അതെല്ലാം പാഴായി. ഫിറ്റ്നസിൽ സംശയിച്ചു ചാലഞ്ചേഴ്സ് കയ്യൊഴിഞ്ഞ മുപ്പത്തിമൂന്നുകാരനു വൈദ്യപരിശോധന കൂടി നടത്തിയായിരുന്നു റോയൽസിന്റെ വരവ്. റോയൽസിന്റെ പുതിയ ഡയറക്ടർ കുമാർ സംഗക്കാര മെന്ററായ അബുദാബി ടി10 ടീമിന്റെ ഭാഗമായിരുന്നതും മോറിസിന്റെ ജയ്പുർ തിരിച്ചുവരവിനു തുണയായി.

ടെസ്റ്റിൽ 6 മത്സരങ്ങളിൽ നിന്നു 4 തവണ 5 വിക്കറ്റ് നേട്ടം കുറിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണു ആറടി എട്ടിഞ്ച് ഉയരമുള്ള ജാമിസണെ ഐപിഎലിലെത്തിച്ചത്. ഇതുവരെ 38 മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ട്വന്റി 20 യിലെ മികച്ച പ്രകടനത്തിനുള്ള ന്യൂസീലൻഡ് റെക്കോർഡും കക്ഷിയുടെ പേരിലാണ് – വെറും 7 റൺസ് വഴങ്ങി 6 വിക്കറ്റ് ! ആറടി എട്ടിഞ്ച് ഉയരക്കാരന്റെ വേഗവും ബൗൺസറുകളും മാത്രമല്ല, ബാറ്റിങ് മിടുക്ക് കൂടി കണ്ടാണു ബാംഗ്ലൂർ ‘ജാമി’ക്കു 15 കോടി സമ്മാനിക്കുന്നത്. ട്വന്റി20 യിൽ 138.68 എന്ന സ്ട്രൈക്ക് റേറ്റോടെ 27.14 റൺസാണു ബാറ്റിങ് ശരാശരി.

Content Highlights: Chris Morris, IPL 2021, Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com